Connect with us

Articles

യുദ്ധത്തില്‍ ഇസ്റാഈല്‍ തോല്‍ക്കുകയാണ്

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രതിരോധത്തിന് മറുപടിയായി ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്റാഈലിന് ആറ് മാസം പിന്നിട്ടിട്ടും പ്രതിജ്ഞ നിറവേറ്റാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, മിത്രങ്ങള്‍ പോലും ഇസ്റാഈലിനെ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഹമാസിനെതിരെ ഇസ്റാഈല്‍ ഉയര്‍ത്തിക്കാട്ടിയ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ബി ബി സി കഴിഞ്ഞ ദിവസവും പുറത്തു വിടുകയുണ്ടായി.

Published

|

Last Updated

ഹമാസ് ടെല്‍അവീവില്‍ നടത്തിയ അക്രമത്തില്‍ 1,200ഓളം ഇസ്റാഈലികള്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ ബന്ദിയാക്കപ്പെടുകയും ചെയ്ത സംഭവം നടന്നിട്ട് ആറ് മാസം പിന്നിട്ടു. ഇതേ തുടര്‍ന്ന് ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ നരനായാട്ടില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും 85 ശതമാനം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ആശുപത്രികളും കലാലയങ്ങളും ആരാധനാലയങ്ങളും പൈതൃക സ്മാരകങ്ങളും റോഡുകളും നാമാവശേഷമായി. ലോക മനസ്സാക്ഷിക്കു മുമ്പില്‍ വെല്ലുവിളികളുയര്‍ത്തി നരമേധം തുടരുമ്പോഴും രാഷ്ട്രീയ ലാഭ, നഷ്ട കണക്കെടുപ്പില്‍ ഇസ്റാഈലിന്റെ സ്ഥാനം നഷ്ടങ്ങളുടെ പട്ടികയിലാണ്. എന്ത് ലക്ഷ്യമാക്കിയാണോ യുദ്ധം ആരംഭിച്ചത് ആ ലക്ഷ്യം നേടാന്‍ ഇസ്റാഈലിന് ഇതുവരെയും സാധിച്ചിട്ടില്ല. വെള്ളവും ഭക്ഷണവും വൈദ്യുതിയും മുടക്കി ഫലസ്തീനികളെ മൂക്കില്‍ കയറ്റാമെന്ന സയണിസ്റ്റ് മോഹം ഇപ്പോഴും വിദൂരതയിലാണ്. അതിനിടെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം അനുദിനം ഇസ്റാഈലില്‍ ശക്തിപ്പെടുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവെച്ച് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജനരോഷം അക്രമാസക്തമാകുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രതിരോധത്തിന് മറുപടിയായി ബന്ദികളെ മോചിപ്പിക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്റാഈലിന് ആറ് മാസം പിന്നിട്ടിട്ടും പ്രതിജ്ഞ നിറവേറ്റാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, മിത്രങ്ങള്‍ പോലും ഇസ്റാഈലിനെ കൈവിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഹമാസിനെതിരെ ഇസ്റാഈല്‍ ഉയര്‍ത്തിക്കാട്ടിയ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ബി ബി സി കഴിഞ്ഞ ദിവസവും പുറത്തു വിടുകയുണ്ടായി. ആയിരക്കണക്കിന് ഹമാസ് പോരാളികളെ വധിച്ചതായും ഗസ്സയില്‍ ഹമാസ് സ്ഥാപിച്ച ഭൂഗര്‍ഭ തുരങ്കങ്ങള്‍ നശിപ്പിച്ചുവെന്നുമുള്ള ഇസ്റാഈല്‍ വാദത്തെയാണ് ബി ബി സി പൊളിച്ചടുക്കുന്നത്. ഇസ്റാഈല്‍ പ്രതിരോധ സേനയുടെ പ്രസ്താവനകളും സോഷ്യല്‍ മീഡിയാ പോസ്റ്റുകളും പരിശോധിച്ചാണ് ബി ബി സി സയണിസ്റ്റുകളുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് മുമ്പ് ഹമാസിന് ഗസ്സയില്‍ മുപ്പതിനായിരത്തോളം സൈനികര്‍ ഉണ്ടായിരുന്നതായി ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സിനെ (ഐ ഡി എഫ്) ഉദ്ധരിച്ച് റിപോര്‍ട്ടുണ്ടായിരുന്നു. ഹമാസിന്റെ പ്രമുഖ നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വിദേശത്താണ്. എന്നാല്‍ ഉന്നത സൈനികരില്‍ പലരും ഗസ്സയിലാണ്. യുദ്ധത്തില്‍ 13,000ത്തോളം ഹമാസ് പോരാളികളെ വധിച്ചതായി ഐ ഡി എഫ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദത്തെ ബി ബി സി ചോദ്യം ചെയ്യുകയാണ്. ഈ വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചുവെന്നതിന് വ്യക്തതയില്ലെന്ന് ബി ബി സി ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ട 113 ഹമാസ് സൈനികരുടെ പേരുകള്‍ ഇസ്റാഈല്‍ പുറത്തുവിട്ടിരുന്നു. ഇവരില്‍ ഏറെ പേരും യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടവരാണ്. ഈ പട്ടികയില്‍ ഹമാസിന്റെ മുതിര്‍ന്ന ഒരു നേതാവിന്റെ പേര് പോലും ഉള്‍പ്പെട്ടിട്ടില്ല. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഈസയെ വധിച്ചതായി മാര്‍ച്ച് 26ന് ഇസ്റാഈല്‍ സൈനികവൃത്തം അവകാശപ്പെട്ടിരുന്നു. ഇസ്റാഈല്‍ മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിച്ച ഈസയുടെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഇസ്റാഈല്‍ കൊലപ്പെടുത്തിയെന്നവകാശപ്പെടുന്ന യഹ്യ സിന്‍വാര്‍ ഉള്‍പ്പെടെ ഗസ്സയിലെ പല പ്രധാന ഹമാസ് നേതാക്കളും ഇപ്പോഴും ജീവിച്ചിരിപ്പുള്ളതായി ബി ബി സി കണ്ടെത്തുകയുണ്ടായി. അതേസമയം ആറ് മാസത്തിനിടയില്‍ 604 ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ആ രാജ്യം സമ്മതിച്ചിട്ടുണ്ട്.

ഹമാസിനെ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയോടൊപ്പം ഗസ്സയിലെ തുരങ്കങ്ങള്‍ നശിപ്പിക്കുമെന്ന് ഇസ്റാഈല്‍ അവകാശപ്പെട്ടിരുന്നു. ഭക്ഷണവും ആളുകളുടെ കൈമാറ്റവും ഹമാസ് നടത്തിയിരുന്നത് ഈ തുരങ്കങ്ങള്‍ വഴിയായിരുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള തുരങ്കങ്ങള്‍ കണ്ടെത്തിയതിന്റെ തെളിവുകള്‍ ഐ ഡി എഫ് പലതവണ പുറത്തുവിട്ടിരുന്നു. ഉദാഹരണത്തിന് ഗസ്സ സിറ്റിയിലെ അല്‍ശിഫ ആശുപത്രിക്ക് താഴെയുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവംബറില്‍ ഐ ഡി എഫ് പുറത്തുവിടുകയുണ്ടായി. എന്നാല്‍ എത്ര തുരങ്കങ്ങള്‍ നശിപ്പിച്ചുവെന്ന് വ്യക്തമാക്കാനോ, നശിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന തുരങ്കങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടാനോ ഇസ്റാഈലിന് സാധിച്ചിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിനും 2024 മാര്‍ച്ച് 26നും ഇടയില്‍ ഗസ്സയിലെ തുരങ്കങ്ങളുമായി ബന്ധപ്പെട്ട് ഇസ്റാഈല്‍ സേന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ബി ബി സി പരിശോധിക്കുകയുണ്ടായി. ഇസ്റാഈലിന്റെ അവകാശവാദത്തെ ബി ബി സി ചോദ്യം ചെയ്യുന്നത് ഈ തെളിവില്ലായ്മയുടെ അടിസ്ഥാനത്തിലാണ്.

ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഫലസ്തീനികള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 33,000ത്തിലധികം ഫലസ്തീനികള്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. എന്നാല്‍ പ്രതീകാത്മകമായി പോലും പ്രദേശത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് ഹമാസിനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ വിജയം വരിക്കാന്‍ ഇസ്റാഈലിന് സാധിച്ചിട്ടില്ല.

യുദ്ധം ആരംഭിച്ച ഗസ്സയിലെ ഖാന്‍ യൂനുസില്‍ നിന്ന് അധിനിവേശ സൈനികര്‍ പിന്‍വാങ്ങുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം കൈറോവില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഫലമാണെന്നും റാമല്ലയില്‍ അക്രമം നടത്തുന്നതിനുള്ള ഇസ്റാഈലിന്റെ തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നവരുണ്ട്. എന്നാല്‍ തീരുമാനത്തെ ഹീബ്രു പത്രമായ ‘ഹാരെറ്റ്സ്’ വിശേഷിപ്പിക്കുന്നത് ഇത് ഇസ്റാഈലിന്റെ കീഴടങ്ങലെന്നാണ്. ആറ് മാസമായി യുദ്ധമുഖത്ത് തുടരുന്ന ഇസ്റാഈല്‍ സൈനികരെ ഇനി മുന്നേറാനാകാത്ത വിധം തളര്‍ച്ച ബാധിച്ചതായി പത്രം പറയുന്നു. യുദ്ധരംഗത്തെ ഹമാസ് സാന്നിധ്യം സയണിസ്റ്റ് സേനകളുടെ ജീവന് വെല്ലുവിളിയാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയ കാര്യവും പത്രം ഉദ്ധരിക്കുന്നുണ്ട്. ഇസ്റാഈല്‍ യുദ്ധകാര്യ ലേഖകന്‍ അലോണ്‍ മിസ്രാഹി പറയുന്നത്, ഇത്ര ചെറിയ പ്രദേശത്തെ ആറ് മാസമായിട്ടും ഇസ്റാഈലിന് യുദ്ധത്തിലൂടെ ഇല്ലാതാക്കന്‍ സാധിച്ചില്ല എന്ന് പറയുന്നത് രാജ്യത്തിന്റെ പരാജയമാണ് എന്നാണ്. ഇസ്ലാമിക് റെസ്സിസ്റ്റന്‍സ് മൂവ്‌മെന്റ് (ഹമാസ്) ആറ് മാസം കൊണ്ട് ചരിത്രത്തിന്റെ ഗതിമാറ്റിയിരിക്കുകയാണ്. ഇസ്റാഈലിനെ പരാജയപ്പെടുത്തി ഹമാസ് പാശ്ചാത്യരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും മിസ്രാഹി എഴുതുന്നു. ആറ് മാസം മുമ്പ് പിടികൂടിയ ബന്ദികളെ ഹമാസില്‍ നിന്ന് മോചിപ്പിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല എന്നത് നാണക്കേടാണ്. ഹമാസിനെ കുറിച്ചുള്ള ഇസ്റാഈലി എഴുത്തുകാരന്റെ ഈ വിലയിരുത്തല്‍ ഹമാസിനോട് പാശ്ചാത്യ ലോകത്തെ മനോഭാവത്തിലുണ്ടായ മാറ്റത്തെ സൂചിപ്പിക്കുന്നതു കൂടിയാണ്.

കഴിഞ്ഞയാഴ്ച ഗസ്സയിലെ ദാര്‍അല്‍ബലാഹിന് സമീപം ഇസ്റാഈല്‍ നടത്തിയ ബോംബിംഗില്‍ അന്താരാഷ്ട്ര സംഘടനയായ കിച്ചന്‍ വേള്‍ഡിലെ ഏഴ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അവരില്‍ അഞ്ച് പേര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ബ്രിട്ടീഷ് പൗരന്മാര്‍. ഇതിനകം ഐക്യരാഷ്ട്ര സഭയുടെ ഇരുനൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരെ ഇസ്റാഈല്‍ പട്ടാളം കൊലപ്പെടുത്തുകയുണ്ടായി. മനുഷ്യത്വരഹിതമായ ഇസ്റാഈലിന്റെ എല്ലാ അതിക്രമങ്ങള്‍ക്കും ചൂട്ട് തെളിയിക്കാറുള്ള അമേരിക്കക്ക് പോലും ഇസ്റാഈലിനോട് കയര്‍ത്തു സംസാരിക്കേണ്ടി വന്നിരിക്കുകയാണ്. സൗഹൃദ രാജ്യങ്ങളായ കാനഡയും ഫ്രാന്‍സും ഇസ്റാഈലിനുള്ള ആയുധ വിതരണം നിര്‍ത്തിവെച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ കഴിഞ്ഞ ദിവസം ഇസ്റാഈലിനോട് പറഞ്ഞത്, ബ്രിട്ടന്റെ സഹായം നിരുപാധികമല്ല എന്നായിരുന്നു. ഗസ്സ യുദ്ധത്തില്‍ രാഷ്ട്രീയമായി ഇസ്റാഈല്‍ ഒന്നിനു പിറകെ പരാജയം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ പ്രശ്നത്തില്‍ പുതിയ ചര്‍ച്ചകളില്‍ ഹമാസിന്റെ പേര് കൂടുതലായി കടന്നു വരുന്നില്ല എന്നതും ഇസ്റാഈലിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

 

Latest