Connect with us

China

അതൊരു ബോംബല്ല

വാർത്താ ബോംബ് ഒട്ടും യാദൃച്ഛികമല്ല. അകത്തും പുറത്തുമുള്ളവരുടെ നീക്കങ്ങളാകാം അഭ്യൂഹങ്ങളുടെ രൂപത്തിൽ വന്നത്. അതിനാൽ ഷി ജിൻപിംഗ് നിരന്തരം നിരീക്ഷിക്കുന്നത് പാർട്ടി നേതാക്കളെ തന്നെയാകും.

Published

|

Last Updated

ചൈനീസ് വൻമതിലിന്റെ “വലിപ്പം’ പറയുന്നവരെല്ലാം വിശ്വസിക്കുകയും ആവർത്തിക്കുകയും ചെയ്തിരുന്ന ഒരു കാര്യമുണ്ട്: ചന്ദ്രനിൽ ചെന്നാൽ ഭൂമിയിൽ കാണാനാകുന്ന ഏക മനുഷ്യനിർമിതി ചൈനീസ് വൻ മതിലാണ്. 1969ൽ നീൽ ആംസ്‌ട്രോംഗ് ചന്ദ്രനിൽ ചെന്ന് തിരിച്ചെത്തിയപ്പോൾ പലരും ഈ ചോദ്യം ഉന്നയിച്ചു. സത്യമാണോ? വൻമതിൽ കണ്ടോ? ആംസ്‌ട്രോംഗിന്റെ മറുപടി നാസ തന്നെ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടു. ഇല്ല. അങ്ങനെയൊരു വസ്തുവിനെയും ചൈനയിൽ നിന്ന് തിരിച്ചറിയാനായില്ല. ആംസ്‌ട്രോംഗിന്റെ മറുപടി ചൈനീസ് വൻമതിലിന്റെ വലിപ്പം ഒട്ടും കുറച്ചിട്ടില്ലെങ്കിലും ചൈനീസ്‌ വിരുദ്ധർ ഈ മറുപടി വല്ലാതെ ആഘോഷിച്ചു. ചന്ദ്രനിൽ നിന്ന് മാത്രമല്ല ഭൂമിയിൽ നിന്നും ചൈനയിലുള്ളത് കാണാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊച്ചുവെളുപ്പാൻ കാലത്ത് പൊട്ടുകയും മണിക്കൂറുകൾക്കകം ചീറ്റിപ്പോകുകയും ചെയ്ത വാർത്താ ബോംബ്. സിൻജിയാംഗിലെ മുസ്‌ലിം ജീവിതമാകട്ടെ, അടുത്ത ഭരണാധികാരി ആരായിരിക്കുമെന്നതാകട്ടെ, തായ്‌വാനെതിരെയുള്ള നീക്കങ്ങളാകട്ടെ, കൊവിഡ് സ്ഥിതിയാകട്ടെ ചൈനക്കകത്ത് എന്ത് നടക്കുന്നുവെന്നതിന് ആരുടെ കൈയിലും ഒരു തെളിവുമില്ല. ഒന്നുകിൽ ചൈനക്കെതിരായ വിദ്വേഷ പ്രചാരണം. അല്ലെങ്കിൽ ചൈനീസ് അപദാനം. ഇവക്ക്് രണ്ടിനുമിടക്കുള്ള സത്യം മറഞ്ഞ് തന്നെ കിടക്കുന്നു. ഈ ദുരൂഹത ചൈനയുടെ മിടുക്കാണോ, വെടക്കാണോ?

പ്രസിഡന്റ് ഷി ജിൻപിംഗിനെ സൈനിക അട്ടിമറിയിലൂടെയോ രാഷ്ട്രീയ അട്ടിമറിയിലൂടെയോ പുറത്താക്കിയെന്ന അഭ്യൂഹമാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ വാർത്താ ബോംബായി പതിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളാരും അത് കാര്യമായെടുത്തില്ല. ഇന്ത്യയിലെ, പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ, പരദൂഷണം അപ്പടി വാർത്തയാക്കി; വിശകലനത്തിന് വിധേയമാക്കി. ചൈനയുടെ വിവിധ ഭാഗങ്ങളിൽ യാത്രാ വിമാനങ്ങൾ അസാധാരണമായ രീതിയിൽ റദ്ദാക്കിയെന്നതായിരുന്നു വാർത്തയുടെ നട്ടെല്ല്. ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെ ഷി മടങ്ങിയെന്നും അതിനുശേഷം പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെട്ടില്ലെന്നും അഭ്യൂഹത്തോട് ചൈന ഒരക്ഷരം പ്രതികരിക്കുന്നില്ലെന്നും തെളിവുകൾ നിരത്തി. പുതിയ ഭരണാധികാരിയുടെ ചിത്രം വരെ പുറത്തുവിട്ടു കളഞ്ഞു ചിലർ. ദിവസങ്ങൾ പിന്നിട്ടിട്ടും ചൈനയോ അന്താരാഷ്ട്ര ഏജൻസികളോ ഈ വാർത്തയോട് പ്രതികരിച്ചില്ല. 16ന് ബീജിംഗിൽ തുടങ്ങാനിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കോൺഗ്രസ്സിന്റെ ഭാഗമായുള്ള പ്രദർശനം ഷി ജിൻപിംഗ് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം ഗ്ലോബൽ ടൈംസ് പുറത്തുവിട്ടതിലൊതുങ്ങി ചൈനീസ് പ്രതികരണം. ഇത്രയും കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ചെന്നെത്താവുന്ന തീർപ്പിതാണ്. അത് ബോംബ് പോയിട്ട് ഓലപ്പടക്കം പോലുമായിരുന്നില്ല.

എന്നാൽ, സൈനിക അട്ടിമറി അഭ്യൂഹം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലം പ്രധാനമാണ്. സി പി സിയുടെ 20ാം കോൺഗ്രസ്സ് ഈ മാസം പകുതിയോടെ ബീജിംഗിൽ നടക്കാനിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ അധികാരം കൈപ്പിടിയിലുള്ള ഭരണത്തലവൻ ആരാണ് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമായി ഷി ജിൻപിംഗ് മാറിയിരിക്കുന്നു. ആ അധികാര പ്രയോഗത്തിന് ദീർഘകാല, ഒരു പക്ഷേ ആജീവനാന്തം, പ്രാബല്യം കൈവരാനിരിക്കുന്നു. യു എസ് ചേരിയെ ഏത് നിലക്കും വെല്ലുവിളിക്കാവുന്ന കെട്ടുറപ്പുള്ള രാഷ്ട്രീയ, സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞുവെന്ന കാഹളമാണ് പാർട്ടി കോൺഗ്രസ്സിൽ മുഴങ്ങാനിരിക്കുന്നത്. ഏതാനും ദശകങ്ങളായി ചൈന സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സവിശേഷ സോഷ്യലിസത്തിന്റെ കൂടുതൽ പ്രായോഗികമായ തലം അനാവരണം ചെയ്യുന്നതിനും ഈ കോൺഗ്രസ്സ് സാക്ഷ്യം വഹിക്കും. മുതലാളിത്തത്തിന്റെ ഉപകരണങ്ങൾ കൂടി ഉപയോഗിച്ച് മുന്നേറുകയെന്ന നയത്തിലേക്ക് അൽപ്പം കൂടി അടുക്കുന്ന സമീപനമാകും അവിടെയുണ്ടാകുക. പാർട്ടിയിലെ പ്രതിസന്ധികളെ ഇഴകീറി പരിശോധിക്കുന്നതിനും കടുത്ത പരിഹാര മാർഗങ്ങൾ ആരായുന്നതിനും സമ്മേളനം വേദിയാകും.
ഷി ജിൻപിംഗെന്ന നേതാവിനെ വിലയിരുത്തുമ്പോൾ ആദ്യം ശ്രദ്ധയിൽ വരിക അഴിമതിയോടുള്ള പോരാട്ടം തന്നെയാണ്. പാർട്ടി തന്നെ ഭരണകൂടമായ ഒരു സംവിധാനത്തിനകത്ത് പാർട്ടി ഭാരവാഹികൾ ഉദ്യോഗസ്ഥർ കൂടിയായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ ഈ അമിതാധികാരം നേതാക്കളെ ദുഷിപ്പിക്കും. പാർട്ടിയെ ഗ്രസിച്ച ക്യാൻസറായി അഴിമതി പരിണമിക്കും. ഷി ജിൻപിംഗ് പ്രഥമ പരിഗണന നൽകിയത് ഈ പ്രവണത തുടച്ചുനീക്കാനാണ്. 2012ൽ ഷി ജിൻപിംഗ് ആദ്യമായി അധികാരത്തിൽ വന്ന ശേഷം നടത്തിയ ശുദ്ധീകരണങ്ങളെ രണ്ട് തരത്തിലാണ് വിലയിരുത്തപ്പെട്ടത്. രാഷ്ട്രീയ എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നതിലും അധികാരം കേന്ദ്രീകരിക്കുന്നതിലും ഷി ജിൻപിംഗിനോളം മിടുക്ക് ഇന്ന് ലോകത്തെ ഒരു ഭരണാധികാരിക്കും ഇല്ലെന്നാണ് ഒന്നാമത്തെ ആഖ്യാനം. പാർട്ടിക്കകത്ത് അഴിമതിയും അച്ചടക്ക ലംഘനവും നടത്തിയവരെ വെച്ചുപൊറുപ്പിക്കാതെ പിടിച്ച് പുറത്തിടുകയും ശിക്ഷിക്കുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ ആഖ്യാനം. ഏതായാലും ഒരു ദശകത്തിനിടെ അമ്പത് ലക്ഷം ഉന്നത ഉദ്യോഗസ്ഥരെ അഥവാ നേതാക്കളെ അച്ചടക്ക നടപടിക്ക് വിധേയരാക്കുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച വിശകലനത്തിൽ പറയുന്നത്. ചൈനയിലെ കാര്യങ്ങൾ സ്വൽപ്പം ആധികാരികമായി റിപോർട്ട് ചെയ്യുന്ന ഹോംഗ്‌കോംഗ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രമാണ് എസ് സി എം പി.

