Connect with us

literature

എഴുത്തിലെ ചരിത്രാന്വേഷണം

സാമൂഹിക വിഷയങ്ങളെ നേർത്ത ഹാസത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഹിലാരി മാന്റൽ. ധീരവും ആകർഷകവുമായ ആഖ്യാനശൈലി, തെളിഞ്ഞ ഭാഷ എന്നിവ രചനകൾക്ക് സവിശേഷമായൊരു ഔന്നത്യം നൽകുന്നു. ചരിത്ര സംഭവങ്ങളെ ഗവേഷണത്വരയോടെ അനുധാവനം ചെയ്ത് ഭാവനയുടെ വർണപ്പകിട്ടോടെ അവതരിപ്പിക്കുന്ന ആഖ്യാനരീതി ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ചരിത്രവും ഫിക്്ഷനും തമ്മിലുള്ള അതിർവരമ്പുകളെ ഉന്നതമായ സർഗാത്മകത കൊണ്ട് അവർ വിദഗ്ധമായി മായ്ച്ചുകളയുന്നു.

Published

|

Last Updated

ഹിലാരി മാന്റലിനെ (Hilary Mantel) സഹൃദയലോകം വിശേഷിപ്പിക്കുന്നത് ഈ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും മികച്ച ഇംഗ്ലീഷ് എഴുത്തുകാരിൽ ഒരാൾ എന്നാണ്. രണ്ട് തവണ ബുക്കർ പ്രൈസും നിരവധി ദേശീയ ബഹുമതികളും കരസ്ഥമാക്കിയ അവരെ സംബന്ധിച്ച് ഈ വിശേഷണം അർഹിക്കുന്നതുതന്നെ. ഇക്കഴിഞ്ഞ സെപ്തംബർ 22 ന് എഴുപതാമത്തെ വയസ്സിൽ മാന്റൽ ജീവിതത്തിന്റെയും എഴുത്തിന്റെയും അരങ്ങിൽനിന്നും വിടവാങ്ങിയപ്പോൾ ഇംഗ്ലണ്ടിന്റെ സാംസ്കാരികലോകം വലിയ ഞെട്ടലോടെയാണ് ആ വാർത്ത ശ്രവിച്ചത്. സമകാലിക ഇംഗ്ലീഷ് സാഹിത്യത്തിൽ അവരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത വളരെ വലുതാണ്. നോവലുകൾ, ചരിത്രാഖ്യായികകൾ, കഥകൾ, ഓർമക്കുറിപ്പുകൾ, ഉപന്യാസങ്ങൾ തുടങ്ങി വ്യത്യസ്ത സാഹിത്യ ശാഖകളിലായി പതിനേഴ് വിഖ്യാത പുസ്തകങ്ങളുടെ രചയിതാവാണ് ഹിലാരി മാന്റൽ. പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. നാൽപ്പതിലധികം ഭാഷകളിലേക്ക് അവരുടെ രചനകൾ വിവർത്തനം ചെയ്തിട്ടുണ്ട്.

1952 ജൂലൈ ആറിന് ഇംഗ്ലണ്ടിലെ ഡെർബിഷെയറിലെ ഹാഡ് ഫീൽഡ് ഗ്രാമത്തിൽ ഒരു ഐറിഷ് കത്തോലിക്ക തൊഴിലാളി കുടുംബത്തിലാണ് ഹിലരി മാന്റൽ ജനിച്ചത്. വിരസവും നിറം കെട്ടതുമായിരുന്നു ശൈശവം. “നാലോ അഞ്ചോ വയസ്സുള്ളപ്പോൾ തന്നെ എന്തോ തെറ്റ് ചെയ്തിരിക്കുന്നു എന്ന ചിന്തയായിരുന്നു എനിക്ക്. എപ്പോഴും സന്ദേഹവും വിഷാദവും അരക്ഷിതബോധവും, അതോടൊപ്പം രോഗപീഡ, അമ്മയുടെ വിവാഹേതര ബന്ധം…. എല്ലാം എന്റെ ബാല്യത്തെ ആഹ്ലാദരഹിതമാക്കി…’ പിൽക്കാലത്ത് മാന്റൽ തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഷെഫീൽഡ് സർവകലാശാലയിൽനിന്നും നിയമത്തിൽ ബിരുദം നേടിയ മാന്റൽ, ആദ്യം ഒരു ആശുപത്രിയിൽ സോഷ്യൽ വർക്കറായും പിന്നീടൊരു ഡിപ്പാർട്മെന്റ് സ്റ്റോറിലും ജോലി ചെയ്തു. അതിനുശേഷം ചില ആനുകാലികങ്ങളിൽ സാഹിത്യ – സിനിമാ നിരൂപകയായും സേവനമനുഷ്ഠിക്കുകയുണ്ടായി. വിവാഹാനന്തരം ഭർത്താവിനൊപ്പം ബോട്സ്വാന, ജിദ്ദ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ച മാന്റൽ പിന്നീട് ലണ്ടനിൽ തിരിച്ചെത്തി മുഴുവൻ സമയ എഴുത്തിൽ മുഴുകി.

