Kerala
വഖ്ഫ് ഉള്‍പ്പടെ രണ്ട് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; വിവാദ ബില്ലുകള്‍ തൊട്ടില്ല
വഖ്ഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബേങ്കിനെ കേരള ബേങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

തിരുവനന്തപുരം | സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വഖ്ഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബേങ്കിനെ കേരള ബേങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.
വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടത് റദ്ദാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. നേരത്തെ വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട് സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് റദ്ദാക്കല്‍ ബില്‍ സെപ്തംബര്‍ ഒന്നിന് സര്‍ക്കാര്‍ സഭയില്‍ കൊണ്ടുവന്നത്. ബില്‍ ഏകകണ്ഠമായി നിയമസഭ പാസാക്കി. എന്നാല്‍ ഒപ്പിടാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
മലപ്പുറം ജില്ലാ ബേങ്കിനെ കേരള ബേങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സമയപരിധി ഒരുവര്‍ഷമെന്നത് രണ്ടു വര്‍ഷമായി ഉയര്‍ത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ഗവര്‍ണര്‍ ഒപ്പിട്ട മറ്റൊരു ഭേദഗതി ബില്‍. ഇത് റിസര്‍വ് ബേങ്ക് വ്യവസ്ഥകളിലൊന്ന് പാലിക്കാനുള്ള സാങ്കേതിക നിയമ ഭേദഗതി മാത്രമാണ്.
എന്നാല്‍, വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചില്ല. ലോകായുക്ത ബില്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍, സര്‍വകലാശാലാ ഭേദഗതി ബില്‍, മില്‍മ ബില്‍ ഉള്‍പ്പടെയുള്ളവയാണ് ഇനി ഒപ്പിടാനുള്ളത്. ഇവ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.