Connect with us

nepal crisis

നേപ്പാളിൽ കുൽമാൻ ഗിസിംഗിനെ ഇടക്കാല സർക്കാറിന്റെ തലവനായി നിർധേശിച്ച് ജെൻ സി പ്രക്ഷോഭകർ

ഇടക്കാല സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറേഷൻ Z പ്രക്ഷോഭകാരികൾക്കിടയിൽ അഭിപ്രായവ്യത്യാസം

Published

|

Last Updated

കാഠ്മണ്ഡു | പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചതിനെ തുടർന്ന്, നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറേഷൻ Z പ്രക്ഷോഭകാരികൾക്കിടയിൽ അഭിപ്രായവ്യത്യാസം. ഇടക്കാല സർക്കാരിന്റെ തലവനായി മുൻ നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ചീഫ് കുൽമാൻ ഗിസിംഗിന്റെ പേര് ഒരു വിഭാഗം പ്രക്ഷോഭകർ നിർദ്ദേശിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാർക്കിക്ക് അയോഗ്യതയുണ്ടെന്ന് വാദിച്ചാണ് ഈ നീക്കം. നേരത്തെ, ആയിരക്കണക്കിന് ജെൻ സി പ്രക്ഷോഭകർ സുശീല കാർക്കിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാൽ, മുൻ ചീഫ് ജസ്റ്റിസുമാർക്ക് പ്രധാനമന്ത്രിയാകാൻ ഭരണഘടനപരമായി വിലക്കുള്ളത് അദ്ദേഹത്തിന് തിരിച്ചടിയായി. സർക്കാറിന്റെ തലപ്പത്തേക്ക് നിർദേശിക്കപ്പെട്ട മറ്റൊരു പ്രമുഖൻ ബൊലേന്ദ്ര സാഹ് ഈ സ്ഥാനത്തേക്ക് തനിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

“ബൊലേന്ദ്ര സാഹ് താൽപ്പര്യം കാണിക്കാത്തതുകൊണ്ടും, ധരൻ മുനിസിപ്പാലിറ്റി മേയർ ഹർക്ക് സമ്പാങ്ങിന് എല്ലാവരെയും നയിക്കാൻ കഴിയില്ലെന്നതുകൊണ്ടും, സുശീല കാർക്കിക്ക് അയോഗ്യതയുള്ളതുകൊണ്ടും എല്ലാവർക്കും പ്രിയങ്കരനായ, ദേശസ്നേഹിയായ എഞ്ചിനീയർ കുൽമാൻ ഗിസിംഗിനെ ഇടക്കാല സർക്കാരിനെ നയിക്കാൻ അയയ്ക്കാൻ തീരുമാനിച്ചു” – ജെൻ സി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ പതിറ്റാണ്ടുകളായി വലച്ച, 18 മണിക്കൂർ വരെ നീണ്ട വൈദ്യുതി മുടക്കം അവസാനിപ്പിച്ചതിലൂടെയാണ് 54-കാരനായ ഗിസിംഗ് ഏറെ പ്രശസ്തനായത്. ഝാർഖണ്ഡിലെ ജംഷഡ്പൂരിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ അദ്ദേഹം ഫുൾ സ്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കി.

സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെയുള്ള പ്രതിഷേധമായാണ് നേപ്പാളിൽ ‘ജനറേഷൻ Z മുന്നേറ്റം’ ആരംഭിച്ചത്. പിന്നീട് ഇത് അഴിമതി, സ്വജനപക്ഷപാതം, യുവജനങ്ങൾക്കുള്ള തൊഴിലില്ലായ്മ എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി മാറുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി ശർമ ഒലിക്ക് രാജിവെക്കേണ്ടി വന്നു.

പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 34 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Latest