മാന്റലിന്റെ ആദ്യ രചന 1979 ൽ എഴുതിയ “Place of Greater Safety’ എന്ന ചരിത്ര നോവലാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ സമഗ്രചിത്രം ഉൾക്കൊള്ളുന്ന ഈ രചന ആ വിപ്ലവത്തിൽ പങ്കെടുത്ത മൂന്ന് വിപ്ലവകാരികളുടെ ആഖ്യാനത്തിലൂടെയാണ് വികസിക്കുന്നത്. ഈ നോവൽ പ്രസിദ്ധീകരിക്കാൻ ആ സമയത്ത് പക്ഷെ ഒരു പ്രസാധകനും തയ്യാറായിരുന്നില്ല. ദൈർഘ്യമേറിയൊരു ചരിത്ര നോവലായതിനാലും (പുസ്തകരൂപത്തിൽ എഴുനൂറോളം പേജുകളുള്ള രചനയാണിത്) എഴുത്തുകാരി അപ്രശസ്തയാണെന്നതിനാലും നോവൽ വായനലോകം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയായിരുന്നു പ്രസാധകർക്ക്. പിന്നീട് ഏറെ വർഷങ്ങൾക്കുശേഷം 1992 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. ഹിലാരി മാന്റലിന്റെ ആദ്യ പ്രസിദ്ധീകൃത രചന എന്ന പദവിക്ക് അർഹമായത് 1985ൽ പ്രസിദ്ധീകരിച്ച Every Day Is Mother’s Day എന്ന നോവലാണ്. കഥാപാത്ര ചിത്രീകരണത്തിന്റെ ആകർഷണീയതകൊണ്ടും സാമൂഹിക വിമർശത്തിന്റെ സത്യസന്ധതകൊണ്ടും ഈ നോവൽ ഏറെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. 1988ൽ വെളിച്ചം കണ്ട Eight Months on Ghazzah Street എന്ന നോവലിൽ നോവലിസ്റ്റ് ജിദ്ദയിൽ താമസിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് ആവിഷ്കരിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഒരുജ്ജ്വല രചനയാണിത്. A Change of Climate (1994) എന്ന നോവലിൽ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് മിഷനറിമാരുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. An Experiment in Love (1995) മാന്റലിന്റെ ബാല്യകൗമാരങ്ങളിലൂടെയുള്ള സഞ്ചാരമാണ്. 1998ൽ വെളിച്ചം കണ്ട The Giant, O’Brien എന്ന ചരിത്രനോവലിൽ പതിനെട്ടാം നൂറ്റാണ്ടിൽ അയർലാൻഡിലും സ്കോട്ട് ലാൻഡിലും ജീവിച്ചിരുന്ന, കലയിലും ശാസ്ത്രത്തിലും നിഷ്ണാതരായ രണ്ട് പ്രതിഭകളുടെ ജീവിതം ഭാവനാത്മകമായി ആവിഷ്കരിക്കുന്നു. എഴുത്തുകാരിയുടെ ബാല്യകാല സംഭവങ്ങളെയും യൗവനാരംഭത്തിൽ പ്രത്യക്ഷപ്പെട്ട് ജീവിതത്തിലുടനീളം അവരുടെ സ്വാസ്ഥ്യം കെടുത്തിയ രോഗപീഡയെയും സംബന്ധിച്ച ഓർമകളാണ് Giving Up the Ghost എന്ന പുസ്തകത്തിലെ പ്രതിപാദ്യം. അതിന്റെ തുടർച്ചയായി Learning to Talk എന്ന പേരിൽ ആത്മകഥാംശമുള്ള ചെറുകഥകളുടെ ഒരു സമാഹാരവും പുറത്തിറങ്ങി. 2005ൽ മാന്റലിന്റെ മറ്റൊരു വിഖ്യാത നോവൽ Beyond Black പ്രസിദ്ധീകരിച്ചു. ഈ കൃതി ആ വർഷത്തെ പ്രശസ്തമായ ഓറഞ്ച് പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. 2014ൽ പ്രസിദ്ധീകരിച്ച The Assassination of Margaret Thatcher എഴുത്തുകാരിയുടെ ഏറെ ശ്രദ്ധേയമായ ചെറുകഥാ സമാഹാരമാണ്. മാർഗരറ്റ് താച്ചർ എന്ന ഭരണാധികാരി തന്റെ ആരാധനാപാത്രമായിരുന്നെന്നും അവരുടെ മരണത്തെക്കുറിച്ചുള്ള കഥകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും അതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ കഥകൾ താൻ എഴുതിയതെന്നും മാന്റൽ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട് .

