Connect with us

Kerala

ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട ജലസേചന വകുപ്പില്‍ സീനിയര്‍ ഹെഡ്ക്ലാര്‍ക്കായിരുന്ന അബ്ദുല്‍ മനാഫ് (43) ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണു മരിച്ച സംഭവത്തിലാണ് വിധി.

Published

|

Last Updated

പത്തനംതിട്ട | മതിയായ സുരക്ഷാ സംവിധാനമില്ലാതെ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പന്തളം തോന്നല്ലൂര്‍ കാക്കുഴി പുത്തന്‍വീട്ടില്‍ നാസിയ ഹസന്‍ നല്‍കിയ ഹരജിയിലാണ് വിധി.

2022 മേയ് എട്ടിന് നാസിയയുടെ ഭര്‍ത്താവ് പത്തനംതിട്ട ജലസേചന വകുപ്പില്‍ സീനിയര്‍ ഹെഡ്ക്ലാര്‍ക്കായിരുന്ന അബ്ദുല്‍ മനാഫ് (43) ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണു മരിച്ച സംഭവത്തിലാണ് വിധി. ആലപ്പുഴ ആര്യനാട് മണ്ണാഞ്ചേരി വേതാളം വീട്ടില്‍ കനാല്‍ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോളെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹരജി. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ ചേര്‍ന്ന് ഹൗസ് ബോട്ട് വാടകയ്ക്കെടുത്തിരുന്നത്.

സംഭവ ദിവസം രാവിലെ യാത്രതിരിച്ച സംഘം ഉച്ചകഴിഞ്ഞ് മൂന്നോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി ബോട്ട് അടുപ്പിക്കുന്നതിനിടെയാണ് ഡെക്കില്‍ നിന്ന് അബ്ദുല്‍ മനാഫ് വെള്ളത്തിലേക്കു വീണത്. ഡെക്കിന് വേലിയടക്കമുള്ള സുരക്ഷാ സംവിധാനമില്ലാതിരുന്നതും ജാക്കറ്റില്ലാതിരുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നാസിയ ഹരജി നല്‍കിയത്. അപകട സമയത്ത് ബോട്ടിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ലായിരുന്നു. കൂടുതല്‍ യാത്രക്കാരെ കയറ്റിയാണ് ബോട്ട് യാത്ര നടത്തിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്തിരുന്നുമില്ല.

ഹരജിയില്‍ ചൂണ്ടിക്കാട്ടിയതുള്‍പ്പെടെയുള്ള ന്യൂനതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വിധി പ്രസ്താവിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അബ്ദുല്‍ മനാഫിന്റെ പ്രായവും തുടര്‍ന്നു ലഭ്യമാകേണ്ടിയിരുന്ന സര്‍വീസ് ആനുകൂല്യങ്ങളും കുടുംബ സാഹചര്യവുമെല്ലാം പരിഗണിച്ച് നഷ്ടപരിഹാരമെന്ന നിലയ്ക്ക് 40 ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും അനുവദിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക ബോട്ടുടമ മരിച്ച അബ്ദുല്‍ മനാഫിന്റെ ഭാര്യയ്ക്കും മറ്റ് ആശ്രിതര്‍ക്കുമായി നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അധ്യക്ഷന്‍ ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേര്‍ന്നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അഭിഭിഷകനായ സി വി ജ്യോതിരാജ് മുഖേനയാണ് നാസിയ ഹരജി നല്‍കിയത്.