Connect with us

International

ലെബനനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; നിലവധി വീടുകൾ തകർന്നു

ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Published

|

Last Updated

ബെയ്റൂത്ത് | ലെബനന്റെ ദക്ഷിണ മേഖലകളിൽ ഇസ്റാഈൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. ഹിസ്ബുല്ലയുമായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്റാഈൽ ആവർത്തിച്ച് ലംഘിക്കുന്നതിൽ ജന രോഷം ശക്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

മൗണ്ട് സാഫി, ജബ പട്ടണം, സെഫ്ത താഴ്വര, അസ്സയ്ക്കും റുമിൻ ആർക്കിക്കും ഇടയിലുള്ള പ്രദേശം എന്നിവിടങ്ങൾ ലക്ഷ്യമിട്ടതായിരുന്നു ആക്രമണമെന്ന് ലെബനന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല.

ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്റാഈൽ സൈന്യം എക്സ് പോസ്റ്റിൽ പറഞ്ഞു. ഹിസ്ബുല്ലയുടെ എലൈറ്റ് റാഡ്‌വാൻ ഫോഴ്സ് ഉപയോഗിക്കുന്ന പ്രത്യേക ഓപ്പറേഷൻ പരിശീലന കേന്ദ്രവും ഇതിൽ ഉൾപ്പെടുന്നു. നിരവധി കെട്ടിടങ്ങളെയും റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെയും ലക്ഷ്യമിട്ടതായും സൈന്യം വ്യക്തമാക്കി.

വെടിനിർത്തൽ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സൈനിക സമിതിയിലേക്ക് ഇസ്റാഈലും ലെബനനും സിവിൽ പ്രതിനിധികളെ അയച്ച് ദിവസങ്ങൾക്കകമാണ് ഈ ആക്രമണങ്ങൾ. ചർച്ചകൾ വിപുലീകരിക്കാൻ അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുന്നതിനിടെയാണ് സംഭവം.

2024-ൽ യുഎസിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ നിലവിലെ വെടിനിർത്തൽ കരാർ ഇസ്റാഈലും ഹിസ്ബുല്ലയും തമ്മിൽ ഒരു വർഷത്തിലേറെ നീണ്ട ഏറ്റുമുട്ടലുകൾക്ക് വിരാമമിട്ടതായിരുന്നു. എങ്കിലും, ഇസ്റാഈൽ ലെബനനെതിരെ ദിനംപ്രതി ആക്രമണങ്ങൾ തുടരുകയാണ്.

---- facebook comment plugin here -----

Latest