Connect with us

Editors Pick

സ്വപ്നം കാണുന്നത് ഒരു രോഗമാണോ?

പതിവായി പേടി സ്വപ്നങ്ങൾ കാണുന്നതും ഞെട്ടി ഉണരുന്നതും ഉറക്കം തടസ്സപ്പെടുന്നതും ഒരു രോഗമാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഗുരുതര രോഗം

Published

|

Last Updated

ഉറക്കത്തിൽ നമ്മൾ ഞെട്ടി എഴുനേൽക്കുന്നത് സർവ്വസാധാരണമാണ്. വല്ലപ്പോഴും പേടിസ്വപ്നം കണ്ട് നമ്മൾ അറിയാതെ എഴുന്നേറ്റ് പോകും. എന്നാൽ ചിലർ നിത്യവും പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുകയും ഞെട്ടി ഉണരുകയും ചെയ്യുന്നത് പതിവാണ്. ഇതൊരു രോഗമാണെന്ന് അറിയാമോ?

അതെ പതിവായി പേടി സ്വപ്നങ്ങൾ കാണുന്നതും ഞെട്ടി ഉണരുന്നതും ഉറക്കം തടസ്സപ്പെടുന്നതും ഒരു രോഗമാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ഗുരുതര രോഗം എന്ന് തന്നെ പറയാം. ഡ്രീം ആങ്സൈറ്റി ഡിസോർഡർ (dream anxiety disorder) എന്നാണ് ഇതിന്റെ പേര്. നമ്മുടെ ഉറക്കവും അതുവഴി ജീവിത താളവും സന്തോഷവുമെല്ലാം കവർന്നെടുക്കുന്ന ഒരു രോഗമാണിത്. ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിലും മാനസികാരോഗ്യത്തിലും മൊത്തത്തിലുള്ള ക്ഷേമത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും, ഈ അസുഖം.

പലരും ഈ ഒരു രോഗാവസ്ഥയാൽ ബുദ്ധിമുട്ടുന്നുണ്ട്. അങ്ങേയറ്റം ശല്യപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന സ്വപ്നങ്ങൾ കാണുകയും പെട്ടെന്ന് ഞെട്ടി ഉണരുകയും ഇത് നിത്യമെന്നോണം സംഭവിക്കുകയും ചെയ്താൽ നമുക്ക് ഡ്രീം ആങ്സൈറ്റി ഡിസോർഡർ ഉണ്ടെന്നു കരുതാം. സാധാരണ മോശം സ്വപ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ രോഗവുമായി ബന്ധപ്പെട്ട പേടിസ്വപ്നങ്ങൾ അസാധാരണമാംവിധം ഭയപ്പെടുത്തുന്നവയാണ്. അവ സാധാരണയായി ഉറക്കമുണരുമ്പോൾ ഓർമയിൽ തങ്ങിനിൽക്കുകയും ചെയ്യും. ഈ ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ ഉടനെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും രോഗമുണ്ടെന്ന് തീർച്ചപ്പെടുത്തിയ ശേഷം ചികിത്സ ചെയ്യുകയും വേണം.

ഡ്രീം ആങ്സൈറ്റി ഡിസോർഡറിന്റെ കൃത്യമായ കാരണം നിർവചിക്കപ്പെട്ടിട്ടില്ല. മനശാസ്ത്രപരമായോ, ജൈവികമായോ, ജീവശാസ്തപരമായോ ഉള്ള പല ഘടകങ്ങളും അതിലേക്ക് നയിച്ചേക്കും.

മനഃശാസ്ത്രപരമായ ഘടകങ്ങൾ

ഉയർന്ന തലത്തിലുള്ള സമ്മർദ്ദം, ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദം എന്നിവയുള്ള വ്യക്തികൾക്ക് പേടിസ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ അല്ലെങ്കിൽ അക്രമം പോലുള്ള ആഘാതകരമായ അനുഭവങ്ങൾ തുടങ്ങിയവ രോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പ്രത്യേകിച്ച് പതിവുള്ളതും തീവ്രവുമായ പേടിസ്വപ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജീവശാസ്ത്രപരമായ ഘടകങ്ങൾ

ജനിതകപരമായും ഈ രോഗം ഒരാൾക്ക് പിടിപെടാനിടയുണ്ട്. ഉറക്ക തകരാറുകളുടെ കുടുംബചരിത്രം ആങ്സൈറ്റി ഡിസോർഡറിലേക്ക് നയിച്ചേക്കുമെന്ന് വിദഗ്ധർ പറയുന്നു. ക്രമരഹിതമായ ഉറക്ക രീതികളും ഉറക്കക്കുറവും പേടിസ്വപ്നങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കും.

പാരിസ്ഥിതിക ഘടകങ്ങൾ

ചില മരുന്നുകൾ, പ്രത്യേകിച്ച് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളെ ബാധിക്കുന്ന, ആൻ്റീഡിപ്രസൻ്റുകൾ, ബീറ്റാ-ബ്ലോക്കറുകൾ എന്നിവ പേടിസ്വപ്നങ്ങൾക്കിടയാക്കും. മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അസ്വസ്ഥമായ ഉറക്കത്തിനും പേടിസ്വപ്നങ്ങൾക്കും കാരണമാകും.

ചികിത്സ

ഡ്രീം കംപ്ലീഷൻ ടെക്‌നിക്, ഉറക്കസമയം സ്ഥിരമായി നിലനിർത്തുക, ട്രോമ തെറാപ്പി തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്ക് പരിഹാരമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡ്രീം കംപ്ലീഷൻ ടെക്നിക് (DCT) പേടിസ്വപ്നങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിച്ചുവരുന്ന ഒരു ചികിത്സ രീതിയാണ്. ബ്രിട്ടനിൽ നിന്നും വിരമിച്ച സൈനികരിൽ ചിലർ നിരന്തരം പേടിസ്വപ്നങ്ങൾ കാണുകയും അതൊരു പ്രശ്നമാവുകയും ചെയ്തു. ഇവരിൽ നടത്തി വിജയിച്ച രീതിയാണ് ഡിസിടി.

നമ്മുടെ സ്വപ്നത്തെക്കുറിച്ച് മനസ്സിലാക്കുന്ന തെറാപ്പിസ്റ്റ് അതിന്റെ കാരണം കണ്ടെത്തുകയും ചിത്രങ്ങളാലും ചിന്തകളാലും അവയെ അവസാനിപ്പിക്കുന്നതും ആണ് ഇതിന്റെ ചികിത്സാ രീതി. അപ്പോൾ സ്ഥിരമായി പേടി സ്വപ്നം കണ്ട് ഉറക്കവും ജീവിതവും അസ്വസ്ഥമാകുന്നുണ്ടെങ്കിൽ ഉടനെ ചികിത്സ തേടാൻ മടിക്കരുത്.

Latest