Uae
30,000 അടി ഉയരത്തിൽ ജീവൻ രക്ഷ; ഇത്തിഹാദ് ജീവനക്കാരന് തുണയായി ഇന്ത്യൻ ഡോക്ടർമാർ
വിമാനം പറക്കുന്നതിനിടെ ഗുരുതരമായ അലർജി ബാധിച്ച കാബിൻ ക്രൂ അംഗത്തിന്റെ ജീവനാണ് ഇവർ രക്ഷിച്ചത്.
അബൂദബി |എത്യോപ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ രക്ഷകരായി രണ്ട് ഇന്ത്യൻ ഡോക്ടർമാർ. വിമാനം പറക്കുന്നതിനിടെ ഗുരുതരമായ അലർജി ബാധിച്ച കാബിൻ ക്രൂ അംഗത്തിന്റെ ജീവനാണ് ഇവർ രക്ഷിച്ചത്. ഹെമറ്റോ-ഓങ്കോളജിസ്റ്റും അസ്ഥിമജ്ജ മാറ്റിവെക്കൽ വിദഗ്ധനുമായ ഡോ. ഗോപിനാഥൻ എം, സീനിയർ കൺസൾട്ടന്റും യൂറോളജി ക്ലിനിക്കൽ ലീഡുമായ ഡോ. സുദർശൻ ബാലാജി എന്നിവരായിരുന്നു സഹായവുമായി എത്തിയത്. ഒരു മെഡിക്കൽ ക്യാമ്പിന് ശേഷം മടങ്ങുകയായിരുന്നു ഇരുവരും.
ഡിസംബർ ഒന്നിന് വിമാനം പുറപ്പെട്ട് ഏകദേശം 40 മിനിറ്റിന് ശേഷമാണ് അടിയന്തിര സാഹചര്യം ഉണ്ടായതെന്ന് ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ക്രൂ അംഗത്തിനുണ്ടായ അസുഖം നിമിഷങ്ങൾക്കുള്ളിൽ ശ്വാസനാളിയെ തടസ്സപ്പെടുത്തുകയും ഓക്‌സിജന്റെ അളവ് കുറക്കുകയും ചെയ്യുന്ന ഗുരുതരമായ അലർജി പ്രതികരണമാണ്.
അടിയന്തിര ലാൻഡിംഗിന് അവസരമില്ലാത്ത സാഹചര്യത്തിൽ, വിമാനത്തിൽ ഉണ്ടായിരുന്ന പ്രാഥമിക മെഡിക്കൽ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ഈ വിദഗ്ധ ഡോക്ടർമാർ ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. അവർ ക്രൂ അംഗത്തിന് സ്റ്റിറോയിഡുകൾ, ബ്രോങ്കോഡിലേറ്ററുകൾ, ആന്റിഹിസ്റ്റാമൈൻസ് എന്നിവ നൽകുകയും തുടർച്ചയായി ഓക്‌സിജൻ നൽകുകയും ചെയ്തു.
അദ്ദേഹത്തിന്റെ ശ്വാസം സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ഏകദേശം ഒരു മണിക്കൂറിലധികം പരിശ്രമിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ, ഏകദേശം നാല് മണിക്കൂറോളം അവർ അദ്ദേഹത്തിന്റെ സുപ്രധാന ലക്ഷണങ്ങൾ പരിശോധിക്കുകയും പിന്തുണ നൽകുകയും ചെയ്തു.

