Connect with us

National

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിനായി ഊര്‍ജിത തിരച്ചില്‍; ഇന്റര്‍നെറ്റ് വിലക്ക് നീട്ടി

നാളെ പകല്‍ 12 വരെയാണ് ഇന്റര്‍നെറ്റ് വിലക്ക് നീട്ടിയത്. സര്‍ക്കാര്‍ എസ് എം എസ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞയും നിലവിലുണ്ട്.

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാനായുള്ള നീക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി. നാളെ പകല്‍ 12 വരെയാണ് നീട്ടിയത്. സര്‍ക്കാര്‍ എസ് എം എസ് അടക്കമുള്ള സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞയും നിലവിലുണ്ട്.

അമൃത്പാല്‍ സിങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ അമൃത്പാലിനെ പിടികൂടാന്‍ പോലീസ് വന്‍ സന്നാഹമൊരുക്കിയെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമൃത്പാലിനായി ജലന്ധറിലെയും അമൃത്സറിലെയും വിവിധ സ്ഥലങ്ങളില്‍ പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്. നാല് വാഹനങ്ങളിലായാണ് അമൃത്പാലും അനുയായികളും രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. അമ്പതോളം വാഹനങ്ങളിലാണ് പോലീസ് അമൃത്പാലിനെ പിന്തുടര്‍ന്നത്. എന്നാല്‍, പോലീസിനെ കണ്ടതോടെ ഇയാളുടെ വാഹനം യു ടേണ്‍ എടുത്ത് മെഹ്താപൂര്‍ ഏരിയയില്‍ എത്തി. വാഹന വ്യൂഹത്തില്‍ നിന്ന് ഒരു വാഹനം പോലീസ് പിടികൂടിയെങ്കിലും മറ്റ് മൂന്നു വാഹനങ്ങളുമായി അമൃത്പാലും സംഘവും രക്ഷപ്പെട്ടു.

ഖലിസ്ഥാന്‍ വാദിയായ ജെര്‍നെയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ അനുയായിയാണെന്ന് പ്രഖ്യാപിച്ച അമൃത്പാല്‍ സിങ് ഭിന്ദ്രന്‍വാല രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. വാരിസ് ദേ പഞ്ചാബ് സ്ഥാപകനായ ദീപ് സിദ്ദുവിന്റെ മരണത്തോടെയാണ് ഇയാള്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുത്തത്.

ഫെബ്രുവരി 23-ന് അമൃത്പാല്‍ സിങിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. അറസ്റ്റിലായ ഇയാളുടെ അനുയായിയെ മോചിപ്പിക്കാനാണ് തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നൂറുകണക്കിന് പേര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

അമൃത്പാലിന്റെ ഒളിസങ്കേതങ്ങള്‍ കണ്ടെത്താനായി ഇന്റലിജന്‍സ്
പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. 10 കമ്പനി കേന്ദ്ര സേനയും സംസ്ഥാനത്തെത്തിയിട്ടുണ്ട്.

 

 

Latest