Kerala
സ്വര്‍ണക്കടത്ത് കേസ്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
പോലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്.

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. വിവാദ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഇന്ന് ആദ്യമായി കോട്ടയത്ത് പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രിക്ക് സാധാരണയില്‍ കവിഞ്ഞ സുരക്ഷയാണ് ഒരുക്കിയത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം നഗരത്തിലെത്തിയത്.
വേദിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി അടച്ച് കനത്ത പോലീസ് ബന്തവസ്സ് ഏര്‍പെടുത്തി. പരിപാടി നടക്കുന്ന മാമ്മന്‍മാപ്പിള ഹാളിന് മുന്നിലും വന്‍ പോലീസ് സംഘം നിലയുറപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. പാസ്സില്ലാതെ വേദിയില്‍ പ്രവേശനം അനുവദിച്ചില്ല. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ വേദിയില്‍ എത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. റോഡരികില്‍ കിടന്ന വാഹനങ്ങള്‍ ക്രൈയിന്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.
പോലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്ത് പേര്‍, ദ്രുതകര്‍മസേനയുടെ എട്ടുപേരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി മറ്റു ജില്ലകളിലേക്ക് കടക്കുമ്പോള്‍ 40 അംഗ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. മറ്റു ജില്ലകളില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അധികമായി ഒരു പൈലറ്റ് എസ്‌കോര്‍ട്ടുമുണ്ടാകും.