Connect with us

indian economy

രാഷ്ട്രം അവസാനമില്ലാത്ത അസമത്വങ്ങളിലേക്കോ?

നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യ പുരോഗതിയെ ലക്ഷ്യമാക്കുന്നതിന് പകരം ജി ഡി പി വളര്‍ച്ചയാണ് അതിന്റെ അടിസ്ഥാനം. നവ ലിബറല്‍ ആശയങ്ങളുടെ പിറകെ സഞ്ചരിക്കുന്ന സമയത്ത് നമുക്ക് കൈമോശം വരുന്നത് സമത്വ സുന്ദരമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുകയെന്ന ഭരണഘടന മുന്നോട്ടുവെച്ച വിശാലമായ ലക്ഷ്യമാണ്.

Published

|

Last Updated

ന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അഭ്യര്‍ഥന പ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമ്പറ്റിറ്റീവ്നെസ് അടുത്തിടെ പുറത്തിറക്കിയ, ഇന്ത്യയിലെ അസമത്വത്തെ സംബന്ധിച്ച റിപോര്‍ട്ട്, 1990കളില്‍ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ബലഹീനതകള്‍ തുറന്നുകാട്ടുന്നതാണ്. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും പ്രതിമാസം 25,000 രൂപയില്‍ താഴെ വരുമാനമുള്ളവരാണ് എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ 2019-20 കാണിക്കുന്നത്, ജനസംഖ്യയുടെ 10 ശതമാനം പേര്‍ മൊത്തം വരുമാനത്തിന്റെ 30-35 ശതമാനം പിടിച്ചെടുക്കുന്നുവെന്നുള്ളതാണ്.

രാജ്യത്ത് ദൈനംദിനം അസമത്വം വര്‍ധിച്ചു വരികയും സമ്പത്ത് ജനസംഖ്യയിലെ ഒരു ചെറിയ വിഭാഗത്തിന്റെ കൈവശം കുമിഞ്ഞു കൂടുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെയും ഭരണഘടനയുടെയും ശില്‍പ്പികളുടെ ലക്ഷ്യം ഇതായിരുന്നില്ല. സമത്വ സുന്ദരമായ ഒരു ലോകത്തെയാണ് അവര്‍ വിഭാവനം ചെയ്തത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്ന ഒരു രാജ്യം അവരുടെ സ്വപ്‌നമായിരുന്നു. സാമൂഹികവും സാമ്പത്തികവുമായ ചൂഷണത്തില്‍ നിന്നുള്ള മോചനം വാഗ്ദാനം ചെയ്യുന്ന തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമത്വ സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവിനെയാണ് വാസ്തവത്തില്‍ ഇത് ലംഘിക്കുന്നത്. നമ്മുടെ ഭരണഘടന അതിന്റെ പ്രത്യയശാസ്ത്ര അടിത്തറക്ക് ലിബറല്‍ മുതലാളിത്ത ചട്ടക്കൂടിനോടാണ് കടപ്പെട്ടിരിക്കുന്നതെങ്കിലും, ഇന്ത്യയെ ഒരു മികച്ച സമൂഹമാക്കി മാറ്റുന്നതിനുള്ള ക്ഷേമത്തിന്റെയും നീതിയുടെയും ആശയങ്ങളെ ഊന്നിപ്പറയാന്‍ അത് മറന്നിട്ടില്ല.
സാമൂഹികവും സാമ്പത്തികവുമായ ഒരു പിടി അസമത്വങ്ങള്‍ ചുമലിലേറ്റിയാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് തന്നെ പിറന്നു വീണത്. അത്തരമൊരു രാജ്യമാണ് ഇന്നും മുതലാളിത്തത്തിന്റെ പിടിയില്‍ ഞെരിഞ്ഞമരുന്നത് എന്നതാണ് ഖേദകരമായ കാര്യം. ഒരു ചെറിയ ന്യൂനപക്ഷം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമ്പോഴും ഒരു വലിയ ജനത ഇന്നും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഉപജീവനത്തിനും വേണ്ടി തങ്ങളുടെ സര്‍ക്കാറുകളുടെ തലോടലുകള്‍ക്കായി കാത്തിരിക്കേണ്ടി വരുന്നു. ഈ ദുരവസ്ഥക്ക് ഒരു അറുതി വരുത്താന്‍ നമ്മുടെ സമ്പ്രദായങ്ങള്‍ക്ക് ഇന്നുവരെയും സാധിച്ചിട്ടില്ല.

