Ongoing News
അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം ഹദീസ് കോണ്‍ഫറന്‍സ്; ഡോ. അസ്ഹരി സംബന്ധിക്കും
ഈമാസം 19 മുതല്‍ മലേഷ്യയിലെ മസ്ജിദ് പുത്രജയയിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
ക്വാലാലംപുര്‍ | ഈമാസം 19 മുതല്‍ 29 വരെ മലേഷ്യയിലെ മസ്ജിദ് പുത്രജയയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം ഹദീസ് സമാ കോണ്‍ഫറന്‍സില്‍ ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിക്കും.
മലേഷ്യയുടെ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായാണ് ഡോ. അസ്ഹരി സംബന്ധിക്കുന്നത്. പ്രവാചകരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രധാനമായ സ്വഹീഹുല്‍ മുസ്‌ലിം പൂര്‍ണമായി വായിച്ചുകേള്‍പ്പിച്ച് സനദ് കൈമാറുന്ന സമാ കോണ്‍ഫറന്‍സ് വന്‍ജനകീയമായാണ് എല്ലാ വര്‍ഷവും നടക്കാറുള്ളത്.
പണ്ഡിതന്മാര്‍ക്കും വിശ്വാസികള്‍ക്കും പൗരാണിക ഹദീസ് പഠന പാരമ്പര്യത്തില്‍ കണ്ണികളാകാനുള്ള അസുലഭ അവസരമായാണ് കോണ്‍ഫറന്‍സ് സംവിധാനിക്കുന്നത്. ശൈഖ് നൂറുദ്ദീന്‍ മര്‍ബു അല്‍ബഞ്ചാരി അല്‍ മക്കി ഇന്തോനേഷ്യ, ശൈഖ് ഡോ. നാജി റാശിദ് അല്‍ അറബി ബഹ്റൈന്‍, ശൈഖ് ഡോ. അഹമ്മദ് മംദൂഹ് സഅദ് ഈജിപ്ത്, ശൈഖ് ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍ അല്‍യൂസുഫ് മലേഷ്യ, ശൈഖ് ഇസ്സാം അസ്സുബുഇ അല്‍മാലികി ടുണീഷ്യ, ശൈഖ് ഡോ. യാസിര്‍ അല്‍അദനി അസ്സയാഹിരി യമന്‍ തുടങ്ങിയ പണ്ഡിതന്മാരാണ് ഡോ. അസ്ഹരിക്ക് പുറമെ പ്രധാന അതിഥികളായി സംബന്ധിക്കുന്നത്.



