National
'വോട്ട് കള്ളന്മാരേ, കസേര വിടൂ'; ആവേശത്തിരയിളക്കി ഇന്ത്യ മുന്നണിയുടെ വോട്ട് അധികാർ യാത്ര
പ്രതീകാത്മകമായ ഈ മാർച്ച് പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നിന്നാണ് ആരംഭിച്ചത്.

പട്ന | ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാരേ, കസേര വിടൂ) എന്ന ആവേശമുദ്രാവാക്യവുമായി പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി, രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഉൾപ്പെടെ ഇന്ത്യ മുന്നണി നേതാക്കൾ നയിച്ച ‘വോട്ട് അധികാർ യാത്ര’ സമാപനത്തിലേക്ക്. ‘ഗാന്ധി സെ അംബേദ്കർ’ എന്ന പേരിലുള്ള ഐതിഹാസിക റാലിയോടെയാണ് രണ്ടാഴ്ച നീണ്ട യാത്രക്ക് പട്നയിൽ പരിസമാപ്തിയായത്. സമാപന ചടങ്ങ് പട്നയിൽ പുരോഗമിക്കുകയാണ്.
പ്രതീകാത്മകമായ ഈ മാർച്ച് പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നിന്നാണ് ആരംഭിച്ചത്. നേതാക്കൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡോ. ബി ആർ അംബേദ്കർ പാർക്കിലേക്ക് നീങ്ങി. ആർ.ജെ.ഡി, കോൺഗ്രസ്, സി പി ഐ (എം എൽ), സി പി ഐ (എം), സി പി ഐ, വി ഐ പി തുടങ്ങിയ പാർട്ടികളുടെ പതാകകളേന്തി പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി.
രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനുമൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ദിപാങ്കർ ഭട്ടാചാര്യ (സി പി ഐ-എം എൽ), എം.എ. ബേബി (സി പി ഐ-എം), മുകേഷ് സാഹ്നി (വി ഐ പി), സഞ്ജയ് റാവത്ത് (ശിവസേന യു ബി ടി), ജിതേന്ദ്ര അഹ്വാദ് (എൻ സി പി-എസ് പി), യൂസഫ് പത്താൻ (തൃണമൂൽ കോൺഗ്രസ്) തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ അണിനിരന്നു.
ഓഗസ്റ്റ് 17-ന് ആരംഭിച്ച ‘വോട്ട് അധികാർ യാത്ര’ ഏകദേശം 1300 കിലോമീറ്ററിലധികം ദൂരവും 25 ജില്ലകളിലെ 110 മണ്ഡലങ്ങളും താണ്ടിയാണ് പര്യടനം പൂർത്തിയാക്കുന്നത്. ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർ യാത്രയുടെ ആദ്യഘട്ടങ്ങളിൽ പങ്കുചേർന്നിരുന്നു.