Connect with us

siraj editorial

നടപ്പാക്കാനായാല്‍ നല്ല തീരുമാനം

ഭരണ രംഗത്ത് കര്‍ശന ചട്ടങ്ങള്‍ പാലിക്കാനുള്ള തീരുമാനത്തിലാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന സി പി എം. സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണത്തിലും ദൈനംദിന പ്രവര്‍ത്തനത്തിലും പാര്‍ട്ടി കീഴ്ഘടകങ്ങളുടെ ഇടപെടല്‍ ഒഴിവാക്കുകയാണ് അതില്‍ മുഖ്യം

Published

|

Last Updated

കേരളത്തില്‍ ഇടതു മുന്നണി കൈവരിച്ച തുടര്‍ഭരണം ഭാവിയിലും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഭരണ രംഗത്ത് കര്‍ശന ചട്ടങ്ങള്‍ പാലിക്കാനുള്ള തീരുമാനത്തിലാണ് ഭരണത്തിനു നേതൃത്വം നല്‍കുന്ന സി പി എം. സംസ്ഥാന സര്‍ക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണത്തിലും ദൈനംദിന പ്രവര്‍ത്തനത്തിലും പാര്‍ട്ടി കീഴ്ഘടകങ്ങളുടെ ഇടപെടല്‍ ഒഴിവാക്കുകയാണ് അതില്‍ മുഖ്യം. അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തണം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കായി ആനുകൂല്യം പ്രതീക്ഷിച്ച് ശിപാര്‍ശ ചെയ്യരുത്. ജില്ലാ കമ്മിറ്റിക്കു താഴെയുള്ള ഒരു കമ്മിറ്റിയും സര്‍ക്കാറിന് നേരിട്ടു കത്തെഴുതരുത്. സ്ഥലംമാറ്റം മാനദണ്ഡ പ്രകാരമായിരിക്കണം നടക്കേണ്ടത്. ബാഹ്യ താത്പര്യങ്ങള്‍ക്കനുസരിച്ചാകരുത്. സ്വയം അധികാര കേന്ദ്രങ്ങളാകാന്‍ ആരെയും അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം അടങ്ങിയതാണ് ലോക്കല്‍ – ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി സി പി എം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ “പാര്‍ട്ടിയും ഭരണവും’ എന്ന മാര്‍ഗരേഖ.

തുടര്‍ ഭരണമാകുമ്പോള്‍ സര്‍ക്കാറിനെയും പാര്‍ട്ടിയെയും ദുഃസ്വാധീനത്തിന് വിധേയമാക്കാന്‍ ശ്രമങ്ങളുണ്ടായേക്കാം. അതിന് വഴങ്ങരുതെന്ന് തുടര്‍ഭരണം സോവിയറ്റ് യൂനിയനിലും ബംഗാളിലും പാര്‍ട്ടിക്കുണ്ടാക്കിയ വിനകള്‍ ചൂണ്ടിക്കാട്ടിയാണ് മാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നത്. സ്വയം അധികാര കേന്ദ്രമാകുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും. അത്തരം പ്രവണതകളെ നേരിടാന്‍ കഴിയണം. വ്യക്തിഗത താത്പര്യങ്ങളും വിദ്വേഷങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകരുത്. മണല്‍, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഈ മേഖലയില്‍ അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പാലിച്ചു മുന്നോട്ടു പോയാല്‍ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നും തുടര്‍ ഭരണങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയം വേണ്ടെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു മാര്‍ഗരേഖ.

ഭരണപരമായ പല ആനുകൂല്യങ്ങളുടെ ലഭ്യതയിലും നിയമ നടപടികളിലും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വ്യത്യസ്ത രീതി ഒരു പതിവു നടപ്പുരീതിയായി മാറിയിട്ടുണ്ട് കക്ഷിരാഷ്ട്രീയ ഭരണത്തില്‍ പൊതുവെ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് സി പി എം നേതാക്കളോ സജീവ പ്രവര്‍ത്തകരോ ആണെങ്കില്‍ സര്‍ക്കാര്‍ നിയമ വ്യവസ്ഥയനുസരിച്ച് കേസ് കൈകാര്യം ചെയ്യുന്നതിനു പകരം അധികാരത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തി അവരെ രക്ഷപ്പെടുത്തുകയും പ്രതിസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതിയോഗികളാണെങ്കില്‍ കര്‍ശനമായ നിയമ നടപടിക്ക് വിധേയരാക്കുകയും ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ സി ബി ഐയുടെ അന്വേഷണം തടയാന്‍ പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടിക്കണക്കിനു രൂപ ചെലവഴിച്ചപ്പോള്‍, രാഷ്ട്രീയ പ്രതിയോഗികളുടെ കേസുകളില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു വരുത്തുന്നു. ഇതൊരു കക്ഷിയുടെ മാത്രം ശൈലിയല്ല. നേരത്തേ യു ഡി എഫ് ഭരണത്തില്‍ അന്നത്തെ ഭരണകക്ഷികളും നടത്തിയിട്ടുണ്ട് സമാനമായ ക്രമക്കേടുകള്‍. കേരളത്തില്‍ കാലങ്ങളായി രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ന്നു വരുന്നതില്‍, കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ഭരണകക്ഷികളുടെ വഴിവിട്ട കളികള്‍ക്ക് വലിയ പങ്കുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം കാലങ്ങളായി തുടരുന്നതാണ്. നിയമനം പി എസ് സിക്ക് വിടാതെ, ജീവനക്കാരെ താത്കാലികമായി നിയമിക്കുകയും പിന്നീട് പത്ത് വര്‍ഷം താത്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുകയെന്ന പേരില്‍ അവര്‍ക്ക് സ്ഥിരം നിയമനം നല്‍കുകയും ചെയ്യുന്നു. ഒഴിവു വരുന്ന തസ്തികകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്ന തന്ത്രമാണിത്. ഏത് സര്‍ക്കാറിന്റെ കാലത്തുമുണ്ടാകും അധികാരത്തിന്റെ ഇടനാഴികകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭരണകക്ഷിയിലെ കുറെ പേര്‍. അവരുടെ ഇംഗിതം നടപ്പാക്കുക അധികാരത്തിലിരിക്കുന്നവരുടെ ഒരു രാഷ്ട്രീയ ബാധ്യതയാണെന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇതവസാനിച്ചെങ്കില്‍ മാത്രമേ തൊഴില്‍ രംഗത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് പരിഗണന ലഭിക്കുകയുള്ളൂ.

ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നത് ഭരണത്തിലെ ദുഃസ്വാധീനങ്ങളുടെ ഫലമാണെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നുണ്ട്. അവിടെ മൂന്നര പതിറ്റാണ്ടോളം തുടര്‍ച്ചയായി ഭരണം ഇടതു പക്ഷത്തിന്റെ കരങ്ങളില്‍ വന്നപ്പോള്‍, അതിന്റെ ഗുണഫലങ്ങള്‍ ഏറെയും അനുഭവിച്ചത് ഭരണകക്ഷിയാണ്, വിശിഷ്യാ സി പി എം നേതാക്കളും അണികളുമാണ്. നേതാക്കളില്‍ വലിയൊരു പങ്കിനും ബഹുനില കെട്ടിടങ്ങള്‍, ബേങ്ക് ബാലന്‍സ്, ഭൂമി, അധികാരം. അണികള്‍ക്ക് ജോലി, ആനുകൂല്യങ്ങള്‍, സുരക്ഷ. മറ്റുള്ളവര്‍ നല്ലൊരു വീടും തൊഴിലും ആരോഗ്യപരമായ സുരക്ഷയും ലഭിക്കാതെ പ്രയാസത്തിലും. ഇതായിരുന്നു ബംഗാളിന്റെ സ്ഥിതി. വികസനമെന്നാല്‍ പാര്‍ട്ടി വളര്‍ത്തല്‍ മാത്രമായി. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്തവരെ പിന്തിരിപ്പന്മാരും മൂരാച്ചികളും സി ഐ എ ഏജന്റുമാരുമായി മുദ്രയടിക്കപ്പെട്ടു. കായികമായി അവരെ നേരിടുകയും ചെയ്തു. എന്നാല്‍ ബംഗാളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. ഇവിടെ അടിസ്ഥാന വിദ്യാഭ്യാസവും വികസനവുമുണ്ട്. ജനങ്ങള്‍ക്ക് രാഷ്ട്രീയ ബോധവും ജനാധിപത്യപരമായ പ്രതികരണ ശേഷിയുമുണ്ട്. ഒരു പാര്‍ട്ടിക്കും അന്ധമായി വിധേയപ്പെടാതെ സ്വതന്ത്രമായി ചിന്തിക്കുകയും സമ്മതിദാനാവകാശം രേഖപ്പെടുത്തുകയും ചെയ്യുന്നവരാണ് കേരളീയരില്‍ നല്ലൊരു പങ്കും. ഇതറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ഇടതു സര്‍ക്കാറിന് ഒരു പക്ഷേ അടുത്ത തവണയും അധികാരം നിലനിര്‍ത്താനായേക്കും. ഇത്തവണ ഇടതുപക്ഷം തുടര്‍ഭരണം നേടിയത് പാര്‍ട്ടികളുടെ രാഷ്ട്രീയമായ സ്വാധീനം കൊണ്ടല്ല, ഒന്നാം ഊഴത്തില്‍ പിണറായി സര്‍ക്കാറിന് കുറേയൊക്കെ നന്നായി ഭരിക്കാനും ജനോപകാര പദ്ധതികള്‍ നടപ്പാക്കാനും സാധിച്ചതു കൊണ്ടാണ്. ഇതിനിടയിലും പാര്‍ട്ടി തലത്തില്‍ നിന്നുണ്ടായ ദുഃസ്വാധീനത്തിനു വഴിപ്പെട്ടുവെന്ന ആരോപണം ഉയരുകയും സര്‍ക്കാറിന്റെ ഇമേജിനെ അത് ബാധിക്കുകയും ചെയ്തുവെന്ന കാര്യം പാര്‍ട്ടി നേതൃത്വവും ഭരണ നേതൃത്വവും ഓര്‍ത്തിരിക്കേണ്ടതുണ്ട്.

Latest