Connect with us

interview

കഥയുടെ കാവൽ

പോലീസ് ട്രെയിനിംഗ് തുടങ്ങി ആറ് വർഷക്കാലം ഒന്നും എഴുതിയില്ല, കാര്യമായി ഒന്നും വായിച്ചുമില്ല. ഇനിയൊരിക്കലും എഴുത്തിന്റെ വഴിയിലൂടെ ഒരു യാത്രയുണ്ടാകില്ല എന്ന് ഉറപ്പിച്ച കാലം. അക്ഷരങ്ങളൊക്കെ എന്നിൽ നിന്നും പറന്നുപോയി. ചിലപ്പോൾ ഓർത്ത് സങ്കടപ്പെട്ടു.... പോലീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ നിധീഷ് ജി സംവദിക്കുന്നു.

Published

|

Last Updated

? നിധീഷ് ജി എന്ന എഴുത്തുകാരന് എന്താണ് കഥ ? കഥയിലേക്ക് വരുന്നത് എങ്ങനെയാണ്?

അടുത്തിടപഴകുന്നവരും ദൂരെ മാറി നിൽക്കുന്നവരുമായ മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു പ്രവണത എങ്ങനെയോ കിട്ടിയിട്ടുണ്ട്. അവരെ പകർത്താതെ പറ്റില്ലെന്നാവുന്ന ഒരു സമയത്ത് അനുഭവിക്കുന്ന വിചിത്രമായ ലഹരി കലർന്ന ഒരു സമ്മർദമുണ്ട്. അതാണെനിക്ക് കഥ. കഥാപാത്രങ്ങളെയാണ് എനിക്കാദ്യം കിട്ടുക. ഉള്ളിലിരുന്ന് അവർ കുറേ മിണ്ടിക്കഴിയുമ്പോൾ കഥയുടെ ചുരുൾ മെല്ലെ നിവരും. കഥയോടൊപ്പം മുമ്പ് കവിതകളും എഴുതിയിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാറായപ്പോൾ മുതൽ സകല ബാലപ്രസിദ്ധീകരണങ്ങളും അച്ഛൻ വാങ്ങിത്തന്നിട്ടുണ്ട്. അതാണ് വായനയുടെ ആദ്യ കളരി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വാടകവീട് വിട്ട് അമ്മവീട്ടിനടുത്ത് താമസം തുടങ്ങി. അവിടെ സംസ്കാര സംദായിനി എന്ന ഗ്രന്ഥശാല അരിച്ചുപെറുക്കി. അന്ന് ഡിറ്റക്റ്റീവ് നോവലുകളാണ് കൂടുതൽ താത്പര്യം. സ്കൂൾ ലൈബ്രറിയിൽ നിന്നും മഹേഷ് എന്ന ചങ്ങാതി ട്രഷർ ഐലന്റ് എടുത്ത് തന്നതോടെ റീഡിംഗ് ലെവൽ മാറി. റഷ്യൻ വിവർത്തനങ്ങളും മറ്റ് ക്ലാസിക്കുകളുമൊക്കെ വായനയിൽ വന്നു. ബഷീറിനെ ഏറെ ഇഷ്ടത്തോടെ കൂടെ കൂട്ടി.

? ദേശത്തെ അടയാളപ്പെടുത്തുന്ന സ്ഥലനാമങ്ങൾ നിധീഷ് കഥകളുടെ പ്രത്യേകതകളാണല്ലോ. താമര മുക്ക് എന്ന കഥ തന്നെ നോക്കാം. ഘണ്ടർണ്ണങ്കാവ്, അകത്തൂട്ട് ചന്ത, ക്ലാപ്പന , പുള്ളിമാൻ ജംഗ്ഷൻ ഇങ്ങനെ വിചിത്രവും രസകരവുമായ പേരുകളുടെ ഉത്ഭവം അന്വേഷിച്ചിട്ടുണ്ടോ?’ ഓണാട്ടുകര, ആദിനാട് പ്രദേശത്തെ ജനജീവിതവും ഭാഷയും താങ്കൾ കഥകളിൽ സമർഥമായി ഉപയോഗിക്കുന്നുവെങ്കിലും സ്ഥലനാമങ്ങൾ സ്വാഭാവികമായും കടന്നുവരുന്നതാണെന്നു പറയാമോ?

സ്ഥലനാമങ്ങൾ കഥയിൽ വന്നത് സ്വാഭാവികമല്ല. പുള്ളിമാൻ ജംഗ്ഷൻ എന്ന കഥ എഴുതിയതിന് ശേഷമാണ് അത്തരത്തിൽ എന്റെ നാട്ടിലുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി കഥകളെഴുതിയാൽ കൊള്ളാമെന്ന തോന്നലുണ്ടായത്. ബോധപൂർവമാണ് ദേശനാമങ്ങൾ തലക്കെട്ടാക്കിയതെങ്കിലും കഥാപാത്രങ്ങളൊക്കെയും എനിക്ക് പരിചിതരോ കണ്ടുമുട്ടിയിട്ടുള്ളവരോ ആയിരുന്നു. പൂർണമായും ഓണാട്ടുകരഭാഷാ ശൈലിയല്ല ഞങ്ങളുടേത്. അതിൽ വേണാട് ദേശത്തിന്റെ ചില പൊട്ടും പൊടിയും കലങ്ങിക്കിടപ്പുണ്ട്. സ്ഥലനാമങ്ങൾക്കും സവിശേഷതകളുണ്ട്. കാവും കുളവും ചന്തകളും മുക്കവലകളും ചേർന്നുവരുന്ന ഇടങ്ങളാണധികവും. അത്തരം പേരുകൾ ഉരുത്തിരിഞ്ഞ് വന്നതിന്റെ സൂചനകൾ കഥകളിൽ ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. താമരമുക്ക് എന്റെ പരിസരമാണ്. അയ്യത്തമ്മ എനിക്ക് പ്രിയപ്പെട്ട ഒരാളും. പാടശേഖരങ്ങൾ ഉഴുതുമറിക്കാൻ തെക്കുദേശത്ത് നിന്നും കാളകളെ കൊണ്ടുവന്ന് കെട്ടിയ പനകൾ നിന്ന ഇടം കാളപ്പനയും പിന്നെ ക്ലാപ്പനയുമായി മാറി. കന്നുകളെ കടത്താനുപയോഗിച്ച പാലം കന്നേറ്റിപ്പാലമായി. ഒരു റേഡിയോ ക്ലബ്ബിന്റെ പേരാണ് പുള്ളിമാൻ ജംഗ്ഷന് കിട്ടിയത്. പഴയ ഒരു തറവാട് വക സ്ഥലത്തുള്ള ചന്തയാണ് അകത്തൂട്ട് ചന്ത. അങ്ങനെയങ്ങനെ ഞാൻ കണ്ട മനുഷ്യരെ പരിചിതമായ ഓരോരോ ഇടങ്ങളുമായി ചേർത്തുവെച്ച് കഥകൾ പറഞ്ഞുവെന്ന് മാത്രം. അങ്ങനെയുള്ള പത്ത് കഥകളാണ് താമരമുക്ക് എന്ന സമാഹാരത്തിലുള്ളത്.

? എൺപതുകളിലെ മിനി മാസികാ പ്രതാപകാലത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്? താങ്കളിലെ എഴുത്തുകാരനെ ബലപ്പെടുത്തിയത് ഈ ശലഭജന്മങ്ങളാണെന്നു പറയാമോ?

തൊണ്ണൂറുകളുടെ തുടക്കം മുതലാണ് ഞാൻ ലിറ്റിൽ മാഗസിനുകൾ ശ്രദ്ധിക്കുന്നത്. ഉണ്മ, ഗ്രാമം, ഇന്ന്, നേര് എന്നിങ്ങനെ അനവധിയായ ചെറുമാസികകൾ പുതിയ എഴുത്തുകാർക്ക് വലിയ ഇടം നൽകി. മികച്ച ഉള്ളടക്കവുമായി മിനി മാഗസിനുകൾ അക്കാലം ഒരു രാഷ്ട്രീയ-സാംസ്കാരിക വിപ്ലവം തന്നെ സൃഷ്ടിച്ചു. കിട്ടുന്നതെന്തും വായിക്കുമെങ്കിലും എഴുതാനുള്ള ധൈര്യം ആ സമയത്ത് എനിക്കത്ര പോരായിരുന്നു. ആവേശമുൾക്കൊണ്ട് 96 ൽ കൂട്ടുകാരുമായി ചേർന്ന് നാട്ടിൽ കേളികൊട്ട് എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ തുടങ്ങി. ഡിഗ്രിക്ക് പഠിക്കുന്ന കാലം. ചെറിയ പരസ്യങ്ങളിൽ നിന്നാണ് അച്ചടിക്കുള്ള പണം കണ്ടെത്തിയത്. അമ്പത് രൂപയൊക്കെയാണ് പരസ്യ ചാർജ്. ചിലപ്പോൾ അതും കിട്ടില്ല. ക്ലാസ് കട്ട് ചെയ്ത് പ്രസ്സിൽ പോയി കമ്പോസറുടെ ഒപ്പമിരുന്ന് അക്ഷരങ്ങൾ അടുക്കാൻ പഠിച്ചു. മാസികയുമായി സൈക്കിളിൽ വിയർത്തു കുളിച്ച് നാടു മുഴുവൻ ചുറ്റി. ഓർക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. ഒപ്പം ആഹ്ലാദവും. ആ മാസികയിലാണ് ആദ്യമായി എന്റെ കഥ അച്ചടിക്കുന്നത്. മറ്റൊരു പേരിൽ. തുടർന്ന് മൂന്നോ നാലോ കഥകൾ പല പല പേരുകളിൽ കൊടുത്തു. പന്ത്രണ്ട് ലക്കങ്ങളോടെ എഡിറ്ററും കൂട്ടുകക്ഷികളും പൊളിഞ്ഞ് പാളീസായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്ന എം എഫ് തോമസ്, ബാബു കുഴിമറ്റം, കുരീപ്പുഴ ശ്രീകുമാർ എന്നിവരൊക്കെ നല്ല പിന്തുണ നൽകിയിരുന്നു. എം മുകുന്ദൻ മാഷ് അയച്ച ഒരു കത്ത് അഭിമാനത്തോടെ അതിൽ പ്രസിദ്ധീകരിച്ചു. സുന്ദരമെന്ന് വിശേഷിപ്പിക്കാവുന്ന ആ മിനി മാസികക്കാലമാണ് എഴുത്തിൽ എനിക്ക് പിൻബലമായതെന്ന് ഒട്ടും സംശയമില്ലാതെ പറയാം.

? കാക്കിക്കുള്ളിലെ കഥാ ഹൃദയത്തെ കഠിനമായ പോലീസ് ട്രെയിനിംഗ് ക്യാമ്പുകളിലും പിടുത്തം വിടാതെ താങ്കൾ സംരക്ഷിച്ചു നിർത്തിയത് എങ്ങനെയാണ്? ജോലി എഴുത്തിന് കാവലുണ്ടോ?

പോലീസ് ട്രെയിനിംഗ് തുടങ്ങി ആറ് വർഷക്കാലം ഒന്നും എഴുതിയില്ല, കാര്യമായി ഒന്നും വായിച്ചുമില്ല. ഇനിയൊരിക്കലും എഴുത്തിന്റെ വഴിയിലൂടെ ഒരു യാത്രയുണ്ടാകില്ല എന്ന് ഉറപ്പിച്ച കാലം. അക്ഷരങ്ങളൊക്കെ എന്നിൽ നിന്നും പറന്നുപോയി. ചിലപ്പോൾ ഓർത്ത് സങ്കടപ്പെട്ടു. ഒരു ശ്രമമെന്ന നിലയിൽ എന്തെങ്കിലും എഴുതാനിരിക്കും. ഒരു വാക്ക് പോലും എഴുതാനാകാതെ ഭ്രാന്ത് പിടിക്കും. കോട്ടയത്തേക്ക് ട്രാൻസ്ഫർ ആയതോടെ ട്രെയിനിലായി യാത്ര. വായനയും എഴുത്തും ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു സംഘം ട്രെയിനിൽ ഉണ്ടായി വന്നു. അങ്ങനെയാണ് അക്ഷരങ്ങൾ വീണ്ടുമെന്നെ വന്നു തൊടുന്നത്. സാഹിത്യവും സിനിമയും ഇഷ്ടപ്പെടുന്ന, പോലീസിൽ തന്നെയുള്ള കൂട്ടുകാർക്കൊപ്പമുള്ള വാസം എഴുത്തിനെ കൂടുതൽ തേച്ചുമിനുക്കി. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾക്കിടയിൽ ചെറുതും വലുതുമായി അമ്പതോളം കഥകൾ എഴുതിയിട്ടുണ്ടാകും. ചുറ്റുമുള്ള മനുഷ്യരോട്, സൗഹൃദങ്ങളോട്, യാത്രകളോട്, പോലീസ് ജീവിതത്തിനോട് ഒക്കെ ആ കഥകൾ ഗാഢമായി പ്രണയപ്പെട്ടിരിക്കുന്നു.