Connect with us

nabidinam

തിരുനബി നമ്മിൽ എത്രത്തോളമുണ്ട്?

ആദ്യമേ ഫലം വാഗ്ദാനം ചെയ്താണ് റബ്ബ് നമ്മെ തിരുനബി(സ)യിലേക്ക് വിളിക്കുന്നത്. ആ വിളിക്കുത്തരം നൽകിക്കൊണ്ടേയിരിക്കുക. ആ ഉത്തരങ്ങൾ നവീകരിച്ചു കൊണ്ടേയിരിക്കുക. നവീകരണത്തിന്റെ മാസമാണല്ലോ ഇത്.

Published

|

Last Updated

നോഹരമായ ഒരു പാഠപുസ്തകമാണ് തിരുനബി (സ). ആ പാഠങ്ങളുടെ ആഘോഷമാണ് ഓരോ വസന്തകാലവും. പതിനാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും അവ നമ്മെ നവീകരിച്ചു കൊണ്ടിരിക്കുന്നു. ഇനിയും ആയിരക്കണക്കിന് നൂറ്റാണ്ടുകൾ ലോകം നിലനിൽക്കുകയാണെങ്കിൽ പോലും ഈ പാഠങ്ങൾ തന്നെ മതിയാകും. അത്രമേൽ സാരസമ്പൂർണമാണവ. വർത്തമാന കാലത്ത് നിന്നു കൊണ്ട് ചരിത്രത്തിൽ നബി(സ)യുടെ ഇടമെന്താണെന്നും ഭാവിയിൽ എങ്ങനെയാണ് അവിടുന്ന് ഇടപെടുന്നത് എന്നുമെല്ലാം ആലോചനകൾ നടത്തുമ്പോൾ ഇവയുടെ അർഥ വ്യാപ്തിയറിയാം.
സാമൂഹിക പ്രശ്‌നങ്ങൾക്ക് ഹബീബ് എങ്ങനെയാണ് പരിഹാരം കണ്ടിരുന്നത് എന്നത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇക്കാലത്തും നമുക്ക് തിരുചര്യ കൃത്യമായി അനുഷ്ഠിക്കണമല്ലോ. അതിന് ഈ സമീപനങ്ങൾ പഠിച്ചേ മതിയാകൂ. പ്രഭാഷണങ്ങൾക്കും ആജ്ഞകൾക്കുമെല്ലാം മുമ്പ് അവിടുന്ന് ജീവിതം കൊണ്ടാണ് ജനങ്ങളെ സംസ്‌കരിച്ചത്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ സാന്നിധ്യം കൊണ്ട്. ഒന്നാലോചിച്ചു നോക്കൂ, കേവല സാന്നിധ്യം കൊണ്ടു മാത്രം ഒരു സമൂഹത്തെ പരിവർത്തിപ്പിക്കാൻ കഴിയുക എന്നതിന്റെ ശക്തി!. ആ സാന്നിധ്യം മതി സാധാരണ മനുഷ്യരെ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളാക്കാൻ. ആ സന്നിധിയിൽ ഒരു നിമിഷം ചേർന്നു നിന്നാൽ മതി, ആ നിമിഷം ഉന്നതി പ്രാപിക്കുകയാണ്. ശേഷ കാലക്കാർക്ക് അവരിലാരോട് പിൻപറ്റിയാലും മതി; വഴിപിഴക്കില്ല. സ്വഹാബിയെന്ന്- അഥവാ ആ സന്നിധിയിൽ കൂടിയവർ എന്ന് മാത്രം മതിയവർക്ക് വിലാസം. അതോടെ അവർ പറയുന്നതെല്ലാം സ്വീകാര്യമായി.
ചുരുക്കിപ്പറഞ്ഞാൽ സ്വയം നന്മയുടെ വിളക്കുമാടമായി മാറുക എന്നതാണ് ഹബീബിൽ നിന്ന് നമുക്ക് പഠിക്കാനുള്ള ആദ്യപാഠങ്ങളിലൊന്ന്. ആ ജീവിതം ഏറ്റവും അടുത്തു നിന്ന് വീക്ഷിച്ചവരിലൊരാൾ, ബീവി ആഇശ(റ) പറഞ്ഞത് ഖുർആൻ ആണ് അവിടുത്തെ സ്വഭാവം എന്നാണല്ലോ. എത്ര വിശാലമാണ് ഇതിന്റെ അർഥതലങ്ങൾ; ഖുർആൻ പോലെ സുന്ദരം, സമ്പൂർണം, സാരസം തുടങ്ങി എല്ലാം. ഒരു വിശ്വാസി ഏതൊരു പ്രശ്‌നത്തെ സമീപിക്കുമ്പോഴും സ്വീകരിക്കേണ്ട ഒരു ഫോർമുലയാണിത്.

