Connect with us

Nipah virus

നിപ്പാ വൈറസിന് വകഭേദമോ?; താരതമ്യ പഠനം വരെ കാത്തിരിക്കാം

രോഗബാധ അറിയുന്നത് നാല് ഘടകങ്ങളിലൂടെ

Published

|

Last Updated

കോഴിക്കോട് | നിപ്പാ വൈറസ് ബാധ കണ്ടെത്താൻ ഒരു രോഗിയിൽ നിന്നെടുക്കുന്നത് നാല് ഘടകങ്ങൾ. തൊണ്ടയിൽ നിന്നുള്ള സ്രവം, രക്തം, മൂത്രം, കഫം എന്നീ ഘടകങ്ങളുടെ പരിശോധനക്ക് ശേഷമാണ് രോഗനിർണയം നടത്തുന്നത്. നട്ടെല്ലിൽ നിന്നുള്ള നീര് ആവശ്യമെങ്കിൽ പരിശോധിക്കും.

പോസിറ്റീവായ രോഗിയുടെ സ്രവ പരിശോധനയിലൂടെ തന്നെ രോഗനിർണയം നടത്താൻ കഴിയുമെങ്കിലും മറ്റ് ഘടകങ്ങൾ കൂടി പരിശോധിക്കുന്നതിലൂടെ ഉപ്പുവരുത്താനാകും. പരിശോധനാ സംഘത്തിന് വളരെ അത്യാവശ്യമാണെന്ന് തോന്നുന്ന പക്ഷമാണ് നട്ടെല്ലിൽ നിന്നുള്ള നീരെടുക്കുന്നത്. നിലവിൽ ആറ് മുതൽ എട്ട് മണിക്കൂറോളം സമയമെടുത്താണ് ഫലം പ്രഖ്യാപിക്കുന്നത്. നിപ്പാ വൈറസ് ബാധയുടെ ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 66 ശതമാനം രോഗികളിൽ ഐ ജി എം ആന്റി ബോഡി ( പുതിയ അണുബാധയുമായി പോരാടുമ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ആന്റി ബോഡി)യുടെ സാന്നിധ്യം കണ്ടെത്താനാകും.

2018ലും 2021ലും കേരളത്തിലുണ്ടായ നിപ്പാ ബാധയുടെ ഭാഗമായി വവ്വാലുകളിൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. രണ്ട് സമയങ്ങളിലെയും പരിശോധനകളിൽ വൈറസിന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. 2018ൽ മനുഷ്യരിലേക്ക് കടന്ന വൈറസിന്റെയും 2023ൽ നിപ്പാ ബാധിച്ച് മരിച്ചവരുടെ ശരീരത്തിലെ വൈറസിന്റെയും സ്വഭാവങ്ങളാണ് ഇനി പരിശോധിക്കേണ്ടത്. ഇതിൽ കൂടി മാത്രമേ വൈറസിന്റെ വകഭേദത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കാനാവൂവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എന്നാൽ, വ്യാപനത്തിലുണ്ടായ കുറവ് വൈറസിന്റെ സ്വഭാവ ഘടനയിൽ ആശ്വാസകരമായ മാറ്റമുണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, രണ്ട് തവണ നിപ്പായെയും കൊവിഡിനെയും പ്രതിരോധിച്ചതിൽ ആരോഗ്യപ്രവർത്തകർക്കുള്ള അനുഭവം കൂടുതൽ ശക്തി പകർന്നിട്ടുമുണ്ട്.

Latest