Connect with us

Articles

ആര്‍ ബി ഐ റിപോര്‍ട്ടിലെ ശുഭസൂചനകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബേങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. നിക്ഷേപങ്ങളും കടം കൊടുപ്പുകളും അതോടൊപ്പം വര്‍ധിച്ചു. വലിയ തുകയുടെ നിരവധി കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയിട്ടുമുണ്ട്. ബേങ്കിംഗ് സംവിധാനത്തിലെ സാങ്കേതികവിദ്യാ ഉപയോഗം കൂടുതല്‍ ഇന്‍ക്ലൂസിവ് ആകാന്‍ സഹായിച്ചു. കൂടാതെ കാര്യക്ഷമമായ സാമ്പത്തിക ആവാസ വ്യവസ്ഥ സൃഷ്ടിക്കാനും സാധിച്ചു.

Published

|

Last Updated

കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ ബേങ്കിംഗ് മേഖലയുടെ പ്രവണതകളെയും പുരോഗതികളെയും കുറിച്ചുള്ള റിപോര്‍ട്ട് റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. ആഗോള ബേങ്കിംഗ് വികസനങ്ങള്‍, നയപരമായ കാര്യങ്ങള്‍, വാണിജ്യ ബേങ്കുകളുടെ പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും, സഹകരണ ബേങ്കിംഗ് മേഖലയുടെ വികസനം, ബേങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ റിപോര്‍ട്ടാണത്. കടുത്ത സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള സമ്പദ് വ്യവസ്ഥയെ പിടിമുറുക്കിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് പങ്കുവെക്കുന്നു. അമേരിക്കയിലെ അഞ്ച് ഇടത്തരം ബേങ്കുകളുടെ തകര്‍ച്ചയും യൂറോപ്യന്‍ യൂനിയനിലെ ഒരു ബേങ്കിന്റെ പരാജയവുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഗണ്യമായ നിരവധി പരിഹാര ക്രിയകളിലൂടെ പറയപ്പെട്ട തകര്‍ച്ചയുടെ വ്യാപ്തി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, 2023 ഒക്ടോബര്‍ മാസത്തിലെ വേള്‍ഡ് ഇക്കോണമിക് ഔട്ട്ലുക്ക്, ഇന്റര്‍നാഷനല്‍ മോനിറ്ററി ഫണ്ട് തുടങ്ങിയവയുടെ അപ്ഡേറ്റ് പ്രകാരം 2024ല്‍ ആഗോള വളര്‍ച്ച 2022ലെ 3.5 ശതമാനത്തില്‍ നിന്ന് 2.9 ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചുരുക്കത്തില്‍ പണപ്പെരുപ്പ നിരക്ക് നിര്‍ദിഷ്ട അളവിനേക്കാള്‍ കൂടി നില്‍ക്കുന്നത് കൊണ്ട് തന്നെ മോണിറ്ററി പോളിസി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ നിബന്ധനകള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ കൈക്കൊള്ളുന്നതാണ്. നേരത്തേ സൂചിപ്പിച്ച പോലെ ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് കുറവ് സാധ്യത മുന്നിലുണ്ടായത് കൊണ്ട് തന്നെ ബേങ്കിംഗ് മേഖലയിലെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തെ തരണം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്.

