Connect with us

ssf

ഹലാൽ വിവാദം: പൊതുമണ്ഡലത്തിൽ  വിഷം കലർത്താനുള്ള വർഗീയ ശക്തികളുടെ വ്യാജ പ്രചാരണങ്ങളെ സമൂഹം തിരിച്ചറിയണം- എസ് എസ് എഫ്

മതേതരമായ കേരളീയ സാമൂഹികാന്തരീക്ഷത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വർഗീയവത്കരിക്കുകയാണ് സംഘ് പരിവാർ ചെയ്യുന്നത്.

Published

|

Last Updated

നാദാപുരം (കോഴിക്കോട്) | വ്യാജ പ്രചരണങ്ങളും വർഗീയ പരാമർശങ്ങളും നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വർഗീയ ശക്തികളുടെ കുടില നീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അവയെ അവജ്ഞയോടെ തള്ളിക്കളയണമെന്നും എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്ത്നബി മെഗാക്വിസിന്റെ ഗ്രാൻഡ് ഫിനാലെയുടെ സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരമായ കേരളീയ സാമൂഹികാന്തരീക്ഷത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വർഗീയവത്കരിക്കുകയാണ് സംഘ് പരിവാർ ചെയ്യുന്നത്. പ്രബുദ്ധമായ പൊതു സമൂഹം അത് തിരിച്ചറിഞ്ഞ് അത്തരം അജണ്ടകളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റബീഅ് കാമ്പയിനിന്റെ ഭാഗമായാണ്  മുത്ത്നബി മെഗാ ക്വിസ് സംഘടിപ്പിച്ചത്. തിരുനബി(സ) യെ പ്രമേയമാക്കി നടന്ന ക്വിസ് മത്സരത്തിന്റെ യൂണിറ്റ്, ഡിവിഷൻ, ജില്ല മത്സരങ്ങൾക്ക് ശേഷമായിരുന്നു സംസ്ഥാന തലത്തിലെ ഗ്രാൻഡ് ഫിനാലെ. കല്ലാച്ചി ഓത്തി ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെ നടന്ന മത്സരത്തിൽ യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കാമ്പസ് വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന് 23 ടീമുകൾ മത്സരിച്ചു. എം അബ്ദുൽ മജീദ്, മുഹ്‌യിദ്ദീൻ ബുഖാരി, എം ടി ശിഹാബുദ്ദീൻ സഖാഫി, ഉബൈദുല്ല ഇർഫാനി, സീദ്ദീഖലി തിരൂർ, സി കെ എം റഫീഖ്, അബ്ദുർറഹ്മാൻ കാസർകോട് തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.  മത്സര വിജയികൾക്ക്  സ്വർണനാണയങ്ങളും പുസ്തക കിറ്റും ട്രോഫിയും സമ്മാനമായി നൽകി.

അപ്പർ പ്രൈമറി വിഭാഗത്തിൽ മലപ്പുറം മഅദിൻ പബ്ളിക് സ്കൂളിലെ സി കെ മുഹമ്മദ് നഹ്യാൻ, എ കെ മുഹമ്മദ് ശാനിൽ. ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിലെ സയ്യിദ് മുഹ്‌യിദ്ദീൻ ബിശ്റ്, ടി മുഹമ്മദ് മുഹ്‌യിദ്ദീൻ. ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാരന്തൂർ മർകസ് സ്കൂളിലെ കെ മുഹമ്മദ് സിനാൻ, പി അജ്‌വദ്, കാമ്പസ് വിഭാഗത്തിൽ കോഴിക്കോട് മർകസ് ലോ കോളേജിലെ ടി എ മുഹമ്മദ് സൽമാൻ, പി കെ മിഹ്ജഅ്. ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ കോഴിക്കോട് അൽ ഫാറൂഖിലെ വി പി മിദ്ലാജ്, പി സിനാൻ എന്നിവർ ഒന്നാം സ്ഥാനം നേടി.

ഗ്രാന്റ് ഫിനാലെയുടെ സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ചിയ്യൂർ അബ്ദുർറഹ്മാൻ ദാരിമി, ഹുസൈൻ മാസ്റ്റർ, മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി സമ്മാനദാനം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ,  സി കെ റാശിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ  സി ആർ കെ മുഹമ്മദ്,  റാഫി തിരുവനന്തപുരം, ടി കെ ഫിർദൗസ് സഖാഫി, എം നിയാസ് സംസാരിച്ചു.

Latest