Connect with us

siraj editorial

തിരുത്തപ്പെടണം പ്രതിമാ സംസ്‌കാരം

കര്‍മങ്ങള്‍ വിലയിരുത്തിയാണ് ലോകം ഒരു വ്യക്തിയെ അളക്കുന്നതും സ്മരിക്കുന്നതും. നിഷ്‌കാമികളായ ജനസേവകര്‍ക്കും നേതാക്കള്‍ക്കും പ്രതിമകളുടെ ആവശ്യമില്ല.

Published

|

Last Updated

ഉത്തര്‍ പ്രദേശില്‍ ബി എസ് പി അധികാരത്തിലെത്തിയാല്‍ പുതിയ പ്രതിമകളോ സ്മാരകങ്ങളോ സ്ഥാപിക്കില്ലത്രെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലക്‌നോവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടേതാണ് പ്രഖ്യാപനം. കഴിഞ്ഞ ബി എസ് പി സര്‍ക്കാറിന്റെ കാലത്ത് യു പിയിലെമ്പാടും പ്രതിമകള്‍ സ്ഥാപിച്ച് പൊതുഖജനാവ് ധൂര്‍ത്തടിച്ച മായാവതിക്കുണ്ടായ ഈ “ബോധോദയം’ സ്വാഗതാര്‍ഹമാണ്. ബി എസ് പി സ്ഥാപകന്‍ കന്‍ഷി റാമിന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമക്കു പുറമെ സ്വന്തം പ്രതിമയും സ്ഥാപിച്ചിരുന്നു തന്റെ ഭരണത്തില്‍ മായാവതി. ലോകായുക്ത റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1,400 കോടിയോളം രൂപയാണ് സ്മാരകങ്ങള്‍ നിര്‍മിക്കാനായി ബി എസ് പി സര്‍ക്കാര്‍ ചെലവിട്ടത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആനകളുടെ പ്രതിമ നിര്‍മിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ചെലവിട്ട പണം മായാവതി സ്വന്തം കൈയില്‍ നിന്ന് തിരിച്ചടക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിപ്രതിമകളിലൂടെയാണ് പ്രതിമാ സംസ്‌കാരത്തിനു തുടക്കം കുറിച്ചത്. ദേശീയ സമരത്തില്‍ വഹിച്ച പങ്കും വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കൈവരിച്ച രക്തസാക്ഷിത്വവും കണക്കിലെടുത്താണ് ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത്. പിന്നീട് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെയും വിവിധ രാഷ്ട്രപതിമാരുടെയും ഭരണഘടനാ നിര്‍മാണത്തിനു നേതൃത്വം വഹിച്ച അംബേദ്കര്‍ തുടങ്ങിയ രാഷ്ട്ര നേതാക്കളുടെയും പ്രതിമകള്‍ ഉയര്‍ന്നു വന്നു. ക്രമേണ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മാറി പ്രതിമാ നിര്‍മാണം. മിക്ക പാര്‍ട്ടി നേതാക്കളുടെയും പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍. എന്തിനേറെ, മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമ പോലും സ്ഥാപിതമായിട്ടുണ്ട് രാജ്യത്ത്. ഗ്വാളിയോറിലെ ദൗളത് ഗഞ്ചില്‍ ഹിന്ദുമഹാസഭാ ഓഫീസിലാണ് ഗോഡ്സെയുടെ 32 ഇഞ്ച് ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്.

