Connect with us

Kerala

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: വി ഡി സതീശന്‍

നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു ഡി എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം |  യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പോലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു ഡി എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

Latest