articles
ഗ്രേറ്റര്‍ ഇസ്‌റാഈല്‍; സയണിസത്തിന്റെ നുണരാജ്യം
സ്വയം പ്രതിരോധമെന്ന നിലനില്‍പ്പിന്റെ ആഖ്യാനങ്ങളുമായി ഈ അക്രമി രാഷ്ട്രം ചോരപ്പുഴ തീര്‍ക്കാത്ത അയല്‍ രാജ്യങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരുപാധികം എല്ലാ കാലത്തും പിന്തുണക്കുന്നത് കൊണ്ട് തന്നെ അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നുള്ള ഒരുവിധത്തിലുള്ള എതിര്‍പ്പുകളും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് സയണിസ്റ്റ് രാജ്യത്തിന്റെ പെരുമാറ്റം.

സിറാജുദ്ദീന്‍ റസാഖ്
ഇസ്‌റാഈലിന്റെ ക്രൂരത അതിര്‍ത്തികള്‍ കടന്ന് ഇപ്പോള്‍ സിറിയയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസ് വിഭാഗക്കാരെ ജൂലാനി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്നതാണ് ഈ പുതിയ ആക്രമണത്തിന് ജൂത രാഷ്ട്രത്തിന്റെ ന്യായീകരണം. ഓരോ കാരണങ്ങള്‍ നിരത്തി, സ്വയം പ്രതിരോധമെന്ന നിലനില്‍പ്പിന്റെ ആഖ്യാനങ്ങളുമായി ഈ അക്രമി രാഷ്ട്രം ചോരപ്പുഴ തീര്‍ക്കാത്ത അയല്‍ രാജ്യങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരുപാധികം എല്ലാ കാലത്തും പിന്തുണക്കുന്നത് കൊണ്ട് തന്നെ അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നുള്ള ഒരുവിധത്തിലുള്ള എതിര്‍പ്പുകളും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് സയണിസ്റ്റ് രാജ്യത്തിന്റെ പെരുമാറ്റം. ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യക്കെതിരെ ലോകമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും “ഗ്രേറ്റര്‍ ഇസ്‌റാഈല്‍’ എന്ന സയണിസ്റ്റ് സ്വപ്‌നങ്ങളുടെ തുടര്‍ച്ചയാണോ അനുദിനം വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയാണ് തങ്ങളുടെ ആവശ്യമെന്നത് സയണിസ്റ്റ് നേതാക്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷേ, ഈ വാഗ്ദത്ത ഭൂമിയുടെ അതിര്‍ത്തിയും പരിധിയും ഇന്നു വരേക്കും കൃത്യമായ രീതിയില്‍ ഇസ്‌റാഈലിന്റെ പിറവിക്ക് മുമ്പോ ശേഷമോ നിര്‍ണയിച്ചിട്ടുമില്ല. നിരവധി യുദ്ധങ്ങളും ഉടമ്പടികളും ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷ നാളുകളില്‍ കഴിഞ്ഞുപോയിട്ടും നാളിതുവരെ ഒരു രേഖയിലും ഇസ്‌റാഈലിന്റെ പരിധിയെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഫലസ്തീനില്‍ കൂടുതല്‍ കുടിയേറ്റങ്ങള്‍ നടത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണിതെന്നും എഡ്വേര്‍ഡ് സൈദടക്കമുള്ള രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഓസ്്ലോ കരാര്‍ വിമര്‍ശന വിധേയമായതും ഇസ്‌റാഈലെന്ന രാജ്യത്തിന്റെ അതിര്‍ത്തികളിലെ അവ്യക്തതകളെ തുടര്‍ന്നായിരുന്നു.
