Kerala
ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കി; മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം: വി ഡി സതീശന്‍
ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണം

കോട്ടയം | മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിക്കാനിടയായി സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിന്ദുവിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുടുംബത്തിന് 25 ലക്ഷ രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. അല്ലാത്ത പക്ഷം യുഡിഎഫും കോണ്‍ഗ്രസും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ മരുന്നും പഞ്ഞികളുമില്ല. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോകണമെങ്കില്‍ തുന്നികെട്ടാനുള്ള സൂചിയും നൂലും വരെ രോഗികള്‍ വാങ്ങിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ ഇപ്പോഴും റിപ്പോര്‍ട്ട് തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഇതിനെകുറിച്ച് പഠിക്കാനോ ഒന്നിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പി ആര്‍ ഏജന്‍സി പറയുന്നത് ഏറ്റുപറയുക മാത്രമാണ് മന്ത്രി ചെയ്യുന്നത്. ആവശ്യം ഉള്ളപ്പോള്‍ മിണ്ടാതെ ഇരിക്കുക എന്ന കൗശലമാണ് മുഖമന്ത്രിയുടേത്. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.