International
പരമാധികാര ഫലസ്തീന്‍ സ്ഥാപിക്കപ്പെടുന്നതു വരെ ആയുധം താഴെവെക്കില്ല; അമേരിക്കക്ക് മറുപടിയുമായി ഹമാസ്
'ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പൂര്‍ണ പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണം. അതുവരെ പ്രതിരോധത്തിനും ആയുധങ്ങള്‍ക്കുമുള്ള ഞങ്ങളുടെ അവകാശം വിട്ടുകൊടുക്കാനാവില്ല.'

ഗസ്സ | പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതു വരെ ആയുധം താഴെ വെക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി ഹമാസ്. ‘ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പൂര്‍ണ പരമാധികാരവുമുള്ള ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടണം. അതുവരെ പ്രതിരോധത്തിനും ആയുധങ്ങള്‍ക്കുമുള്ള ഞങ്ങളുടെ അവകാശം വിട്ടുകൊടുക്കാനാവില്ല.’- ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസ് ആയുധം താഴെവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഹമാസിന്റെ പ്രസ്താവന. ഗസ്സയില്‍ സഹായവിതരണ കേന്ദ്രം സന്ദര്‍ശിച്ച വിറ്റ്‌കോഫിന്റെ നടപടിയെ ഹമാസ് അപലപിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇസ്‌റാഈലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും ഹമാസ് ആരോപിച്ചു.
ഹമാസ് ബന്ദികളാക്കിയ ഇസ്‌റാഈലികളെ എത്രയും വേഗം മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.