ഇന്ത്യയിലേക്ക് വരുമ്പോള്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും റിസര്‍വ് ബേങ്ക് തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ ഒരു സാഹചര്യം തന്നെയാണ് ഒരുക്കിയത്. ഡിജിറ്റല്‍ ഫിനാന്‍സ് രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ധനകാര്യത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ സഹായകരമായിട്ടുണ്ട്. ആഗോള സാമ്പത്തിക പരിസരത്ത് നിലനില്‍ക്കുന്ന വെല്ലുവിളികള്‍ ഇന്ത്യയിലേക്ക് ഒരേപോലെ വ്യാപിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ പൊതുവിശ്വാസം വര്‍ധിപ്പിക്കണമെന്നും രാജ്യത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കൈത്താങ്ങാകണമെന്നും റിപോര്‍ട്ട് പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വാണിജ്യ ബേങ്കുകളുടെ പ്രവര്‍ത്തനങ്ങളും പ്രകടനവും എങ്ങനെയായിരുന്നു എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ കുറച്ച് വിശദമായി പരിശോധിക്കാം. 2023 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ വാണിജ്യ ബേങ്കിംഗ് ഭൂപടത്തില്‍ 12 പൊതുമേഖലാ ബേങ്കുകളും 21 സ്വകാര്യ ബേങ്കുകളും 44 വിദേശ ബേങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 12 ചെറുകിട ധനകാര്യ ബേങ്കുകള്‍, 43 പ്രാദേശിക ഗ്രാമീണ ബേങ്കുകള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുന്നു. ചെറുകിട ധനകാര്യ ബേങ്കുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ ഷെഡ്യൂള്‍ഡ് ബേങ്കുകളുടെയും മൊത്തം ബാലന്‍സ് ഷീറ്റ് വളര്‍ച്ച (ബാധ്യതകളേക്കാള്‍ ആസ്തിയുടെ വര്‍ധനവ്) 12.2 ശതമാനമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആസ്തി വര്‍ധനവിന്റെ വളര്‍ച്ചക്ക് പ്രധാനമായും ഹേതുവായത് ബേങ്ക് ക്രെഡിറ്റ് അഥവാ കടം കൊടുക്കലായിരുന്നു. ഈ കാലയളവിലെ തന്നെ നിക്ഷേപവും വളര്‍ന്നിട്ടുണ്ട്. മേല്‍പറയപ്പെട്ട ബേങ്കുകള്‍ക്ക് പുറമെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ ബി എഫ് സികള്‍ (നോണ്‍ ബേങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) ഗണ്യമായ ബാലന്‍സ് ഷീറ്റ് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. രണ്ടക്ക ക്രെഡിറ്റ് വളര്‍ച്ചയുടെ പിന്തുണയോടെയാണ് ഈയൊരു നേട്ടം സാധ്യമായത്. മൊത്തത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നിട്ടും, സാമ്പത്തിക വ്യവസ്ഥയില്‍ എന്‍ ബി എഫ് സികളുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ബേങ്കുകളും ഇതര ബേങ്കുകളും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള പരസ്പര ബന്ധത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആര്‍ ബി ഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബേങ്കിംഗ് മേഖലയിലെ തട്ടിപ്പുകളെ കുറിച്ചും റിപോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7,263 ബേങ്കിംഗ് തട്ടിപ്പുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2021-22 വര്‍ഷത്തില്‍ അത് 9,053 എണ്ണമായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 5,396 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2023-24 വര്‍ഷം സെപ്തംബര്‍ വരെ 14,483 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഏതാണ്ട് 2,642 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിസര്‍വ് ബേങ്ക് കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകളില്‍ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള തട്ടിപ്പുകളുടെ വിവരങ്ങളാണ് ലഭ്യമാകുക എന്നത് മറ്റൊരു വസ്തുതയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ റിസര്‍വ് ബേങ്ക് കൈക്കൊണ്ടിട്ടുണ്ട്. മൊത്തം 211 തവണകളായി ഏതാണ്ട് 40 കോടിയോളം രൂപ പിഴയായി ചുമത്തിയിട്ടുണ്ട്.

ഉപഭോക്തൃ സംരക്ഷണം ബേങ്കിംഗ് മേഖലയില്‍ വളരെ അത്യാവശ്യമാണ്. ഉപഭോക്തൃ വിദ്യാഭ്യാസത്തിലും സംരക്ഷണത്തിലും റിസര്‍വ് ബേങ്ക് ശ്രദ്ധ ചെലുത്തുന്നതോടൊപ്പം തന്നെ പരാതി പരിഹാര സംവിധാനത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ടെക്‌നോളജി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. 2022-23 വര്‍ഷത്തില്‍ ബേങ്കിംഗ് ഓംബുഡ്സ്മാന്‍ വഴിയുള്ള പരാതികളില്‍ 68.2 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കിയതിനാലാണിത്. മൊത്തം 7,03,544 പരാതികളാണ് ലഭിച്ചത്. ഇതിന്റെ 33.4 ശതമാനം നടപടികള്‍ റിസര്‍വ് ബേങ്ക് ഓംബുഡ്സ്മാന്‍ ഓഫീസ് മുഖേന കൈകാര്യം ചെയ്യുകയും ബാക്കിയുള്ളവ സി ആര്‍ പി സി (Centralised Receipt and Processing Centre) ക്ക് വിടുകയുമാണ് ചെയ്തത്.

റിപോര്‍ട്ടിന്റെ മറ്റൊരു പ്രധാനപ്പെട്ട പരാമര്‍ശം വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഇടപാടുകളെ കുറിച്ചുള്ളതാണ്. ചെക്കുകളും ഡിമാന്‍ഡ് ഡ്രാഫ്റ്റുകളും ഉപയോഗിച്ച് പരമ്പരാഗത രീതിയിലുള്ള പണമിടപാടുകള്‍ വളരെ കുറഞ്ഞുവെന്നും ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചുവെന്നും റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 2023 ഒക്ടോബറിലെ കണക്ക് പ്രകാരം മൊത്തം ഇടപാടിന്റെ 99.6 ശതമാനവും ഡിജിറ്റല്‍ ആയിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 97.1 ശതമാനവും ഡിജിറ്റലായിരുന്നു. രാജ്യത്തെ ബേങ്കിംഗ് മേഖലയില്‍ ഡിജിറ്റലൈസേഷന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനായി റിസര്‍വ് ബേങ്ക് നിരവധി മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സൂചിക തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ പരാമര്‍ശിച്ച കണക്കുകള്‍. എ ടി എമ്മുകളും ഈ വര്‍ഷത്തില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട് അവകാശപ്പെടുന്നത്. രണ്ടര ലക്ഷത്തിലധികം എ ടി എമ്മുകള്‍ രാജ്യത്തിന്റെ പലയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.

ചുരുക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബേങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. നിക്ഷേപങ്ങളും കടം കൊടുപ്പുകളും അതോടൊപ്പം വര്‍ധിച്ചു. വലിയ തുകയുടെ നിരവധി കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയിട്ടുമുണ്ട്. ബേങ്കിംഗ് സംവിധാനത്തിലെ സാങ്കേതികവിദ്യാ ഉപയോഗം കൂടുതല്‍ ഇന്‍ക്ലൂസിവ് ആകാന്‍ സഹായിച്ചു. കൂടാതെ കാര്യക്ഷമമായ സാമ്പത്തിക ആവാസ വ്യവസ്ഥ സൃഷ്ടിക്കാനും സാധിച്ചു. ടെക്നോളജിയിലെ പുതിയ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതോടൊപ്പം തന്നെ വലിയ വെല്ലുവിളികളും ഉണ്ടാക്കി. സൈബര്‍ ആക്രമണങ്ങങ്ങള്‍, ഡാറ്റാ സുരക്ഷാ ലംഘനങ്ങള്‍, സിസ്റ്റം തകരാറുകള്‍, പ്രവര്‍ത്തന പരാജയങ്ങള്‍ (ഛുലൃമശേീിമഹ എമശഹൗൃല) എന്നിവയും വര്‍ധിച്ചു. മുന്നോട്ടുള്ള പാതയില്‍ സാങ്കേതികവിദ്യ നന്നായി ഉപയോഗപ്പെടുത്തേണ്ടതും സൈബര്‍ സുരക്ഷ, സൈബര്‍ അപകട സാധ്യതകള്‍ എന്നിവ മനസ്സിലാക്കേണ്ടതും പരിഹാരങ്ങള്‍ കൈക്കൊള്ളേണ്ടതും ബേങ്കുകള്‍ക്ക് അത്യാവശ്യമാണ്. കരുത്തുറ്റ ഭരണ സംവിധാനവും മികച്ച റിസ്‌ക് മാനേജ്മെന്റ് രീതികളും സംയോജിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് നിലവിലെ ബേങ്കിംഗ് പരിസരത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്.