Kerala
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്തും; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ബസുകളില്‍ ജീവനക്കാരാക്കാന്‍ അനുവദിക്കില്ല: മന്ത്രി കെ ബി ഗണേഷ് കുമാര്‍
20 കോടിയോളം രൂപ മുടക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നും മന്ത്രി

കൊച്ചി | സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അപകടത്തിനുമെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസുകളുടെ സമയത്തില്‍ നഗരങ്ങളില്‍ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളില്‍ 10 മിനുട്ടിന്റെ വ്യത്യാസവും കൊണ്ടുവരാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി റോഡ് സേഫ്റ്റി അതോറിറ്റി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, മയക്ക് മരുന്ന് കേസുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പെട്ടിട്ടില്ലായെന്ന പോലീസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികളില്‍ നിയമിക്കാന്‍ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
റോഡില്‍ പലയിടങ്ങളിലായി ജിയോ ഫെന്‍സിങ് സ്ഥാപിക്കുന്നത് വഴി വാഹനങ്ങള്‍ കടന്നുപോകാന്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കാന്‍ കഴിയും. ഇതിലൂടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കുമെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു. ധനകാര്യവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടിയോളം രൂപ മുടക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉടനീളം ഉള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ് സ്റ്റേഷനുകളും നവീകരിക്കും. 108 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ 340 ബസ്സുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി ധനകാര്യവകുപ്പില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ കളക്ഷന്‍ എട്ടരക്കോടികളം രൂപയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു
എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്‌റ്റ്വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. കെ എസ് ആര്‍ ടി സി യുടെ 90,000 പ്രീപെയ്ഡ് കാര്‍ഡുകള്‍ വിറ്റ് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട് കണ്‍സഷന്‍ കാര്‍ഡുകള്‍ ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി കൈമാറുമെന്നും മന്ത്രി പറഞ്ഞു.