പ്രത്യക്ഷത്തിൽ തന്നെ നബിയോർ പ്രയോഗിച്ച പരിഹാരങ്ങൾ വേറെയുമുണ്ട്. മദ്യം നിരോധിച്ച സംഭവം നോക്കൂ. ഘട്ടം ഘട്ടമായി ആയിരുന്നു അത്. അവസാനമെത്തിയപ്പോൾ സമ്പൂർണ മദ്യ നിരോധനം ഹബീബ് സാധ്യമാക്കി. അടിമത്തമെന്ന സഹസ്രാബ്ധങ്ങളായി സമൂഹത്തിൽ വേരുറച്ച ഒന്നിനെ എങ്ങനെയാണ് റസൂൽ(സ) ചികിത്സിച്ചത്? അടിമ മോചനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു അത്. നിലവിലുള്ള വ്യവസ്ഥിതിയെ പാടെ മറിച്ചിടുന്നതിന് പകരം അതിന്റെ പരിഹാരക്രിയയെ ജനകീയമാക്കുക എന്നതാണ് ഹബീബിവിടെ ചെയ്തത്. അങ്ങനെ അടിമമോചനം എന്നത് ഒരു സംസ്‌കാരമാക്കി വളർത്തിയെടുത്തു. എന്നാൽ എല്ലായിടത്തും ഇതു പോലെയാണോ, അല്ല. സ്ത്രീയോട് മനുഷ്യത്വ വിരുദ്ധമായി മാത്രം പെരുമാറിയ അന്നത്തെ ജനതയോട് പെൺ കുഞ്ഞുണ്ടായാൽ കുഴിച്ചുമൂടുന്നതിനെതിരെ ആഞ്ഞടിച്ചു റസൂൽ. പെൺകുട്ടികളെ പരിപാലിച്ചു വളർത്തുന്നവർക്ക് സ്വർഗം വാഗ്ദാനം ചെയ്തു.

പരസ്പരം ചെറിയ കാര്യങ്ങൾക്ക് കാലങ്ങളോളം കലഹിച്ചവർക്ക് മുന്നിൽ വർഗ, വർണ വ്യത്യാസങ്ങൾക്കതീതമായ ഒരു സഹോദര്യത്തെ നബി കാണിച്ചു കൊടുത്തു. പിന്നീടവർ സാഹോദര്യം പ്രകടിപ്പിക്കാൻ മത്സരിക്കുകയായിരുന്നു. എത്ര തവണയാണ് ഹബീബ് സാഹോദര്യത്തെ കുറിച്ച് ഉത്‌ബോധിപ്പിച്ചത്. സർവ വിശ്വാസികളും സഹോദരങ്ങളാണെന്ന്, അവർ കെട്ടിടത്തിന്റെ കല്ലുകൾ പോലെയാണെന്ന്, നിങ്ങൾ ചെയ്യുന്ന ഒരു കാര്യം നിങ്ങളുടെ സഹോദരന് പ്രയാസമാകാതിരുന്നാൽ മാത്രം പോരാ, അവനത് ഇഷ്ടമുണ്ടാവുക കൂടി വേണമെന്ന്, തന്റെ സഹോദരനെ സഹായിച്ചാൽ റബ്ബ് സഹായിക്കുമെന്ന്, ഇങ്ങനെ തുടങ്ങി അനേകം പാഠങ്ങൾ. പ്രതികാര നടപടികളെ കുറിച്ച് പറയുന്നിടത്ത് പോലും എതിരെ നിൽക്കുന്നവരോട് പൊറുക്കാൻ മനസ്സ് കാണിച്ചാൽ അതാണ് ദൈവഭക്തിയോട് ഏറ്റവും ചേർന്നു നിൽക്കുന്നത് എന്ന് അവിടുന്ന് പറഞ്ഞു. തന്റെ പ്രതികാരത്തെക്കാളും വികാരത്തേക്കാളുമെല്ലാം സഹോദരന് മുൻഗണന നൽകുക. ഈ മുൻഗണന(ഈസാർ) ആണ് ഇസ്‌ലാമിക സ്വഭാവ, സാംസ്‌കാരിക മൂല്യങ്ങളുടെ അതിമനോഹരമായ അടിക്കല്ലായി വായിക്കപ്പെടുന്നത്.

