Connect with us

local body election 2025

ഒറ്റപ്പാലം നഗരസഭയില്‍ ഗുരുവും ശിഷ്യനും നേര്‍ക്കുനേർ

"പാര്‍ട്ടി വേറെ തിരഞ്ഞെടുപ്പ് വേറെ സൗഹൃദം വേറെ' ചിരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ഒരേ അഭിപ്രായം പങ്കുവെച്ചു. സി കെ സൂരേജാണ് വാര്‍ഡിലെ എൻ ഡി എ സ്ഥാനാര്‍ഥി.

Published

|

Last Updated

ഒറ്റപ്പാലം | നഗരസഭയിലേക്ക് നേർക്കുനേര്‍ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത് ഗുരുവും ശിഷ്യനുമാണ്. ഗുരു യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ശിഷ്യന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

ഒറ്റപ്പാലം കുമ്മാംപാറ വാര്‍ഡിലാണ് വേറിട്ടൊരു മത്സരം നടക്കുന്നത്. വെല്‍ഡിംഗ് തൊഴിലാളികളായ ഗുരുവും ശിഷ്യനും തമ്മിലാണ് മത്സരം. തോട്ടക്കരയിലെ കെ കെ റൂഫിംഗ്സ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മോഹന്‍ദാസും വിഷ്ണുവുമാണ് സ്ഥാനാര്‍ഥികള്‍.

മൂന്ന് പതിറ്റാണ്ടോളമായി പത്തംകുളംപടി മോഹനദാസന്‍(55) വെല്‍ഡിംഗ് ജോലി ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ്സ് അംഗവും കണ്ണിയംപുറം കിള്ളിക്കാവ് തോട്ടക്കര ദേശം വൈസ് പ്രസിഡന്റുമാണ്. കളത്തില്‍ത്തൊടിവീട്ടില്‍ വിഷ്ണു(28) കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വെല്‍ഡറായി ജോലി ചെയ്യുന്നു. ഡിവൈ എഫ്‌ ഐ കുമ്മാംപാറ യൂനിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവും സി പി എം അംഗവുമാണ് വിഷ്ണു. തിരഞ്ഞെടുപ്പ് കഴിയുംവരെ ഇനി അവധിയെടുത്തിട്ടുണ്ട്. ഫലം വരുന്നതോടെ ഞങ്ങളിലൊരാള്‍ കൗണ്‍സിലറാകും. എന്നാല്‍ തോറ്റാലും ജയിച്ചാലും ഇതേ സൗഹൃദമുണ്ടാകും.

“പാര്‍ട്ടി വേറെ തിരഞ്ഞെടുപ്പ് വേറെ സൗഹൃദം വേറെ’ ചിരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ഒരേ അഭിപ്രായം പങ്കുവെച്ചു. സി കെ സൂരേജാണ് വാര്‍ഡിലെ എൻ ഡി എ സ്ഥാനാര്‍ഥി.

Latest