From the print
ഹജ്ജ് 2026: നറുക്കെടുപ്പ് ഇന്ന്
മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് നറുക്കെടുപ്പ്. അപേക്ഷകരില്‍ 65 വയസ്സ് വിഭാഗത്തിനാണ് ആദ്യ പരിഗണന.

കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലാണ് നറുക്കെടുപ്പ്. അപേക്ഷകരില്‍ 65 വയസ്സ് വിഭാഗത്തിനാണ് ആദ്യ പരിഗണന.
തുടര്‍ന്ന് പുരുഷ മഹ്‌റമില്ലാത്ത വനിതാ വിഭാഗത്തിനും പിന്നീട് 2025ല്‍ അപേക്ഷിച്ച് അവസരം ലഭിക്കാത്ത ജനറല്‍- ബി ബാക്ക് ലോഗ് വിഭാഗത്തിനുമായിരിക്കും പരിഗണന. ജനറല്‍ വിഭാഗത്തിന് അവസാന പരിഗണനയാണ് ഉണ്ടാകുക. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകര്‍ക്ക് ലഭിച്ച കവര്‍ നമ്പറുകള്‍ പ്രകാരമാണ് വിവരങ്ങള്‍ ലഭ്യമാകുക.
സംസ്ഥാനത്ത് 27,123 അപേക്ഷകള്‍
സൂക്ഷ്മപരിശോധനകള്‍ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ഹജ്ജിന് അപേക്ഷിച്ചത് 27,123 പേര്‍. ഇതില്‍ 11,037 പുരുഷന്മാരും 16,086 സ്ത്രീകളുമാണ്. 65 വയസ്സ് വിഭാഗത്തില്‍ 4,972ഉം പുരുഷ മഹ്‌റമില്ലാത്ത വിഭാഗത്തില്‍ 3,623ഉം ജനറല്‍- ബി 2025ലെ കാത്തിരിപ്പ് പട്ടികയില്‍ അവസരം ലഭിക്കാത്തവരായ 918ഉം ജനറല്‍ വിഭാഗത്തില്‍ 17,610ഉം അപേക്ഷകളാണുള്ളത്. ഇന്ത്യയില്‍ ആകെ 1,94,616 അപേക്ഷകളുണ്ട്.
ആദ്യഗഡു 20നകം അടയ്ക്കണം
ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ആദ്യ ഗഡുവായ 1,52,300 രൂപ ഈ മാസം 20നകം അടയ്ക്കണം. പണമടച്ച റസീപ്റ്റ്, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധ രേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിക്കുന്ന സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
20ന് മുമ്പ് പണമടക്കാത്തവരുടെ അവസരം അറിയിപ്പ് കൂടാതെ റദ്ദാക്കുകയും പകരം കാത്തിരിപ്പ് പട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവസരം നല്‍കുകയും ചെയ്യും.
രണ്ടാം ഗഡു അടയ്‌ക്കേണ്ട സംഖ്യ, വിമാനച്ചാര്‍ജ്, സഊദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രെയ്‌നര്‍മാരില്‍ നിന്ന് ലഭ്യമാകും. വിവരങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 0483 2710717, 2717572, 8281211786.