Kozhikode
അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങള്‍ പുരോഗമിക്കുന്നു
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും.

അന്താരാഷ്ട്ര മീലാദ് സമ്മേളനം വിളംബരം ചെയ്ത് വിറാസ് വിദ്യാര്‍ഥികള്‍ നടത്തിയ സന്ദേശ റാലി.
കോഴിക്കോട് | സെപ്തംബര്‍ 13ന് ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തോടടുക്കുന്നു. കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്‌ലിം സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും വര്‍ഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തില്‍ നടന്നുവരുന്നത്. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും സമസ്ത നേതാക്കളും പങ്കെടുക്കുന്ന ഈ വര്‍ഷത്തെ സമ്മേളനം പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് കൂടുതല്‍ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീര്‍ത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാകും. തിരുനബി ദര്‍ശനങ്ങളും മൊഴികളും കൂടുതല്‍ പ്രസക്തിയാര്‍ജിക്കുന്ന സമകാലികാന്തരീക്ഷത്തില്‍ അവ കൂടുതല്‍ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. നൂറിലധികം ദഫ്, സ്‌കൗട്ട്, ഫ്‌ളവര്‍ഷോ സംഘങ്ങള്‍ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്രയും സമ്മേളന ദിവസം നഗരത്തില്‍ നടക്കുന്നുണ്ട്.
‘തിരുവസന്തം 1500’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സംസ്ഥാനത്തെ വിവിധ മഹല്ലുകളിലെ മീലാദ് പരിപാടികളില്‍ വിളംബര സംഗമങ്ങള്‍ കഴിഞ്ഞ ദിവസം നടന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളും മുഖേനയുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നത്. യൂണിറ്റുകളില്‍ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണവും മികച്ച രൂപത്തില്‍ മുന്നേറുന്നു.
മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്റൈന്‍ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് കാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും പ്രീ കോണ്‍ഫറന്‍സുകള്‍, സ്‌നേഹ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനത്തെ വരവേറ്റ് പ്രചാരണ കമാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. നഗരത്തിലെ പ്രാസ്ഥാനിക ചലനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മഹത്തുക്കളെയും വ്യക്തികളെയും അനുസ്മരിച്ചാണ് കമാനങ്ങള്‍ സ്ഥാപിച്ചത്. വിവിധ മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ കവലകള്‍ കേന്ദ്രീകരിച്ച് ഫ്‌ളാഷ് മോബുകളും നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ പ്രചാരണങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും നാളെ വളണ്ടിയര്‍ മീറ്റും പ്രാസ്ഥാനിക സംഗമവും നടക്കും. തിരുപ്പിറവിയുടെ 1500-ാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മീലാദ് സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മര്‍കസും പ്രസ്ഥാനവും പ്രവര്‍ത്തകരും സ്‌നേഹജനങ്ങളും.