Aksharam Education
എന്തിത്ര കയ്ക്കാൻ കയ്‌പ്പേ....
കുക്കുർബിറ്റാസിനുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾ കാരണമാണ് പാവക്കക്ക് കയ്പ്പ് അനുഭവപ്പെടുന്നത്.
തീൻ മേശയിൽ ഉപ്പേരിയായി എത്തുന്നത് കൈപ്പയാണെങ്കിൽ കൂട്ടുകാരുടെ മുഖം ഒന്ന് വാടും. അത്രക്ക് കയ്പ്പാണല്ലേ നമ്മുടെ പാവക്കക്ക്. എന്നാൽ, കൈപ്പക്കക്ക് കൈപ്പ് നൽകുന്ന ഘടകം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതെന്താണെന്ന് നോക്കിയാലോ
കുക്കുർബിറ്റാസിനുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾ കാരണമാണ് പാവക്കക്ക് കയ്പ്പ് അനുഭവപ്പെടുന്നത്. വളരെ കയ്പേറിയ രുചിയുള്ള പ്രകൃതിദത്ത സസ്യ സംയുക്തങ്ങളാണിവ. വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ അളവിൽ ആയതുകൊണ്ട് നമുക്ക് കൈപ്പ് തോന്നുന്നില്ല. വിളകളെ നശിപ്പിക്കുന്ന കീടങ്ങൾക്കും മറ്റ് ജീവികൾക്കും എതിരായി ഈ കൈപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം അറിയാമോ.
കയ്പ്പയിൽ നിന്ന് 240ലധികം കുക്കുർബിറ്റേനുകളും ട്രൈറ്റർപെനോയിഡുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംയുക്തങ്ങളും മറ്റ് ഫൈറ്റോ ന്യൂട്രിയന്റുകളും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം പോലുള്ള പച്ചക്കറിയുടെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ മുന്നിലാണ് കയ്പ്പ.
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പോഷകസമൃദ്ധമായ പച്ചക്കറിയാണ് ഇത്.
ഇതിൽ പ്രത്യേകിച്ച് വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ആയുർവേദം പോലുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളിൽ ഈ ചെടിയുടെ ഔഷധമൂല്യം നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.





