Connect with us

From the print

ഹജ്ജ് 2026: വിമാന നിരക്ക് ഏകീകരിക്കണം: ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്

2023 മുതല്‍ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍ കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ വ്യത്യസ്ത വിമാന നിരക്കാണ് ഈടാക്കുന്നത്.

Published

|

Last Updated

മലപ്പുറം | ഹജ്ജിനായി കേരളത്തില്‍ നിന്നുള്ള മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും വിമാന നിരക്കില്‍ ഏകീകരണം വേണമെന്നും അല്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ യാത്രികര്‍ എന്നന്നേക്കുമായി ഒഴിവാക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023 മുതല്‍ ഹജ്ജ് തീര്‍ഥാടനത്തിന് കേരളത്തില്‍ കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ വ്യത്യസ്ത വിമാന നിരക്കാണ് ഈടാക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷം മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങളേക്കാള്‍ 40,000 രൂപ അധികം നല്‍കേണ്ടിവന്നു. 2023ല്‍ കരിപ്പൂരില്‍ നിന്നായിരുന്നു ഏറ്റവും കുറവ് നിരക്ക് ഈടാക്കിയിരുന്നത്. കരിപ്പൂര്‍ 3,53,313, കൊച്ചി 3,53,967, കണ്ണൂര്‍ 3,55,506 രൂപ എന്നിങ്ങിനെയായിരുന്നു നിരക്ക്.

എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി കരിപ്പൂരില്‍ നിന്ന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഇതുകാരണം ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളം പുറപ്പെടല്‍ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ കുറഞ്ഞു. 27,186 അപേക്ഷകരില്‍ 1,802 പേരാണ് കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രമായി നല്‍കിയത്. കൊച്ചി 17,478 പേരും കണ്ണൂര്‍ 8,782 പേരുമാണ് പുറപ്പെടല്‍ കേന്ദ്രമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കണ്ണൂരില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തീര്‍ഥാടകര്‍ കൈയൊഴിയുന്നു എന്നതിന്റെ സൂചനയാണ്.

സംസ്ഥാനത്ത് നിന്നുള്ള അപേക്ഷകരില്‍ ഭൂരിഭാഗം പേരും കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, ഇവര്‍ കരിപ്പൂര്‍ ഒഴിവാക്കി മണിക്കൂറുകള്‍ യാത്ര ചെയ്ത് മറ്റ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ ആശ്രയിക്കുകയാണ്. ഇത് കരിപ്പൂരിലെ എമ്പാര്‍ക്കേഷന്‍ പോയിന്റ്്തന്നെ അപ്രസക്തമാകാനിടയാക്കും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പ്രത്യേക സര്‍വീസിന് അനുമതി നല്‍കിയും കൂടുതല്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയും വ്യോമയാന മന്ത്രാലായം ഈ പ്രതിസന്ധി ഒഴിവാക്കണം.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പും ഹജ്ജ് കമ്മിറ്റിയും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. കരിപ്പൂരിലെ അമിത വിമാന നിരക്ക് ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഇടപെടല്‍ നടത്തിവരികയാണെന്നും ഇതില്‍ പ്രതീക്ഷയുണ്ടെന്നും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

നിരക്കില്‍ ഏകീകരണം വന്നാല്‍ കരിപ്പൂര്‍ സൗകര്യമായി വരുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസ്സി. സെക്രട്ടറി ജഅ്ഫര്‍ കെ കക്കൂത്ത്, ഹജ്ജ് നോഡല്‍ ഓഫീസര്‍ പി കെ ഹസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവസരം മലപ്പുറം ജില്ലയില്‍ നിന്ന്
കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജിന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്. 2,643 പേരാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാമത് കോഴിക്കോട്ട് നിന്നാണ്-1,340 പേര്‍. ഏറ്റവും കുറവ് 38 പേര്‍ക്ക് മാത്രം അവസരം ലഭിച്ച പത്തനംതിട്ട ജില്ലായാണ്. ആലപ്പുഴ- 180, എറണാകുളം- 698, ഇടുക്കി- 65, കണ്ണൂര്‍- 1,005, കാസര്‍കോട്- 807, കൊല്ലം- 332, കോട്ടയം-111, പാലക്കാട്-457, തിരുവനന്തപുരം- 246, തൃശൂര്‍-424, വയനാട്- 184 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍. സഊദിയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട മുന്‍വര്‍ഷങ്ങളെ പോലെ ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. നിലവില്‍ 8,530 പേരാണ് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

20 ദിവസത്തെ സ്പെഷ്യല്‍ പാക്കേജ് പ്രൊഫഷനലുകള്‍ക്ക് ഏറെ പ്രയോജനമാകും
മലപ്പുറം | ഈ വര്‍ഷം മുതല്‍ 20 ദിവസത്തെ സ്പെഷ്യല്‍ ഹജ്ജ് പാക്കേജ് സംവിധാനിച്ചിട്ടുണ്ടെന്നും ഇത് പ്രൊഫഷനലുകള്‍ക്ക് ഏറെ പ്രയോജനമാകുമെന്നും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. 2,960 പേരാണ് സ്പെഷ്യല്‍ പാക്കേജിന് അപേക്ഷിച്ചിരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും ഉള്‍പ്പടെ ദീര്‍ഘ ദിവസ യാത്രക്ക് ബുദ്ധിമുട്ടുള്ള തീര്‍ഥാടകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്് മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് ഷോര്‍ട്ട് ഹജ്ജിന് എംബാര്‍ക്കേഷന്‍ പോയിന്റായുള്ളത്.

സഊദി അറേബ്യയില്‍ താമസസ്ഥലത്ത് കാറ്ററിംഗ് കമ്പനികള്‍ മുഖേന ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഓപ്ഷനും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഭക്ഷണത്തിന് വരുന്ന നിരക്ക് പിന്നീട് അറിയിക്കും. ഹാജിമാരുടെ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത് കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവന- സൗകര്യങ്ങള്‍ ഒരുക്കാനും സഹായിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.