Connect with us

Ongoing News

ഇന്ത്യ പാക് സംഘര്‍ഷം: മിഡില്‍ ഈസ്റ്റ്-ഏഷ്യന്‍ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു

സംഘര്‍ഷം മൂലം നിരവധി വിമാനക്കമ്പനികള്‍ റൂട്ട് മാറ്റുകയും മറ്റ് കമ്പനികള്‍ സുരക്ഷയുടെ ഭാഗമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

Published

|

Last Updated

ദമാം | ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ്-ഏഷ്യന്‍ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. സംഘര്‍ഷം മൂലം നിരവധി വിമാനക്കമ്പനികള്‍ റൂട്ട് മാറ്റുകയും മറ്റ് കമ്പനികള്‍ സുരക്ഷയുടെ ഭാഗമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയര്‍വേയ്സ്, ഒമാന്‍, എത്തിഹാദ് എയര്‍വേയ്സ്, ചൈന എയര്‍, കൊറിയന്‍ എയര്‍, തായ് എയര്‍, തുടങ്ങിയ വിമാന കമ്പനികളാണ് വഴിതിരിച്ചുവിട്ടത്. തായ്വാനിലെ ചൈന എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍ എന്നിവയുള്‍പ്പെടെ നിരവധി ഏഷ്യന്‍ വിമാനക്കമ്പനികള്‍ ബുധനാഴ്ച യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചില സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ 57 അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നുവെന്ന് പാക് എയര്‍ ട്രാഫിക് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞാഴ്ച മുതല്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിരുന്നു. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ് തുടങ്ങിയ ആഗോള വിമാനക്കമ്പനികളും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നേരത്തെ ഒഴിവാക്കിയിരുന്നു. മെയ് ആറ് മുതല്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നത് നിര്‍ത്തിയതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.

കൊറിയന്‍ എയര്‍ ബുധനാഴ്ച മുതല്‍ സിയോള്‍ ഇഞ്ചിയോണ്‍-ദുബൈ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള മുന്‍ പാതയ്ക്ക് പകരം മ്യാന്‍മര്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവയിലൂടെ കടന്നുപോകുന്ന തെക്കന്‍ റൂട്ട് തിരഞ്ഞെടുത്തതായി കമ്പനി അറിയിച്ചു,

ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ യൂറോപ്പിലെയും ദക്ഷിണേഷ്യയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് തായ് എയര്‍വേയ്സ് വ്യകത്മാക്കി. അതേസമയം, ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, റോം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ തടസ്സപ്പെട്ടതായി ചൈന എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ബാധിച്ച വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ക്രമീകരിക്കുമെന്ന് തായ്വാനിലെ ഇ വി എ എയര്‍ അറിയിച്ചു.

പ്രവര്‍ത്തന തടസ്സം കൂടാതെ സംഘര്‍ഷ മേഖലകളിലെ വിമാന പ്രവര്‍ത്തനങ്ങളില്‍ ജി പി എസ് സ്പൂഫിംഗ് ഇടപെടുന്നത് വ്യോമ വ്യവസായം നേരിടുന്ന ഏറ്റവും വലിയ അപകടസാധ്യതകളിലൊന്നായതിനാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതായി അസോസിയേഷന്‍ ഓഫ് ഏഷ്യ പസഫിക് എയര്‍ലൈന്‍സ് ആശങ്ക പ്രകടിപ്പിച്ചു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഡസനോളം ഇന്ത്യ, പാക് വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചത്.

പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയില്‍ നിരോധനം ഏര്‍പ്പെടുത്തടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നെങ്കിലും, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

അടുത്താഴ്ച വരെ തങ്ങളുടെ 165 വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ അറിയിപ്പ് പുറത്ത് വന്നതോടെ ഇന്‍ഡിഗോയുടെ ഓഹരി വിലയില്‍ 1.8 ശതമാനം ഇടിവാണ് നേരിട്ടത്. ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, അകാസ എയര്‍ എന്നിവയുടെ വിമാന സര്‍വീസുകളും റദ്ദാക്കി.

വിമാനങ്ങളുടെ വ്യോമപാതകള്‍ തിരിച്ചുവിടുന്നതോടെ വിമാനക്കമ്പനികളുടെ ദീര്‍ഘദൂര യാത്ര, ഇന്ധന ഉപയോഗത്തിലെ വര്‍ധന എന്നിവ മൂലം സര്‍വീസുകള്‍ക്ക് ചെലവിനത്തില്‍ വലിയ ഭീമമായ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. തത്സ്ഥിതി തുടര്‍ന്നാല്‍ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന വരുത്താനാണ് വിമാന കമ്പനികളുടെ നീക്കം.

 

സിറാജ് പ്രതിനിധി, ദമാം