International
ഇസ്റാഈൽ ആക്രമണം; കൊന്നത് ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെ
പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതായി ഡബ്ല്യു സി കെ • അപലപിച്ച് ലോക രാജ്യങ്ങൾ
ഗസ്സാ സിറ്റി | മധ്യ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് അന്താരാഷ്ട്ര സഹായ പ്രവർത്തകരും ഒരു ഫലസ്തീൻ ഡ്രൈവറും കൊല്ലപ്പെട്ടു. ആസ്ത്രേലിയ, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ജീവൻ നഷ്ടമായത്. സന്നദ്ധപ്രവർത്തകരെ ഉന്നമിട്ടുള്ള ഇസ്റാഈൽ ആക്രമണത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ജീവൻ നഷ്ടമായതായി യു എസ് ആസ്ഥാനമായ എയ്ഡ് ഗ്രൂപ്പ് വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യു സി കെ) സ്ഥിരീകരിച്ചു.
ലക്ഷക്കണക്കിന് ഫലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിട്ട ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ഇതോടെ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് ഡബ്ല്യു സി കെ അറിയിച്ചു. ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന മാർഗങ്ങളും ഇസ്റാഈൽ ഉപരോധം കാരണം അടച്ചു പൂട്ടിയപ്പോഴും പട്ടിണി ആസന്നമായപ്പോഴും ഇത്തരം സഹായങ്ങൾ ഗസ്സാ നിവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇസ്റാഈലിന്റെ കൊടുംക്രൂരതകൾ വീണ്ടും തിരിച്ചടിയായി.ഇത് ഡബ്ല്യു സി കെക്കെതിരായ ആക്രമണം മാത്രമല്ല, മാനുഷിക സംഘടനകൾക്കു നേരെയുള്ള ആക്രമണവും കൂടിയാണ്. ഭക്ഷണം യുദ്ധായുധമായി ഉപയോഗിക്കുന്നു. ഇത് പൊറുക്കാനാകില്ല. ചാരിറ്റി സി ഇ ഒ എറിൻ ഗോർ പറഞ്ഞു.
ഈജിപ്ത് അതിർത്തിയിലെ തെക്കൻ നഗരമായ റഫയിലെ ആശുപത്രിയിലേക്ക് രക്ഷാപ്രവർത്തകരുടെ മൃതദേഹങ്ങൾ കൊണ്ടുപോയി. വിദേശികളുടെ മൃതദേഹങ്ങൾ ഗസ്സയിൽ നിന്ന് പുറത്തെത്തിക്കുകയും ഫലസ്തീൻ ഡ്രൈവറുടെ മയ്യിത്ത് ഖബറടക്കാനായി റഫയിലെ കുടുംബത്തിന് കൈമാറുകയും ചെയ്യും.
അതേസമയം, സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ലോക നേതാക്കൾ രംഗത്തെത്തി. ആസ്ത്രേലിയൻ പൗരന്റെ മരണം അസ്വീകാര്യവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തുമായിരുന്നെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. ഭക്ഷ്യ-മാനുഷിക സഹായങ്ങൾ നൽകാൻ പോകുന്ന ഒരാൾക്ക് ജീവൻ നഷ്ടപ്പെടുക. ഇത് ന്യായമായ സാഹചര്യങ്ങൾക്ക് അതീതമാണ്. “സുസ്ഥിര വെടിനിർത്തൽ’ എന്ന ആഹ്വാനവും അൽബനീസ് ആവർത്തിച്ചു. ആസ്‌ത്രേലിയക്കാർ ഈ സംഘർഷം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങൾ വേദനാജനകമാണെന്ന് യു കെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ വിശേഷിപ്പിച്ചു. അന്വേഷണം നടത്തി വിശദീകരണം നൽകാൻ ഇസ്റാഈലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടതായി റിപോർട്ടുണ്ട്. അവരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകും- കാമറൂൺ എക്സിൽ കുറിച്ചു. മാനുഷിക തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തുകയും അവർക്ക് ഭയമില്ലാതെ അവരുടെ ജോലി നിർവഹിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്താണ് സംഭവിച്ചതെന്ന് ഉടൻ അന്വേഷിക്കാനും പൂർണവും സുതാര്യവുമായ വിശദീകരണം നൽകാനും ഞങ്ങൾ ഇസ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമത്തോടുള്ള അവഗണനയെയും മാനുഷിക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ സംരക്ഷണത്തെയുമാണ് ഈ കൊലപാതകങ്ങൾ ചോദ്യം ചെയ്യുന്നത്-പോളണ്ട് വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു. ഇസ്റാഈൽ എംബസി, സുരക്ഷാ സേന എന്നിവർ വിശദീകരണം നൽകണമെന്ന് വാഴ്സോ അഭ്യർഥിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. നിലവിൽ ഡബ്ല്യു സി കെയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സഹായ പ്രവർത്തകരുടെ മരണത്തിൽ താൻ പരിഭ്രാന്തനാണെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സ്‌പെയിൻ അവരുടെ പ്രവർത്തനത്തെ മാനിക്കുന്നു. ഞങ്ങൾ വെടിനിർത്തൽ ആവശ്യപ്പെടുന്നു- അദ്ദേഹം പറഞ്ഞു.