Kerala
ഹൈക്കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല മുഴുവൻ ചെമ്പാക്കി മാറ്റിയേനേ: കെ സി വേണുഗോപാൽ
'ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്'. എന്നും കെ സി വേണുഗോപാൽ

കോഴിക്കോട് | ശബരിമല സ്വർണപാളി വിഷയത്തിൽ സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ ഗുരുതര ആരോപണങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഹൈക്കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല മുഴുവൻ ‘ചെമ്പാക്കി മാറ്റിയേനേ’ എന്ന് അദ്ദേഹം വിമർശിച്ചു. ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നടന്ന പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.
ശബരിമല വിഷയം യുഡിഎഫുകാരന്റെയോ കോൺഗ്രസുകാരന്റെയോ വീട്ടിൽ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ചർച്ചാവിഷയമാണ്. സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഈ ‘കൊടിയ അഴിമതിയിൽ’ അപമാനിതരായ സഖാക്കന്മാർ ഈ വിഷയം മാറ്റാനായി ഷാഫി പറമ്പിൽ എംഎൽഎയെ ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎസ്പി സുനിലിനെ പേരെടുത്ത് പറഞ്ഞും വേണുഗോപാൽ വിമർശിച്ചു. ‘ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്’. എന്നും അദ്ദേഹം പറഞ്ഞു.
ശാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്നായിരുന്നു റൂറൽ എസ്പി കെ.ഇ. ബൈജുവിന്റെ അവകാശവാദം. എന്നാൽ, എംപിയെ പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നരുന്നു.