ഉദാഹരണത്തിന്, വിദ്യാഭ്യാസ മേഖലയില്‍, 1950-51ല്‍ നമ്മള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.64 ശതമാനം മാത്രമേ ചെലവഴിച്ചിരുന്നുള്ളൂ. അത് ക്രമേണ 1990ല്‍ 3.93 ശതമാനമായി വര്‍ധിച്ചു. ഇതിനിടയിലാണ് ജി ഡി പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ 1966ല്‍ കോത്താരി കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍ 1990 മുതല്‍ വിദ്യാഭ്യാസം മൗലികാവകാശമാക്കിയിട്ടും, വിദ്യാഭ്യാസത്തിനുള്ള വകയിരുത്തല്‍ ജി ഡി പിയുടെ 3-4 ശതമാനത്തിനടുത്ത് ചുറ്റിത്തിരിയുകയാണ്. ഒരു മികച്ച കുതിച്ചുചാട്ടം നടത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുന്ന പണം കുറവാകുമ്പോള്‍ അവിടെ ലഭ്യമാകുന്ന സൗകര്യങ്ങളും വിദ്യാഭ്യാസവും നിലവാരം കുറഞ്ഞതാകും. ശോചനീയമായ ഒരു വിദ്യാഭ്യാസ സംവിധാനത്തിന് എങ്ങനെയാണ് മികച്ച മാനവ വിഭവശേഷിയുള്ള ഉത്പന്നങ്ങളെ പുറത്തിറക്കാനാകുക.

ജി ഡി പിയുടെ ഒരു ശതമാനത്തോളം മാത്രം നമ്മള്‍ ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ആരോഗ്യ മേഖലയിലേക്ക് കൂടി പ്രൈവറ്റ് മേഖലയിലെ വമ്പന്‍ സ്രാവുകള്‍ക്ക് കടന്നുകയറാനുള്ള വലിയ വാതിലുകള്‍ തുറന്നു കൊടുക്കുന്നു. ശോചനീയമായ സര്‍ക്കാര്‍ ഹോസ്പിറ്റലുകളും സംവിധാനങ്ങളുമുള്ള നമ്മുടെ നാട്ടില്‍ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ക്ക് എളുപ്പത്തില്‍ തടിച്ചു കൊഴുക്കാനാകും. ഈ മേഖലകളില്‍ ചെലവഴിക്കാനുള്ള സര്‍ക്കാറിന്റെ ബോധപൂര്‍വമായ വിമുഖതയാണ് ആരോഗ്യ സൂചകങ്ങളില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാകുന്നതിന്റെ കാരണം.
ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ പോലും സര്‍ക്കാറുകള്‍ക്ക് സാധിച്ചില്ല. സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമല്ലാത്തതുകൊണ്ടാണ് ബോട്ടില്‍ വാട്ടറിന് നമ്മുടെ നാട്ടില്‍ ഇത്ര വിപണിയുണ്ടായത്. നവ ലിബറല്‍ നയങ്ങള്‍ പ്രയോഗത്തില്‍ വന്നതിനു ശേഷം സര്‍ക്കാറുകളുടെ ചലനങ്ങളെ വീക്ഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. നിഷ്‌ക്രിയമായ സര്‍ക്കാര്‍ സംവിധാനങ്ങളാണ് പല സ്വകാര്യ കമ്പനികളും നമ്മുടെ നാട്ടില്‍ വേരുറപ്പിക്കാന്‍ കാരണം.