ചരിത്രം തിരുത്തി പ്രസിഡന്റ്പദത്തിൽ തുടരുന്ന ഷി ജിൻ പിംഗ് തന്റെ ശൈലി മാറ്റാൻ പോകുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്‌പെക്ഷൻ (സി സി ഡി ഐ) എന്ന അഴിമതിവിരുദ്ധ സംവിധാനം ശക്തമാക്കാനുള്ള നീക്കങ്ങൾ നേരത്തേ തന്നെ ഷി തുടങ്ങിയിരുന്നു. വിമത സ്വരം അടിച്ചമർത്താനുള്ള ഉപകരണമാണ് സി സി ഡി ഐ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. സർവാധികാര കേന്ദ്രമായ ഷി ജിൻപിംഗിന് വിമതരെ നിലക്കു നിർത്താൻ സി സി ഡി ഐയുടെയൊന്നും ആവശ്യമില്ല. ഒറ്റുകാരെന്ന മുദ്ര കുത്തിയാൽ ആരെയും എന്നെന്നേക്കും നിശ്ശബ്ദമാക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എളുപ്പമാണ്. അപ്പോൾ ആഭ്യന്തര ജീർണതകൾക്കെതിരായ പോരാട്ടമായി തന്നെ അഴിമതിവിരുദ്ധ നടപടികളെ വിലയിരുത്തേണ്ടിയിരിക്കുന്നു. 2012ൽ പടിയിറങ്ങുമ്പോൾ ഒറ്റ ഉപദേശമാണ് തന്റെ പിൻഗാമിക്ക് ഹു ജിന്റാവോ കൈമാറിയത്. അഴിമതിക്കെതിരായ ജാഗ്രതയായിരുന്നു അത്. പാർട്ടി നേതാക്കൾക്ക് കൈവരുന്ന കണക്കില്ലാത്ത അധികാരം അവരെ ദുഷിപ്പിക്കുകയും കടുത്ത അഴിമതിക്കാരായി മാറ്റുകയും ചെയ്യുന്നു. രാഷ്ട്രീയ വ്യവസ്ഥയെ ഉള്ളിൽ നിന്ന് തകർക്കുന്ന ടൈം ബോംബായി അഴിമതി മാറുന്നത് ഷി ജിൻപിംഗ് തന്റെ ഒന്നാമൂഴത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സമ്പൂർണ സമ്മേളനം ചേരുന്നത് അഞ്ച് വർഷത്തിലൊരിക്കലാണ്. ഈ സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നയാളായിരിക്കും ഭരണത്തലവൻ. സാധാരണഗതിയിൽ രണ്ട് ഊഴമാണ് ഒരാൾക്ക് പ്രസിഡന്റാകാൻ സാധിക്കുക. അതുകൊണ്ട് തന്നെ പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയെന്ന പരമോന്നത സമിതിയിൽ നിലവിലെ മേധാവി രണ്ട് ഊഴം പൂർത്തിയാക്കുമ്പോൾ തലപ്പത്തേക്ക് കൊണ്ടുവരേണ്ടയാളെ ഉൾപ്പെടുത്തും. എന്നാൽ 2017ലെ പാർട്ടി കോൺഗ്രസ്സിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഘടന ഒരു പിടിയും ആർക്കും നൽകിയിരുന്നില്ല. പിൻഗാമിയില്ലെന്ന തോന്നലാണ് ഈ പട്ടിക നൽകിയത്. ഷി ജിൻപിംഗ് മൂന്നാമതൊരു ഊഴത്തിലേക്ക് വന്നേക്കാമെന്ന സൂചനയായിരുന്നു അത്. എന്നാൽ മാവോ സേതൂങിനോളം പ്രാധാന്യമുള്ള നേതാവായി ഷി ജിൻപിംഗിനെ ഈ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന പ്ലീനം പ്രഖ്യാപിച്ചിരിക്കെ മാറ്റത്തിനുള്ള സാധ്യത അടഞ്ഞുവെന്ന് തന്നെ പറയാം.

അപ്പോൾ ഈ അഭ്യൂഹങ്ങളിൽ നിന്ന് പുറപ്പെട്ട വാർത്താ ബോംബ് ഒട്ടും യാദൃച്ഛികമല്ല. അഴിമതിവിരുദ്ധ നടപടികളുടെ ഇരകളിൽ ചിലർ അതിന് പിന്നിലുണ്ടാകാം. ഷി ജിൻപിംഗ് സമ്പൂർണ ആധിപത്യത്തിലേക്ക് നീങ്ങുന്നതിനെ തടയണമെന്ന് ആഗ്രഹിക്കുന്ന അകത്തും പുറത്തുമുള്ളവരുടെ നീക്കങ്ങളാകാം അഭ്യൂഹങ്ങളുടെ രൂപത്തിൽ വന്നത്. അതിനാൽ ഷി ജിൻപിംഗ് നിരന്തരം നിരീക്ഷിക്കുന്നത് സ്വന്തം പാർട്ടി നേതാക്കളെ തന്നെയാകും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest