Connect with us

National

അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി

പ്രതി രമേശ് ചന്ദാനയ്ക്കാണ് ഹൈക്കോടതി പത്തു ദിവസത്തെ പരോള്‍ അനുവദിച്ചത്.

Published

|

Last Updated

അഹമ്മദാബാദ്| ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതി രമേശ് ചന്ദാനയ്ക്കാണ് ഹൈക്കോടതി പത്തു ദിവസത്തെ പരോള്‍ അനുവദിച്ചത്. മാര്‍ച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ നല്‍കിയത്.
കഴിഞ്ഞ ആഴ്ചയാണ് ചന്ദാന പരോളിനായി അപേക്ഷ നല്‍കിയത്.

അയ്യായിരം രൂപയുടെ ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബഞ്ച് പരോള്‍ അനുവദിച്ചത്. പരോള്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിര്‍ദേശിച്ചു. പരോള്‍ നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തില്ല.

ഫെബ്രുവരി ഏഴു മുതല്‍ 11വരെ പ്രദീപ് മോധിയ എന്ന പ്രതിയ്ക്ക് നേരത്തെ കോടതി പരോള്‍ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു പരോള്‍. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി 21നാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. ഇതിനുശേഷം രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്.

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ 11 പ്രതികളെ ജയില്‍ക്കാലയളവിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി 2022 ആഗസ്റ്റില്‍ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി പ്രതികളോട് ജയിലില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest