Connect with us

editorial

ഗസ്സ: വെടിനിര്‍ത്തല്‍ ചതിയായിരുന്നുവോ?

വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ച് നില്‍ക്കാന്‍ ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഉത്തരവാദിത്വം മാധ്യസ്ഥ്യ രാജ്യങ്ങള്‍ ഏറ്റെടുക്കണം. വെസ്റ്റ് ബാങ്കിലെ ഭൂമിക്കൊള്ള അവസാനിപ്പിക്കണം. തകര്‍ന്നടിഞ്ഞ ഗസ്സ പുനര്‍നിര്‍മിക്കുകയെന്ന ഭാരിച്ച ദൗത്യം അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ പൂര്‍ത്തിയാക്കണം.

Published

|

Last Updated

സമാധാന പ്രതീക്ഷകളുടെ വെളിച്ചമുള്ള ദിനങ്ങള്‍ ഗസ്സയില്‍ വീണ്ടും അസ്തമിക്കുകയാണോ? അവിടെ ഉയര്‍ന്ന ആഹ്ലാദവും ആശ്വാസവും അല്‍പ്പായുസ്സാകുകയാണോ? ലോകത്തിന്റെ മുഴുവന്‍ രോഷവും പ്രതിഷേധവും ഇസ്‌റാഈലിലെ നെതന്യാഹു സര്‍ക്കാറിനെതിരെയും എല്ലാ ക്രൂരതകള്‍ക്കും കൂട്ടുനില്‍ക്കുന്ന ട്രംപ് ഭരണകൂടത്തിനെതിരെയും ഉയര്‍ന്നപ്പോള്‍ തത്കാലം തടിയൂരാന്‍ നടത്തിയ നീക്കം മാത്രമായിരുന്നു വെടിനിര്‍ത്തലെന്ന് ആശങ്കപ്പെടേണ്ട വാര്‍ത്തകളാണ് ഗസ്സയില്‍ നിന്ന് വരുന്നത്. ഗസ്സയില്‍ മാത്രമല്ല, വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ മനുഷ്യക്കുരുതി തുടരുകയാണ്. ഇസ്‌റാഈല്‍ സൈന്യം നേരിട്ട് നടത്തുന്ന ആക്രമണങ്ങള്‍ ഒരു വശത്ത്. ഇസ്‌റാഈലിന്റെ താത്പര്യത്തിലും സാമ്പത്തിക, സൈനിക സഹായത്തിലും പ്രവര്‍ത്തിക്കുന്ന മിലീഷ്യകള്‍ നടത്തുന്ന അതിക്രമങ്ങള്‍ മറുവശത്ത്. മിലീഷ്യകളും ഹമാസും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ചൂണ്ടിക്കാട്ടി പുതിയ വാദഗതികളുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ജനതയെ കൊല്ലാന്‍ ഹമാസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് ട്രംപിന്റെ കണ്ടുപിടിത്തം. ഗസ്സയിലെ അരക്ഷിതാവസ്ഥയുടെയും കരാര്‍ ലംഘനങ്ങളുടെയും ഉത്തരവാദിത്വം ഹമാസില്‍ കെട്ടിവെക്കാനുള്ള നീക്കമാണിത്.

ആയുധമെടുത്താല്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിരിക്കുന്നു.
ഫലത്തില്‍, രണ്ട് വര്‍ഷം നീണ്ട വംശഹത്യയുടെയും നിതാന്ത ഭയത്തിന്റെയും പലായനത്തിന്റെയും നാളുകള്‍ അവസാനിച്ച് ഇത്തിരി സ്വസ്ഥതയിലേക്ക് നീങ്ങാനാകുമെന്ന ഗസ്സയിലെ മനുഷ്യരുടെ പ്രതീക്ഷ മങ്ങുകയാണ്. ഇന്നലെയും അവിടെ വ്യോമാക്രമണം നടന്നു. വടക്കന്‍ ഗസ്സയില്‍ രണ്ട് പേരടക്കം 11 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 11 പേരെയാണ് വധിച്ചത്. വെടിനിര്‍ത്തല്‍ കരാറിലെത്തി എട്ട് ദിവസം പിന്നിടുമ്പോഴേക്കും ഇസ്‌റാഈല്‍ സൈന്യം 50ലധികം പേരെ വധിച്ചിരിക്കുന്നുവെന്നാണ് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് വിശ്വസിച്ച് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് നേരെയാണ് ഐ ഡി എഫ് ആക്രമണം അഴിച്ചുവിടുന്നത്. ഗസ്സാ സിറ്റിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബു ശഅ്ബാനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സൈതൂനില്‍ വെച്ച് ആക്രമണം നടന്നത്. കരാര്‍ പ്രകാരമുള്ള യെല്ലോ ലൈന്‍ മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈലിന്റെ വാദം. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ അതിര്‍ത്തി രേഖയില്‍ ഇസ്‌റാഈല്‍ സൈന്യം എവിടെയാണ് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അറിയാനുള്ള സൗകര്യം ഫലസ്തീനികള്‍ക്കില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

സമാധാന കരാര്‍ നിലവില്‍ വന്നതിന് ശേഷവും ഗസ്സയുടെ 53 ശതമാനം പ്രദേശവും ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തുടരുകയാണ്. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫാ ഇടനാഴി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ക്ഷാമബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് വേണ്ടത്ര കുടിവെള്ളം പോലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം യു എന്‍ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് ശേഷം പ്രതിദിനം ശരാശരി 560 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗസ്സയിലേക്ക് എത്തിക്കുന്നതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചത്. ക്ഷാമം നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറഞ്ഞ അളവാണിത്.

വെടിനിര്‍ത്തല്‍ ചതിയായിരുന്നുവെന്ന നിരീക്ഷണം ശരിവെക്കുന്നതാണ് ഈ സംഭവങ്ങളെല്ലാം. ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ നെതന്യാഹുവിന് മേല്‍ ആഭ്യന്തര സമ്മര്‍ദം അതിശക്തമായിരുന്നു. 65,000ലേറെ ഫലസ്തീനികളെ കൊന്നുതള്ളിയിട്ടും ഒരു ബന്ദിയെപ്പോലും മോചിപ്പിക്കാനായില്ലെന്നത് ഇസ്‌റാഈലിന്റെ ആഘോഷിക്കപ്പെട്ട സൈനിക ശക്തിയിലുള്ള വിശ്വാസം തകര്‍ത്തു കളഞ്ഞിരുന്നു. ഇറാന്റെ ആക്രമണം കൂടിയായപ്പോള്‍ ഇസ്‌റാഈല്‍ ജനത കടുത്ത അരക്ഷിതാവസ്ഥയിലായി. ഇരട്ട പൗരത്വമുള്ളവര്‍ നാടുവിട്ട് പോകുന്നതില്‍ വരെ കാര്യങ്ങളെത്തി. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ബന്ദികളെ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിക്കാതെ നെതന്യാഹുവിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. ഐ സി സി അറസ്റ്റ് വാറന്റ്അടക്കമുള്ള നിയമക്കുരുക്കുകളും യു എന്‍ പൊതുസഭാ സമ്മേളനത്തിലനുഭവിച്ച മാനക്കേടും ലോകത്താകെയുയര്‍ന്ന ഇസ്‌റാഈല്‍ ഭീകരവിരുദ്ധ പ്രക്ഷോഭങ്ങളും വെടിനിര്‍ത്തല്‍ അനിവാര്യമാക്കിയെന്നതാണ് വസ്തുത. ഒപ്പം ട്രംപിന്റെ നൊബേല്‍ ആഗ്രഹവും. യുദ്ധം അവസാനിപ്പിച്ച പ്രസിഡന്റെന്ന പ്രതിച്ഛായക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലായിരുന്നുവല്ലോ അദ്ദേഹം.

ഇങ്ങനെ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ പ്ലാനിലും വന്‍ ചതിക്കുഴികള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഗസ്സയുടെ ഭരണം ഗസ്സക്കാരില്‍ നിന്ന് പിടിച്ചെടുത്ത് ട്രംപിന്റെയും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും ചരടനുസരിച്ച് നീങ്ങുന്ന ഇടക്കാല സംവിധാനത്തെയാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്. ഫലത്തില്‍ നിയന്ത്രണം ഇസ്‌റാഈലിന്റെ കൈയില്‍ തന്നെയാണ്. സുരക്ഷാ ചുമതലയാകട്ടെ സംയുക്ത സ്റ്റബിലൈസേഷന്‍ ഫോഴ്‌സിനായിരിക്കും. ഇതും സയണിസ്റ്റ് രാഷ്ട്രത്തിന്റെ നിയമവിരുദ്ധ ഇടപെടലിന് വഴിവെക്കുമെന്നുറപ്പാണ്.

അതുകൊണ്ട് വെടിനിര്‍ത്തല്‍ കരാറില്‍ ഉറച്ച് നില്‍ക്കാന്‍ ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഉത്തരവാദിത്വം മാധ്യസ്ഥ്യ രാജ്യങ്ങള്‍ ഏറ്റെടുക്കണം. വെസ്റ്റ് ബാങ്കിലെ ഭൂമിക്കൊള്ള അവസാനിപ്പിക്കണം. തകര്‍ന്നടിഞ്ഞ ഗസ്സ പുനര്‍നിര്‍മിക്കുകയെന്ന ഭാരിച്ച ദൗത്യം അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ പൂര്‍ത്തിയാക്കണം. അതിനെല്ലാം വെടിയൊച്ച നിലക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും വേണം. ജനുവരിയില്‍ സാധ്യമായ വെടിനിര്‍ത്തല്‍ അട്ടിമറിച്ച് ഏകപക്ഷീയ ആക്രമണം തുടങ്ങിയതിന്റെ അനുഭവം മുമ്പിലുണ്ട്. ബന്ദികളെ വിട്ടുകിട്ടിയ സ്ഥിതിക്ക് നെതന്യാഹു കൂടുതല്‍ അപകടകാരിയായേക്കാം. താന്‍ അനുഭവിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര പ്രതിസന്ധികളെ മറികടക്കാന്‍ ചോരയുടെ വഴി മാത്രമാണല്ലോ നെതന്യാഹു തേടുക. ഇത്തവണ അതിന് അനുവദിക്കരുത്.

Latest