National
ഭൂരേഖാ വിതരണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തു; കര്‍ണാടകയില്‍ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി
കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് സംഭവം. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് കടുംകൈ ചെയ്തത്.

ബെംഗളൂരു | ഭൂമി അനുവദിച്ചു കൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്യുന്നതിനിടെ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് സംഭവം. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് കടുംകൈ ചെയ്തത്. ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തില്‍ ഭൂരേഖകള്‍ വിതരണം ചെയ്യുന്ന പൊതു പരിപാടിയിലാണ് അതിക്രമം അരങ്ങേറിയത്. കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്.
ഭൂരേഖകള്‍ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് ജില്ലയുടെ ചുമതലയുള്ള എം എല്‍ എ കൂടിയായ സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.
ഉപഭോക്താക്കളെ തിരഞ്ഞെടുത്ത നടപടിക്രമങ്ങള്‍ തെറ്റായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് നഞ്ചപ്പ നിര്‍ദേശിച്ചവര്‍ക്കാണ് ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ വിതരണം ചെയ്തതെന്നും കെമ്പമ്മ മന്ത്രിക്ക് സമീപത്തേക്ക് ചെന്ന് ആരോപിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട മന്ത്രി ഉടന്‍ കെമ്പമ്മയെ കരണത്തടിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ഇതിനു ശേഷം കെമ്പമ്മയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് കൈയില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തില്‍ കാണാം.