Uae
അബൂദബിയിൽ അനധികൃത പാർട്ടീഷനുകൾക്കെതിരെ പരിശോധന
നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നു

അബൂദബി| അനധികൃതമായി വിഭജിച്ച വില്ലകളിലെ താമസത്തെക്കുറിച്ച് അബൂദബിയിൽ പരിശോധന ശക്തമാക്കി. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡി എം ടി) യുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുകയും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പം കുറഞ്ഞ വരുമാനക്കാർക്ക് താങ്ങാനാവുന്ന ഭവന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ദീർഘകാല പരിഹാരങ്ങളും വകുപ്പ് തേടുന്നുണ്ട്.
താങ്ങാനാവുന്ന ഭവന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി “വാല്യൂ ഹൗസിംഗ് പ്രോഗ്രാം’ എന്ന ഒരു പ്രധാന സംരംഭം ആരംഭിച്ചിട്ടുണ്ട്. 2040 ഓടെ അബൂദബിയിലെ ജനസംഖ്യ രണ്ട് ദശലക്ഷത്തിലധികം വർധിക്കുമെന്ന കണക്കുകൾ മുൻനിർത്തിയാണ് ഈ നടപടികൾ. പഴയ വില്ലകളിലും അപ്പാർട്ട്മെന്റുകളിലും പ്രത്യേകിച്ച് ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ, അംഗീകാരമില്ലാത്ത വാടക സമ്പ്രദായങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വാടക കരാർ സംവിധാനമായ “തൗതീഖ്’ വഴി രജിസ്റ്റർ ചെയ്യാത്ത അനൗപചാരിക കരാറുകളിലൂടെയാണ് പലയിടത്തും വാടക ഇടപാടുകൾ നടക്കുന്നത്.
മുനിസിപ്പാലിറ്റി “നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം’ പോലുള്ള പൊതു അവബോധ ക്യാമ്പയിനുകൾ നടത്തുകയും വാടക കരാറുകൾ ഔദ്യോഗികമാക്കാൻ ഉടമകളെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴയും വാടക രജിസ്‌ട്രേഷൻ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുന്നതും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകും. ദുബൈയിലും സമാനമായ നടപടികൾ കഴിഞ്ഞ മാസം സ്വീകരിച്ചിരുന്നു.