ഓസ്്ലോ കരാറിന് ശേഷം 1994-95 കാലയാളവിനുള്ളില്‍ മാത്രം 3,840 വീടുകളാണ് ഫലസ്തീനില്‍ ഇസ്‌റാഈല്‍ അനധികൃതമായി നിര്‍മിച്ചത്. 1996-97ല്‍ 3,570 വീടുകളും. ഇസ്‌റാഈല്‍ എന്ന രാജ്യത്തെ കരാര്‍ പ്രകാരം പി എല്‍ ഒ അംഗീകരിച്ചെങ്കിലും ഫലസ്തീനെ ഇന്നും അവര്‍ പൂര്‍ണ രൂപത്തില്‍ അംഗീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെയാണ് എഡ്വേര്‍ഡ് സൈദ് ഈ കരാറിനെ “ഫലസ്തീനിയന്‍ വേഴ്സായ്’ എന്ന് വിശേഷിപ്പിച്ചത്. 1948ലെ യു എന്‍ നിര്‍ണയിച്ച അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതല്‍ ഭൂപ്രദേശങ്ങളെ തങ്ങളുടെ പരിധിയില്‍ കൂട്ടിച്ചേര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറ് ദിന യുദ്ധത്തിന് ശേഷമാണ് ഈ അധിനിവേശ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ജീവന്‍ വെച്ചത്. ബൈബിള്‍ രേഖകളില്‍ ഇസ്‌റാഈല്‍ എന്നത് നൈലിനും യൂഫ്രട്ടീസിനുമിടയിലുള്ള അതിവിശാലമായ ഭൂപ്രദേശമാണ്. അധിനിവിഷ്ട ഇസ്‌റാഈലിന് പുറമെ ലബനാനും സിറിയയും ജോര്‍ദാനും ഈജിപ്തും അടങ്ങുന്ന വലിയൊരു ഭൂപ്രദേശമാണ് ബൈബിളില്‍ പറയുന്ന ഇസ്‌റാഈല്‍.
ഇസ്‌റാഈലിന്റെ പിറവിക്ക് ശേഷമുണ്ടായ യുദ്ധങ്ങളിലെല്ലാം തന്നെ കൃത്യമായ കുടിയേറ്റങ്ങളും അധിനിവേശങ്ങളും ഈ രാജ്യങ്ങളിലെല്ലാം ഇസ്‌റാഈല്‍ നടത്തിയിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സിറിയയിലെ ജൂലാന്‍ മലനിരകള്‍, ഈജിപ്തിലെ സിനായ് മേഖലകള്‍, ലബനാനിലെ ഷെബ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഇസ്‌റാഈല്‍ അധിനിവേശം നടത്തിയിട്ടുണ്ട് എന്നതാണ് ചരിത്രം. ഓസ്്ലോ കരാര്‍ മുന്നോട്ട് വെക്കുന്ന, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കൂടുതല്‍ ഭൂമി ഫലസ്തീന് തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയെ പാടേ നിരാകരിക്കുകയും കൂടുതല്‍ ഭൂമി കൈയേറുകയുമാണ് ഇസ്‌റാഈല്‍ ചെയ്തത്. ലബനാനില്‍ കടന്നു കയറി ഫലസ്തീൻകാരായ അഭയാര്‍ഥികളെ കൊന്നുതള്ളിയ ചരിത്രവും ഈ രാജ്യത്തിനുണ്ട്.
“ഭാഗികമായ ജൂതരാഷ്ട്രം ഒരവസാനമല്ല. രാജ്യത്തിന്റെ പരിസരപ്രദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കുകയില്ലെ’ന്ന് 1936 ഒക്ടോബര്‍ 13ന് നടന്ന സയണിസ്റ്റ് യോഗത്തില്‍ ബെന്‍ഗൂറിയന്‍ പ്രസ്താവിക്കുന്നുണ്ട്. മുന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് മോശെ ഷാരറ്റും സമാനമായ ആശയങ്ങള്‍ തന്റെ ഡയറിയില്‍ കുറിക്കുന്നുണ്ട്. സമീപ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതിന് മുമ്പ് നെതന്യാഹു പറയുന്നതും ഇതേ വാക്കുകള്‍ തന്നെയാണ്.
നിങ്ങളുടെ രാഷ്ട്രീയ വിമോചനത്തിനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്ന് പല കാലങ്ങളിലായി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നതില്‍ നിന്ന് തന്നെ അധിനിവേശമാണ് സയണിസ്റ്റുകളുടെ ആവശ്യം എന്നത് കൃത്യമാണ്. തീവ്ര വലതുപക്ഷ നേതാക്കളും നെസറ്റും ഈ ആവശ്യത്തെ പിന്താങ്ങുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന വംശഹത്യയില്‍ പങ്കെടുക്കുന്ന ഇസ്‌റാഈല്‍ സൈനികര്‍ ധരിച്ച വിശാല ഇസ്‌റാഈലിന്റെ ഭൂപടം ഉള്‍ക്കൊള്ളുന്ന ബാഡ്ജ് വലിയ വിവാദം സൃഷ്ടിച്ചിരുന്നുവെങ്കിലും സയണിസ്റ്റ് നേതാക്കളോ ഇസ്‌റാഈല്‍ സൈന്യമോ യാതൊരുവിധ വിശദീകരണവും ഇതുവരെയും നല്‍കിയിട്ടില്ല.