കഴിഞ്ഞ വര്‍ഷം കേരള കോണ്‍ഗ്രസ്സ് യൂത്ത് ഫ്രണ്ടും കോട്ടയം കെ എം മാണി ഫൗണ്ടേഷനും ചേര്‍ന്ന് കോട്ടയം പാലാ കൊട്ടാരമുറ്റം ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ സ്ഥാപിച്ച കെ എം മാണിയുടെ പ്രതിമയുടെ അനാഛാദന ചടങ്ങ് സംസ്ഥാന രാഷട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിലെ സ്പീക്കറായിരുന്ന പി രാമകൃഷ്ണനാണ് പ്രതിമയുടെ അനാഛാദന ചടങ്ങ് നടത്തിയത്. 2015 മാര്‍ച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ നടന്ന അതിക്രമത്തിനിടെ മാണിയുടെ കസേര തള്ളിയിട്ടത് രാമകൃഷ്ണനാണെന്നാണ് ആരോപിക്കപ്പെടുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ കെ എം മാണി എത്തിയപ്പോള്‍ പ്രതിപക്ഷത്തെ എം എല്‍ എ ആയിരുന്നു രാമകൃഷ്ണന്‍. മാണിക്കെതിരായ നിയമസഭയിലെ പ്രക്ഷോഭത്തില്‍ കസേര തള്ളിയിട്ടയാള്‍ അദ്ദേഹത്തിന്റെ പ്രതിമാ ഉദ്ഘാടനത്തിനെത്തിയത് പ്രതിപക്ഷം ആയുധമാക്കി. പ്രതിമ സ്റ്റേജില്‍ നിന്ന് തള്ളി താഴെയിട്ട് ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു ഈ അനാഛാദന ചടങ്ങിനെക്കുറിച്ച് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരിഹസിച്ചെഴുതിയത്.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബേട് ദ്വീപില്‍ സ്ഥാപിക്കപ്പെട്ട സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വിഗ്രഹവത്കരണം. 182 മീറ്റര്‍ ഉയരത്തില്‍ (597 അടി) ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന പെരുമയോടെയാണ് 3,000 കോടി ചെലവില്‍ ഈ പ്രതിമ സ്ഥാപിച്ചത്. (അയോധ്യയില്‍ സരയൂ നദീതീരത്ത് ശ്രീരാമന്റെ പ്രതിമ ഉയരുന്നതോടെ പട്ടേല്‍ പ്രതിമയുടെ പ്രൗഡി കുറയും. പട്ടേല്‍ പ്രതിമയേക്കാളും ഉയരത്തില്‍ 221 മീറ്ററിലാണ് രാമന്റെ പ്രതിമ സ്ഥാപിക്കുകയെന്നാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്) ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ നിരോധിച്ച അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന് മോദി ഭരണകൂടം മുന്നോട്ടു വന്നതിനു പിന്നില്‍ പട്ടേലിനോടുള്ള ആദരവിനേക്കാളുപരി കുടില ഫാസിസ്റ്റ് തന്ത്രമാണെന്നാണ് നിരീക്ഷകരുടെ പക്ഷം. ഗുജറാത്തെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേര് പട്ടേലിന്റേതല്ല; ഗാന്ധിയുടേതാണ്. എന്നിട്ടും ഗാന്ധിജിയെ മാറ്റിനിര്‍ത്തി പട്ടേലിനു വേണ്ടി ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന പ്രതിമ സ്ഥാപിച്ചതിനു പിന്നിലെ ലക്ഷ്യം രാജ്യം ഗാന്ധിജിക്കും നെഹ്‌റുവിനും മറ്റും നല്‍കുന്ന മുഖ്യ പരിഗണന ഇല്ലാതാക്കുകയെന്നതാണ്.

നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്താനാണല്ലോ പ്രതിമകള്‍ സ്ഥാപിക്കുന്നത്. ഇതിന് പ്രതിമകള്‍ തന്നെ വേണോ എന്ന ചോദ്യം സാമൂഹിക തലങ്ങളില്‍ വ്യാപകമാണ്. പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ ഒരിടം എന്നതിലുപരി പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന പ്രതിമകള്‍ കൊണ്ട് സമൂഹത്തിനോ രാജ്യത്തിനോ എന്ത് നേട്ടം? ഇതിലുപരി മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട് മഹത്തുക്കളെ സ്മരിക്കാന്‍. ഒരു നേതാവിന്റെ പേരില്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്റെ മാതൃകയില്‍ ലോകോത്തര നിലവാരത്തിലുള്ള ആശുപത്രിയോ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനമോ പാവങ്ങളുടെ പട്ടിണി മാറ്റാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുതകുന്ന പദ്ധതികളോ ആരംഭിച്ചാല്‍ അത് സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടും. ഒരു പ്രതിമ നല്‍കുന്നതിനേക്കാള്‍ ജനങ്ങളില്‍ അവരുടെ സ്മരണ നിലനില്‍ക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും. അല്ലെങ്കിലും മികച്ച വ്യക്തികള്‍ക്കെന്തിന് പ്രതിമകള്‍? പ്രവാചകര്‍ മുഹമ്മദ് നബി(സ) ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്ത നേതാവായിത്തീര്‍ന്നത് പ്രതിമ കൊണ്ടല്ല. നബിയുടെ പ്രതിമയെന്നല്ല, ഒരു ഭാവനാ ചിത്രം പോലും കണ്ടെത്തുക സാധ്യമല്ല ലോകത്തൊരിടത്തും. കര്‍മങ്ങള്‍ വിലയിരുത്തിയാണ് ലോകം ഒരു വ്യക്തിയെ അളക്കുന്നതും സ്മരിക്കുന്നതും. നിഷ്‌കാമികളായ ജനസേവകര്‍ക്കും നേതാക്കള്‍ക്കും പ്രതിമകളുടെ ആവശ്യമില്ല. വ്യര്‍ഥമായ ഒരേര്‍പ്പാടാണ് നേതാക്കളുടെ പ്രതിമാ നിര്‍മാണം. പൊതുപണം ഉപയോഗിച്ചുള്ള പ്രതിമാ നിര്‍മാണം വിശിഷ്യാ ജനദ്രോഹവുമാണ്.

---- facebook comment plugin here -----

Latest