Health
വായു മലിനീകരണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു
ഇന്ത്യയില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വായു മലിനീകരണവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം വളരെ മോശമായി തുടരുകയാണ്. വായു മലിനീകരണ തോത് കൂടിയതിനാല്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകളും രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 460 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച എക്യുഐ 500ന് അടുത്താണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാഹനങ്ങളില്‍ നിന്നുള്ള പുകയുടെ പുറന്തള്ളല്‍, കുറ്റിക്കാടുകള്‍ കത്തിക്കുന്നതില്‍ നിന്നുള്ള പുക, കുറഞ്ഞ കാറ്റിന്റെ വേഗത എന്നിങ്ങനെ ഡല്‍ഹി മലിനീകരണത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. മലിനീകരണ തോത്പ രിമിതപ്പെടുത്തുന്നതിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
യൂറോപ്പിലെ ഏറ്റവും വലിയ പാരിസ്ഥിതിക ആരോഗ്യ പ്രശ്നവും അകാല മരണത്തിനും രോഗങ്ങള്‍ക്കും പ്രധാന കാരണമായി പഠനങ്ങള്‍ പറയുന്നത് വായു മലിനീകരണമാണ്. യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി പറയുന്നതനുസരിച്ച്, ഹ്രസ്വകാലവും ദീര്‍ഘകാലവുമായി നീണ്ടുനില്‍ക്കുന്ന വായു മലിനീകരണം സ്ട്രോക്ക്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ബ്രോങ്കസ്, ശ്വാസകോശ അര്‍ബുദം, ആസ്തമ, ലോവര്‍ റെസ്പിറേറ്ററി അണുബാധകള്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.
വായുമലിനീകരണംമൂലം ഉണ്ടാവുന്ന വിട്ടുമാറാത്ത വ്യാധികള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതായും നിലവിലുള്ള ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഒരു ആഗോള സര്‍വേയുടെ ഭാഗമായി പുറത്തുവന്നിരുന്നു. വായുമലിനീകരണം പ്രധാനമായും കേന്ദ്ര നാഡീവ്യൂഹത്തെ വലിയതോതില്‍ ബാധിക്കും. മലിനമായ വായു ഉല്‍പ്പാദിപ്പിക്കുന്ന ന്യൂറോടോക്സിക്കന്റുകള്‍ കോശവളര്‍ച്ചയെ സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മലിന വായു ശ്വസിക്കുന്നതിലൂടെ ശിശുക്കളുടെയും കുട്ടികളുടെയും വികസിക്കുന്ന തലച്ചോറിനാണ് ഏറ്റവും കൂടുതല്‍ ആഘാതം സംഭവിക്കുക. അവര്‍ക്ക് മാനസികവും വൈജ്ഞാനികവുമായ വികാസ വൈകല്യങ്ങള്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്നിവ അനുഭവപ്പെടാം. വായു മലിനീകരണം മൂലമുണ്ടാകുന്ന ന്യൂറോടോക്സിക്കന്റുകളുടെ ആഘാതങ്ങളില്‍ മറ്റൊന്നാണ് തലവേദനയും ഉത്കണ്ഠയും. ദീര്‍ഘനാള്‍ മലിന വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്ത്യയില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വായു മലിനീകരണവും ടൈപ്പ് 2 പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലും തെക്കന്‍ നഗരമായ ചെന്നൈയിലും നടത്തിയ ഗവേഷണത്തില്‍, ഉയര്‍ന്ന അളവിലുള്ള പിഎം 2.5 കണങ്ങളുള്ള വായു ശ്വസിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.