ഹിലാരി മാന്റലിനെ അന്തർദേശീയ തലത്തിൽ പ്രശസ്തയാക്കിയത് 2009ൽ പ്രസിദ്ധീകരിച്ച Wolf Hall എന്ന, പിൽക്കാലത്ത് അവരുടെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെട്ട നോവൽത്രയത്തിലെ ആദ്യ രചനയാണ്. ഒരു സാധാരണ ഇരുമ്പു പണിക്കാരന്റെ മകനായി ജനിച്ച് ബ്രിട്ടീഷ് രാജാവായ ഹെൻറി എട്ടാമന്റെ മുഖ്യ ഉപദേശകൻ വരെയെത്തിയ ക്രോം വെൽ എന്ന പ്രഭുവിന്റെ വിസ്മയിപ്പിക്കുന്ന ജീവിതകഥയാണ് ഇതിൽ ദൃശ്യവത്കരിക്കുന്നത്. അദ്ദേഹത്തിന്റെ കഥ താൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കേട്ടിട്ടുള്ളതാണെന്നും തന്നെ ഏറെ ആകർഷിച്ച ആ കഥ ഭാവനകൂടി കലർത്തി നോവലിൽ അവതരിപ്പിക്കുകയായിരുന്നെന്നും ഒരഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വർഷത്തെ ബുക്കർ പുരസ്‌കാരം ഈ നോവലിനായിരുന്നു. ഇതിന്റെ അനുബന്ധമായി 2012 ൽ പ്രത്യക്ഷപ്പെട്ട Bring Up the Bodies ബുക്കർ പുരസ്കാരത്തിനൊപ്പം ബ്രിട്ടീഷ് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്റെ വിഖ്യാത ബഹുമതിയായ കോസ്റ്റ ബുക്ക് അവാർഡും കരസ്ഥമാക്കുകയുണ്ടായി. ഈ രണ്ട് നോവലുകളും പിൽക്കാലത്ത് സ്റ്റേജ് നാടകങ്ങളായും ടെലിവിഷൻ പരമ്പരകളായും ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകർഷിച്ചത്. നോവൽത്രയത്തിലെ മൂന്നാമത്തെ നോവൽ The Mirror and The Light 2020 ൽ പ്രസിദ്ധീകരിച്ചു. നോവൽ പുറത്തിറങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതിന്റെ 95,000 കോപ്പികളാണ് വിറ്റുപോയത്. ആ വർഷത്തെ ബുക്കറിന്റെ ലോംഗ് ലിസ്റ്റിലും ഈ നോവൽ സ്ഥാനം പിടിച്ചിരുന്നു. 2020 ൽ Mantel Pieces: Royal Bodies and Other Writing from the London Review of Books എന്ന പേരിൽ പുറത്തുവന്ന ഉപന്യാസങ്ങളുടെ ഒരു സമാഹാരവും സഹൃദയലോകത്ത് വൻ സ്വീകാര്യത നേടിയ പുസ്തകമാണ്.

സാമൂഹികവിഷയങ്ങളെ നേർത്ത ഹാസത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഹിലാരി മാന്റൽ. ധീരവും ആകർഷകവുമായ ആഖ്യാനശൈലി, തെളിഞ്ഞ ഭാഷ എന്നിവ രചനകൾക്ക് സവിശേഷമായൊരു ഔന്നത്യം നൽകുന്നു. ചരിത്ര സംഭവങ്ങളെ ഗവേഷണത്വരയോടെ അനുധാവനം ചെയ്ത് ഭാവനയുടെ വർണപ്പകിട്ടോടെ അവതരിപ്പിക്കുന്ന അവരുടെ ആഖ്യാനരീതി ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ചരിത്രവും ഫിക്്ഷനും തമ്മിലുള്ള അതിർവരമ്പുകളെ ഉന്നതമായ സർഗാത്മകത കൊണ്ട് അവർ വിദഗ്ധമായി മായ്ച്ചുകളയുന്നു.

ബുക്കർ പ്രൈസിനു പുറമെ ദേശീയ പ്രാധാന്യമുള്ള നിരവധി പുരസ്കാരങ്ങളും ബഹുമതികളും മാന്റലിനെ തേടിയെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജവംശം ഉന്നതമായ പല സ്ഥാനങ്ങളും നൽകി അവരെ ആദരിച്ചു. ഈ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും മികച്ച ബ്രിട്ടീഷ് എഴുത്തുകാരിൽ ഒരാൾ എന്നാണ് യൂറോപ്പിലെയും യു എസ്സിലെയും പ്രമുഖ നിരൂപകരെല്ലാം മാന്റലിനെ വിശേഷിപ്പിക്കുന്നത്. എല്ലാ പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളായി മാറിയ ഒരപൂർവ വിജയത്തിന്റെ ഉടമയാണവർ. അതുകൊണ്ടുതന്നെയാകണം അവരുടെ അപ്രതീക്ഷിത വിയോഗം ബ്രിട്ടന്റെ അക്ഷരലോകത്തെ വല്ലാതെ ഉലച്ചുകളഞ്ഞത്.

Latest