വളരുന്ന അസമത്വം
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ഗവേഷകനായ മൈത്രീഷ് ഘട്ടക് തന്റെ ഗവേഷണത്തില്‍പറയുന്നത്, ജനസംഖ്യയുടെ ഉയര്‍ന്ന ഒരു ശതമാനം ആളുകള്‍ക്ക് 1990കള്‍ വരെ ഏകദേശം 10-16 ശതമാനം സമ്പത്ത് വിഹിതമുണ്ടായിരുന്നു. അത് 2020ല്‍ 42.5 ശതമാനമായി പലമടങ്ങ് വര്‍ധിച്ചു. എന്നാല്‍ താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ സമ്പത്തിന്റെ വിഹിതം 1961ല്‍ 12.3 ശതമാനം ആയിരുന്നത് 2020ല്‍ 2.8 ശതമാനമായി കുറഞ്ഞു. 2020നും 2021നുമിടയില്‍, ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം 6,89,000ത്തില്‍ നിന്ന് 7,96,000 ആയി ഉയരുകയും ചെയ്തു.
ഇന്ത്യ നവലിബറലിസത്തിന്റെ ഉടയാട എടുത്തണിഞ്ഞതിനു ശേഷമുള്ള നയങ്ങളെല്ലാം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ചക്ക് ആക്കം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ കാലങ്ങളായി വിവേചനം നേരിടുന്നവരുടെ വിമോചന സ്വപ്‌നങ്ങളെയാണ് ഇത് കരിച്ചു കളയുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ വിവേചനത്തിന്റെ ഈ ചങ്ങലകളില്‍ നിന്ന് എന്നെങ്കിലും മോചനമുണ്ടാകുമെന്ന് കരുതുന്നു. എന്നാല്‍ സര്‍ക്കാറിന്റെ കനിവിനായി കാത്തുനില്‍ക്കുന്നവരുടെ കിനാവുകളെ കാട്ടിലേക്കെറിഞ്ഞു കൊണ്ടാണ് പലപ്പോഴും രാജ്യം വളരുന്നത്.

നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യ പുരോഗതിയെ ലക്ഷ്യമാക്കുന്നതിന് പകരം ജി ഡി പി വളര്‍ച്ചയാണ് അതിന്റെ അടിസ്ഥാനം. നവ ലിബറല്‍ ആശയങ്ങളുടെ പിറകെ സഞ്ചരിക്കുന്ന സമയത്ത് നമുക്ക് കൈമോശം വരുന്നത് സമത്വ സുന്ദരമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുകയെന്ന ഭരണഘടന മുന്നോട്ടുവെച്ച വിശാലമായ ലക്ഷ്യമാണ്. പുതിയ തൊഴില്‍ നയങ്ങള്‍, നിര്‍ണായകമായ പൊതുകാര്യ മേഖലകളുടെ സ്വകാര്യവത്കരണം, അരികുവത്കരിക്കപ്പെട്ട ദുര്‍ബല വിഭാഗങ്ങളെയും തൊഴിലാളികളെയും ചേര്‍ത്തുപിടിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമെല്ലാം വിവേചനത്തിന്റെയും അസമത്വത്തിന്റെയും മുറിവുകളില്‍ മുളകു പുരട്ടുന്നതിന് സമാനമാണ്. ഇതിനു മാറ്റം സംഭവിച്ചില്ലെങ്കില്‍ അവസാനിക്കാത്ത അസമത്വവും പേറി ഇന്ത്യയിലെ ഒരു വലിയ ജനത ഒറ്റപ്പെടുന്നത് നാം നോക്കി നില്‍ക്കേണ്ടി വരും.

സാമൂഹിക നീതിയിലും ജനകീയ ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സമത്വ സമൂഹത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളും മുന്‍ഗണനകളും വീണ്ടെടുക്കുന്നതിനായി നമ്മുടെ രാഷ്ട്രീയ, സാമ്പത്തിക തിരഞ്ഞെടുപ്പുകളില്‍ ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു.

കടപ്പാട്: ദി വയര്‍
പരിഭാഷ: അബ്ദുല്ല ചെമ്പ്ര

Latest