National
യു പിയില്‍ നൂറ്റാണ്ട് പഴക്കമുള്ള മഖ്ബറ തകര്‍ത്ത് ഹിന്ദുത്വവാദികള്‍
പ്രദേശത്തെ മുസ്ലിംകള്‍ കാലങ്ങളായി പരിചരിക്കുന്ന മഖ്ബറ ആക്രമിച്ചതിന് പിന്നാല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രദേശവാസികള്‍ പറയുന്നു

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള മഖ്ബറ ആക്രമിച്ച് ഹിന്ദുത്വശക്തികള്‍. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മഖ്ബറ നിര്‍മിച്ചതെന്ന് ആരോപിച്ചാണ് പൊളിക്കാനുള്ള ശ്രമം നടത്തിയത്. ഫത്തേപ്പൂര്‍ ജില്ലയിലെ സദര്‍ തെഹ്സിലിലെ റെഡിയ പ്രദേശത്തെ അബു നഗറില്‍ സ്ഥിതി ചെയ്യുന്ന മഖ്ബറ മുഗള്‍ ഭരണകാലത്ത് ആഗ്ര- ഔധ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഛതരി, താലിബ്നഗര്‍ എന്നിവയുടെ നവാബായിരുന്ന അബ്ദു സമദിന്റേതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. പ്രദേശത്തെ മുസ്ലിംകള്‍ കാലങ്ങളായി പരിചരിക്കുന്ന മഖ്ബറ ആക്രമിച്ചതിന് പിന്നാല്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മഖ്ബറയിലേക്ക് ഒരുകൂട്ടം ഹിന്ദുത്വവാദികള്‍ ബലം പ്രയോഗിച്ച് പ്രവേശിക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. മഖ്ബറയുടെ മതിലിന്റെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
ഹിന്ദുത്വവാദികള്‍ ചുറ്റികകളും വടികളുമായാണ് എത്തിയതെന്നും മഖ്ബറയുടെ പരിചാരകന്‍ പറഞ്ഞു. അവര്‍ മസാറിനെ അശുദ്ധമാക്കി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെടുകയയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഖ്ബറക്ക് പുറത്ത് ആള്‍ക്കൂട്ടം കാവിക്കൊടികള്‍ വീശി നിലയുറപ്പിച്ചിരുന്നതായും ദൃശസാക്ഷികള്‍ പറയുന്നു.
മഖ്ബറക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പോലീസ് സന്നാഹത്തെ വിന്യസിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രമാണെന്ന് ആരോപിച്ച് മഠ് മന്ദിര്‍ സംരക്ഷണ സംഘര്‍ഷ് സമിതി, ബി ജെ പി, മറ്റ് ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ എന്നിവരാണ് സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. നവാബ് അബ്ദു സമദിന്റെ ശവകുടീരമല്ലെന്നും അത് മാറ്റം വരുത്തിയ ക്ഷേത്രമാണെന്നും താമരപ്പൂക്കള്‍, ത്രിശൂലം തുടങ്ങിയ വ്യക്തമായ അടയാളങ്ങള്‍ അവിടെയുണ്ടെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് മുഖ്ലാല്‍ പാല്‍ ആരോപിക്കുന്നു.