കൃത്യമായ ആസൂത്രണത്തില്‍, വന്‍ശക്തികളുടെ സഹായത്തോടെ നടത്തുന്ന വംശഹത്യയില്‍ ഇസ്‌റാഈല്‍ നടത്തിയ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു യഥാര്‍ഥത്തില്‍ ഈ ഭൂപടം. മാത്രവുമല്ല ഇസ്‌റാഈല്‍ വലതുപക്ഷ രാഷ്ട്രീയ നേതാവായ അവി ലിംപ്കിന്‍, ഇസ്‌റാഈല്‍ എന്നത് ഇന്ന് കാണുന്ന ചെറിയ രാജ്യമല്ലെന്നും, അയല്‍പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട വിശാലമായ രാഷ്ട്രീയ ഭൂമികയാണെന്നും പല തവണയായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പല മുഖ്യധാരാ ഇസ്‌റാഈല്‍ നേതാക്കളും “ഗ്രേറ്റര്‍ ഇസ്‌റാഈല്‍’ തങ്ങളുടെ ആവശ്യമല്ലെന്ന് പറയുന്നുണ്ടെങ്കിലും വെസ്റ്റ് ബാങ്കില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന കുടിയേറ്റങ്ങള്‍ക്ക് ന്യായീകരണമായി ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് എന്നതാണ് വൈരുധ്യം.
ഇവാഞ്ചലിക്കന്‍ ക്രിസ്ത്യാനികളിലെ പല സുവിശേഷകരും യേശുവിന്റെ കടന്നു വരവിന് ഇസ്‌റാഈല്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണെന്ന് വാദിക്കുന്നുണ്ട്. ജറൂസലമിലെ ജൂത അമ്പലം നിലവില്‍ വന്നാല്‍ മാത്രമേ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകുകയുള്ളൂവെന്നും അതുകൊണ്ട് തന്നെ ഇസ്‌റാഈലിനെ പിന്തുണക്കുകയെന്നത് മതപരമായ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു വെക്കുന്നുണ്ട്. ടെക്‌സാസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ്, ഈയിടെ ഒരു അഭിമുഖത്തില്‍ മതപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ പ്രധാനമായും ഇസ്‌റാഈലിനെ പിന്തുണക്കുന്നതെന്ന് പറയുന്നുണ്ട്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇത്തരം ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ക്ക് കൃത്യമായ മേധാവിത്വമുള്ളത് കൊണ്ട് തന്നെ ഇസ്‌റാഈലിനോടുള്ള സമീപനം മാറുകയില്ല എന്നത് ഉറപ്പാണ്. പ്രത്യുത, മതപരമായ ഉത്തരവാദിത്വം എന്ന വ്യാഖ്യാനത്തില്‍ നിന്നാണ് സയണിസ്റ്റുകളെ കണ്ണടച്ചു പിന്തുണക്കുന്നതെങ്കില്‍ ബൈബിള്‍ രേഖകളില്‍ പ്രസ്താവിക്കുന്ന ഇസ്‌റാഈലിനെയാണ് അമേരിക്കയിലെ ഇവാഞ്ചലിക്കന്‍ ക്രിസ്ത്യന്‍സ് പിന്തുണക്കുന്നത് എന്നതും വ്യക്തമാണ്. പക്ഷേ, ചോരപ്പാടുകള്‍ പൂണ്ട ഒരു പ്രത്യയശാസ്ത്രത്തിന് ബൈബിളില്‍ നിന്ന് തെളിവ് കണ്ടെത്തുന്നവര്‍ എന്തുതരം നീതിയാണ് നിര്‍വഹിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ തിരിച്ചു ചോദിക്കുന്നുമുണ്ട്.
എത്ര തന്നെ മതത്തിന്റെ പരികല്‍പ്പനകള്‍ നല്‍കിയാലും, വിശപ്പ് ആയുധമാക്കി പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്നവര്‍ക്ക് ലോകമനസ്സാക്ഷി മാപ്പ് നല്‍കില്ലെന്നത് തീര്‍ച്ചയാണ്. അവര്‍ക്ക് നല്‍കുന്ന പിന്തുണ പൈശാചികമാണെന്ന് ബോധ്യമാകാന്‍ ചെറിയ കാഴ്ചകള്‍ തന്നെ ധാരാളമാണ്. പശ്ചിമേഷ്യയിലെ സ്വന്തം ക്രിസ്ത്യന്‍ സഹോദരങ്ങളെ ഒറ്റു കൊടുത്ത് ചില ക്രിസ്ത്യന്‍ ലോബികള്‍ തുടരുന്ന വഞ്ചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ ലോകം തിരിച്ചറിയുക തന്നെ ചെയ്യും.