Connect with us

health minister

ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനവും വിവാദവും

കൃത്യവിലോപം കാണിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ കെ ജി എം ഒ എ ഡോക്ടര്‍മാരെ ന്യായീകരിക്കാനും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശ്രദ്ധതിരിച്ച് വിടാനും ശ്രമിക്കുന്നത് ശരിയല്ല.

Published

|

Last Updated

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമുണ്ടോ? ആരോഗ്യ മന്ത്രിയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയും രണ്ട് തട്ടിലാണ്. രൂക്ഷമായ മരുന്ന് ക്ഷാമമുണ്ടെന്നാണ് കെ ജി എം ഒ എ പറയുന്നത്. ഇല്ലെന്ന് മന്ത്രിയും. രണ്ട് ദിവസം മുമ്പ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി നടത്തിയ സന്ദര്‍ശനവും ജോലിയില്‍ വീഴ്ച കാണിച്ച ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുമാണ് ഇത്തരമൊരു വിവാദത്തിനിടയാക്കിയത്. മന്ത്രിയെത്തി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ പതിനൊന്ന് ഡോക്ടര്‍മാര്‍ അന്ന് ഒപ്പിട്ടതായി കണ്ടു. എന്നാല്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്നത്. എട്ട് പേര്‍ രജിസ്റ്ററില്‍ ഒപ്പിട്ട് മുങ്ങിയതായിരുന്നു. ഇവര്‍ക്ക് മന്ത്രിയുടെ നിര്‍ദേശപ്രകാരം ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആശുപത്രിയില്‍ മരുന്നില്ലാത്തതിന് മന്ത്രി ഡോക്ടര്‍മാരെ ശാസിക്കുകയും ചെയ്തിരുന്നു. ഇതാണ് കെ ജി എം ഒ എയെ ചൊടിപ്പിച്ചത്.

മരുന്നുകളുടെ അഭാവമടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ മിക്കതും അടിസ്ഥാന പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇത് പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തി ബലിയാടാക്കുകയാണ് മന്ത്രിയെന്നുമാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. മരുന്ന് ക്ഷാമത്തിനു പുറമേ ലഭ്യമായ മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മ, രോഗികളുടെ വര്‍ധനവിന് ആനുപാതികമായി മരുന്ന് വിതരണത്തിലെ അപര്യാപ്തത, ഡോക്ടര്‍മാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍. ഡോക്ടര്‍മാരുടേതുള്‍പ്പെടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവുണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവെ. പി എസ് സി വെയ്റ്റിംഗ് ലിസ്റ്റില്‍ 3,000ത്തോളം ഡോക്ടര്‍മാര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. തിരുവല്ല ആശുപത്രി സന്ദര്‍ശന വേളയില്‍ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ വിചാരണ ചെയ്തും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുജനങ്ങളുടെ മധ്യത്തില്‍ അവതരിപ്പിച്ചും കൈയടി നേടാനാണ് മന്ത്രി ശ്രമിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമുണ്ടെന്നത് വസ്തുതയാണ്. ടെന്‍ഡര്‍ നടപടികള്‍ വൈകിയതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. ഡിസംബറില്‍ മരുന്ന് വാങ്ങാനുള്ള ടെന്‍ഡര്‍ വിളിക്കുകയും ഫെബ്രുവരിയോടെ അന്തിമ പട്ടികയായി മാര്‍ച്ചില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ഏപ്രില്‍ പകുതിയോടെ മരുന്നുകളെത്തുകയായിരുന്നു പതിവ്. ഇത്തവണ ജൂണ്‍ പകുതിയോടെയാണ് ടെന്‍ഡര്‍ നടപടികളായത്. ഇതുകാരണം പല സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളിലും ഡോക്ടറുടെ കുറിപ്പുമായെത്തുന്നവര്‍ വെറും കൈയോടെ മടങ്ങേണ്ടി വരുന്നു. ജീവന്‍രക്ഷാ മരുന്നുകളടക്കം പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ് രോഗികള്‍ക്ക്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.
അതേസമയം, തിരുവല്ല ആശുപത്രിയിലെ പ്രശ്‌നം മരുന്ന് ക്ഷാമം മാത്രമല്ല, ഡോക്ടര്‍മാരുടെ കൃത്യവിലോപവും കൂടിയാണ്. ഡോക്ടര്‍മാര്‍ കൃത്യസമയത്ത് ഒ പിയില്‍ എത്തി രോഗികളെ പിരിശോധിക്കുന്നില്ലെന്ന പരാതി മിക്ക ആശുപത്രികളിലും ഉയരുന്നുണ്ട്. മണിക്കൂറുകളോളമാണ് പരിശോധനക്കായി രോഗികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. സമയം ഏറെ വൈകിയെത്തുന്ന ഡോക്ടര്‍മാര്‍ പരിശോധന നിര്‍ത്തിവെച്ച് വാര്‍ഡ് പരിശോധനയിലേക്ക് നീങ്ങി നേരത്തേ മടങ്ങുന്നതും പതിവാണ്. പാലായിലെ ആശുപത്രിയെക്കുറിച്ച് ഈ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സ്ഥലത്തെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വസ്തുത അറിയാന്‍ രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിലെത്തി. ഒ പിയില്‍ രോഗികളുടെ നീണ്ട നിരയായിരുന്നു. എന്നാല്‍ ആശുപത്രി സൂപ്രണ്ടും മറ്റു ഡോക്ടര്‍മാരും എത്തിയിരുന്നില്ല. എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഒ പിയിലെ പരിശോധനാ സമയം. രാഷ്ട്രീയ നേതാക്കളും അണികളും പ്രതിഷേധം ഉയര്‍ത്തി. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെയാണ് സൂപ്രണ്ടും ഡോക്ടര്‍മാരുമെത്തി പരിശോധന തുടങ്ങിയത്.

