National
വ്യാപാരബന്ധത്തിൽ ഇന്ത്യ സ്വതന്ത്ര തീരുമാനമെടുക്കുന്നത് തുടരും; ട്രംപിനെതിരെ വിദേശകാര്യ മന്ത്രി
ബിസിനസ്സ് ചെയ്യുന്നതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് തമാശ

ന്യൂഡല്‍ഹി | യു എസുമായുള്ള വ്യാപാരം ഒരു തര്‍ക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യയില്‍ നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം ട്രംപിനെ തള്ളിക്കൊണ്ട് പറഞ്ഞു. ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ജയ്ശങ്കര്‍
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിനെ പോലെ, പരസ്യമായി വിദേശനയങ്ങള്‍ പ്രഖ്യാപിക്കുന്ന ഒരു യു എസ് പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ല. അതുതന്നെ ഒരു വ്യതിയാനമാണ്. അത് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രസിഡന്റ് ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണ്. വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്. ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂനിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ഒരു ബിസിനസ്സ് അനുകൂല അമേരിക്കന്‍ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ മറ്റുള്ളവരെ ബിസിനസ്സ് ചെയ്യുന്നതിന് കുറ്റപ്പെടുത്തുന്നത് തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു.