International
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ഇറാൻ സഹകരണം പുനഃരാരംഭിച്ചു
ഈജിപ്തിന്റെ മധ്യസ്ഥതയിൽ കരാറിൽ ഒപ്പുവെച്ചു; സ്വാഗതം ചെയ്ത് സഊദി അറേബ്യ

കൈറോ | ഇറാൻ്റെ ആണവ സൗകര്യങ്ങളുടെ പരിശോധനകൾ പുനരാരംഭിക്കുന്നതുൾപ്പെടെ സഹകരണം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഈജിപ്തിന്റെ മധ്യസ്ഥതയിൽ കരാറിൽ ഒപ്പുവെച്ചതായി വാർത്താ ഏജൻസി റിപോർട്ട് ചെയ്‌തു. പരസ്പര വിശ്വാസം വളർത്തിയെടുക്കേണ്ടതിൻ്റെയും നയതന്ത്ര പരിഹാരങ്ങൾ പിന്തുടരേണ്ടതിൻ്റെയും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിന് ഐ എ ഇ എയുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈജിപ്ഷ്യൻ മധ്യസ്ഥതയിൽ നടന്ന കരാറിനെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാറ്റി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി എന്നിവർ നടത്തിയ സംയുക്ത കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കരാറിൽ ഒപ്പുവെച്ചത്. ഇറാനിലെ പരിശോധനാ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രായോഗിക രീതികളെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചത് ശരിയായ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് ഐ എ ഇ എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു.
ജൂലൈ രണ്ടിന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ യു എൻ ആണവ നിരീക്ഷണ സംഘടനയുമായുള്ള എല്ലാ സഹകരണവും താത്കാലികമായി നിർത്തിവച്ചുകൊണ്ട് പാർലിമെൻ്റിൽ പ്രമേയം പാസ്സാക്കിയിരുന്നു.
---- facebook comment plugin here -----