സ്രഷ്ടാവിനോടും സ്വന്തത്തോടും സമൂഹത്തോടും സത്യസന്ധരാകാനുള്ള ആഹ്വാനമാണ് നബി(സ) പകർന്ന മഹാ മൂല്യങ്ങളിൽ മറ്റൊന്ന്. തല പോയാലും കളവ് പറഞ്ഞു കൂടാ എന്നത് ഒരു നബി സ്‌നേഹിയുടെ പ്രാഥമിക വിശ്വാസങ്ങളിലൊന്നാണ്. വഞ്ചന കാണിക്കുന്നവർ നമ്മിൽ പെട്ടവനല്ലെന്ന് പറഞ്ഞ് ആ ഹീന കൃത്യം ചെയ്യുന്നവരെ ഈ മഹത്തായ സൗഹൃദ വലയത്തിൽ നിന്നു തന്നെ അവിടുന്ന് പുറത്താക്കുന്നുണ്ട്.

സൗന്ദര്യാത്മകതയെ കുറിച്ച് ഇത്രയും ശ്രദ്ധാലുവായ, അതിന്റെ പ്രചാരകനായ മറ്റൊരു മനുഷ്യനും ലോകത്ത് ജീവിച്ചിട്ടുണ്ടാവില്ല. ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിന്റെ പ്രതീകമാണല്ലോ റസൂൽ. ഒരാൾ ഏതാണ് സൗന്ദര്യം, ഏതാണ് അല്ലാത്തത് എന്ന് നോക്കുന്നത് പോലും തിരുജീവിതമെന്ന അളവു കോൽ വെച്ചാണ്. നബി(സ) എങ്ങനെയാണോ ചെയ്തത് അതാണ് മനോഹരം. ഹൃദയവും ശരീരവും ഒരുപോലെ പരിശുദ്ധിയിൽ തിരുനബി(സ) നമുക്ക് ജീവിച്ചു കാണിച്ചു തന്നു. ഇത്രയും സൗന്ദര്യവാനായ ഒരു നേതാവ് പറയുന്നത് ഒരാൾക്കും ചെവിക്കൊള്ളാതിരിക്കാനായില്ല എന്നാണല്ലോ ചരിത്രം. സുന്ദരമായ നടത്തവും ഇരുത്തവും സംസാരവും ചിന്തയുമെല്ലാം ഹബീബ്(സ) കാണിച്ചു തന്നു. ബാ യസീദ് അൽ ബിസ്താമിയെന്ന സൂഫി മഹാ ഗുരുവിനെ കുറിച്ച് കേട്ടിട്ടില്ലേ, അദ്ദേഹത്തിന് സുന്ദരമായി എങ്ങനെ മത്തൻ കഴിക്കണമെന്ന് അറിയില്ലായിരുന്നു. അഥവാ റസൂൽ എങ്ങനെ കഴിച്ചെന്ന് കൃത്യമായ വിവരമില്ല. കാലങ്ങളോളം ആ സാധനം ബിസ്താമി(റ) തൊട്ടതേയില്ല. നബി എങ്ങനെയാണോ ഒരു കാര്യം ചെയ്തത്, അങ്ങനെ ചെയ്യുക, അല്ലെങ്കിൽ ആ സംഗതി തന്നെ ഉപേക്ഷിക്കുക; ഇതാണ് സ്‌നേഹികളുടെ രീതി. മത്തൻ കഴിക്കുന്നത് മുതൽ അന്താരാഷ്ട്ര പ്രശ്‌നപരിഹാരങ്ങൾ വരെ അങ്ങനെ തന്നെ. തിരുനബിയാണ് നമുക്ക് ജീവിതത്തിന്റെ കൈപ്പുസ്തകം.

