Kerala
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനെതിരായ നീക്കവുമായി കോണ്‍ഗ്രസ്
പൊന്‍മുണ്ടം പഞ്ചായത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിചിത്ര സഖ്യം നിലവില്‍ വന്നു
മലപ്പുറം | തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗിനെതിരായ നീക്കവുമായി കോണ്‍ഗ്രസ്. ഇടതുപക്ഷവുമായി നീക്കുപോക്കിനും രഹസ്യ ധാരണക്കും പരസ്യമായ സഖ്യത്തിനുവരെ കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കുന്നു.
മലപ്പുറം പൊന്‍മുണ്ടം പഞ്ചായത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിചിത്ര സഖ്യം നിലവില്‍ വന്നുകഴിഞ്ഞു. ജനകീയ മുന്നണിയെന്ന പേരിലാണ് സഖ്യം രൂപപ്പെട്ടത്. കോണ്‍ഗ്രസ് 11 സീറ്റിലും സി പി എം അഞ്ചു സീറ്റിലും മുന്നണിയായി മത്സരിക്കാനാണ് ധാരണ. രണ്ട് സീറ്റുകള്‍ ടീം പൊന്‍ മുണ്ടം എന്ന കൂട്ടായ്മക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. സി പി എം സഖ്യത്തില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാണ്. ജില്ലാ ജനറല്‍ സെക്രട്ടിയും ബ്ലോക്ക് പ്രസിഡണ്ടുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവും. ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ സെക്രട്ടറിയുമടമുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് സി പി എമ്മിന്റെ തീരുമാനം.
വര്‍ഷങ്ങളായി മലപ്പുറത്തെ വിവിധ മേഖലയില്‍ കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന വൈരാഗ്യം തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലാണ് പുറത്തുവരിക. ഉന്നത നേതാക്കള്‍ ഇടപെട്ടാല്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത വിധം കോണ്‍ഗ്രസും ലീഗും അകന്നു കഴിയുന്ന മേഖലകളുമുണ്ട്.
പൊന്‍മുണ്ടത്ത് മുന്നണി പൊളിച്ചത് മുസ്ലീം ലീഗാണെന്നും കോണ്‍ഗ്രസ് ജനാധിപത്യ മതേതര പ്ലാറ്റ്‌ഫോം ഉണ്ടാക്കി മത്സരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് – സി പി എം ധാരണക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് ജില്ല, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ അകല്‍ച്ചയുണ്ടായാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അകല്‍ച്ച വര്‍ധിക്കുമെന്നും അത് മലപ്പുറത്ത് യു ഡി എഫിനു കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നുമാണ് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.