ഇതിനിടെ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ എട്ടരയോടെയായിരുന്നു മന്ത്രിയുടെ വരവ്. ഒ പിയില്‍ നിറയെ രോഗികള്‍. ഒറ്റ ഡോക്ടറുമെത്തിയിരുന്നില്ല. ഡോക്ടര്‍മാരെവിടെയെന്ന മന്ത്രിയുടെ ചോദ്യത്തിന് വാര്‍ഡ് സന്ദര്‍ശനത്തിലെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ മറുപടി. മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ അവിടെയും ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് ബോധ്യമായി. മാത്രമല്ല വാര്‍ഡുകളില്‍ കൃത്യമായ റൗണ്ടിംഗ് നടക്കുന്നില്ലെന്നും മന്ത്രി കണ്ടെത്തി. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. സമാനമാണ് മിക്ക ആശുപത്രികളുടെയും അവസ്ഥ.
കൃത്യവിലോപം കാണിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ കെ ജി എം ഒ എ ഡോക്ടര്‍മാരെ ന്യായീകരിക്കാനും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശ്രദ്ധതിരിച്ച് വിടാനും ശ്രമിക്കുന്നത് ശരിയല്ല. ഡോക്ടര്‍മാരുടെ ന്യായമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും അവരുടെ ക്ഷേമ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. അല്ലാതെ കൃത്യവിലോപങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും മറപിടിക്കുകയല്ല.

അര്‍പ്പണ ബോധമുള്ളവരും നിസ്വാര്‍ഥരും സേവനം തപസ്യയാക്കിയവരുമുണ്ട് സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ക്കിടയിലെന്ന കാര്യം കൂട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങള്‍ കേരളത്തിലെ ആരോഗ്യ മേഖലക്ക് കൈവരിക്കാനായതില്‍ അവരുടെ പങ്ക് വലുതാണ്. കൊവിഡ് കാലത്ത് വിശ്രമരഹിതമായി ജോലി ചെയ്തവര്‍ നിരവധിയാണ്. ജീവന്റെ കാവലാളുകളെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഉത്തരവാദിത്വ ബോധവും തന്റെ ജോലിയോട് നീതിയും കാണിക്കുന്ന ഡോക്ടര്‍മാര്‍ സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിയെടുക്കാറുമുണ്ട്. ഇവര്‍ക്കു കൂടി ദുഷ്‌പേര് സൃഷ്ടിക്കുകയാണ് കൃത്യവിലോപം പതിവാക്കിയ വിഭാഗം.