വൈയക്തികവും സാമൂഹികവുമായ അനേകം പ്രശ്‌നങ്ങളുടെ നടുവിലാണ് നാം. തിരുചര്യയല്ലാതെ നമുക്ക് പരിഹാരമായി ഒന്നുമില്ലെന്ന് നാം എപ്പോൾ തിരിച്ചറിയുന്നുവോ അപ്പോൾ മുതൽ നാം ക്രിയാത്മകമായ ഒരു സമൂഹമായി മാറും. പറഞ്ഞു നടക്കാൻ മാത്രമല്ല, പ്രാവർത്തികമാക്കാൻ കൂടിയാണ് അവയെല്ലാം. നാം ഇങ്ങനെയെല്ലാം പ്രയാസത്തിലാകുന്ന ഒരു കാലം വരുമെന്ന് ദീർഘദർശനം ചെയ്ത് കൊണ്ടു തന്നെയാണ് ഹബീബ് ഇതെല്ലാം പഠിപ്പിച്ചതും. നിങ്ങളിൽ ഞാൻ രണ്ട് കാര്യങ്ങൾ ഏൽപ്പിച്ചു പോകുന്നു എന്ന് അവിടുന്ന് പറഞ്ഞല്ലോ. ഒന്ന് അവിടുത്തെ മക്കളെയാണ്. മറ്റൊന്ന് നാം സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ ചര്യകളും.
ആകയാൽ, നമ്മിൽ എത്ര ശതമാനം തിരുനബി(സ)യുണ്ടെന്ന പരിശോധന നാം ഇടക്കിടെ നടത്തണം. അതിന്റെ തോത് വർധിക്കുന്നതിനനുസരിച്ച് നാം റബ്ബിലേക്കും സ്വർഗത്തിലേക്കും അടുക്കുന്നു. നബിയേ, നാളെ മരിച്ചു ചെന്നാൽ അങ്ങു സ്വർഗത്തിലായിരിക്കും, ഞാൻ എവിടെയാണെന്ന് അറിയില്ലല്ലോ എന്ന് പരിതപിച്ച സ്വഹാബിയോട് തിരുനബി(സ) മറുപടി പറഞ്ഞില്ല, അൽപ്പ നേരം കാത്തു നിന്നു. അല്ലാഹുവാണ് ആ ചോദ്യത്തിന് മറുപടി നൽകിയത്. ജിബ്്രീൽ എത്തി ഖുർആനിക വചനം ഓതിക്കൊടുത്തു. പടച്ചവനെയും നബിയെയും പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്നവർ അല്ലാഹു വലിയ അനുഗ്രഹങ്ങൾ നൽകിയവരോട് കൂടെ ആയിരിക്കുമെന്ന്. അഥവാ കേവല സ്വർഗമല്ല, പ്രധാനികൾ വസിക്കുന്ന അത്യുന്നത പറുദീസകളിൽ. ആദ്യമേ ഫലം വാഗ്ദാനം ചെയ്താണ് റബ്ബ് നമ്മെ തിരുനബി(സ)യിലേക്ക് വിളിക്കുന്നത്. ആ വിളിക്കുത്തരം നൽകിക്കൊണ്ടേയിരിക്കുക. ആ ഉത്തരങ്ങൾ നവീകരിച്ചു കൊണ്ടേയിരിക്കുക. നവീകരണത്തിന്റെ മാസമാണല്ലോ ഇത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി