Connect with us

From the print

ഗസ്സ പ്രതിസന്ധി ലോക സമാധാനം തകർക്കും

ആശങ്ക പ്രകടിപ്പിച്ച് ഇ യു ജീവനക്കാരുടെ കത്ത്

Published

|

Last Updated

ബ്രസ്സൽസ് | ഫലസ്തീനികളുടെ ദുരവസ്ഥയിൽ യൂറോപ്യൻ യൂനിയന്റെ തുടർച്ചയായ നിസ്സംഗതയിൽ ആശങ്ക പ്രകടിപ്പിച്ച് സംഘടനയിലെ ഇരുന്നൂറിലധികം ജീവനക്കാർ. അടിസ്ഥാന മൂല്യങ്ങൾക്കും സമാധാനം പ്രോ ത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിനും വിരുദ്ധമാണ് ഗസ്സാ വിഷയത്തിൽ യൂനിയൻ സ്വീകരിക്കുന്നതെന്നാണ് ഇവർ ഒപ്പിട്ട കത്തിൽ പറയുന്നത്. യൂനിയൻ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും ജീവനക്കാരാണ് കത്തിൽ ഒപ്പിട്ടത്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള പൗരന്മാരെന്ന നിലയിലാണ് യൂനിയന്റെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് ഒപ്പിട്ടതെന്ന് 211 ജീവനക്കാർ കത്തിൽ വ്യക്തമാക്കുന്നു. ഗസ്സയിൽ വെടിനിർത്താൻ ഔദ്യോഗികമായി യൂനിയൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ ശക്തമായി അപലപിച്ചാണ് കത്ത് ആരംഭിക്കുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത്രയധികം വാചാലരായ, യൂറോപ്പിനെ മനുഷ്യാവകാശങ്ങളുടെ വിളക്കുമാടമെന്ന് വിശേഷിപ്പിക്കുന്ന യൂനിയന്റെ നേതാക്കൾ, ഗസ്സയിലെ പ്രതിസന്ധിയെക്കുറിച്ച് പെട്ടെന്ന് നിശബ്ദരായത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് കത്തിൽ ഒപ്പിട്ട സംഘത്തിലെ പ്രധാനിയായ സെനോ ബെനെറ്റി പറഞ്ഞു.
വംശഹത്യാ കൺവെൻഷൻ പ്രകാരം ഫലസ്തീനികൾ നേരിടുന്ന അപകടസാധ്യത വ്യക്തമാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജനുവരിയിലെ വിധിയും കത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഫലസ്തീനികളുടെ ദുരവസ്ഥയോടുള്ള നിരന്തര നിസ്സംഗത ലോകസമാധാനം തകർക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരതയുടെ സാക്ഷികളായ തങ്ങളുടെ പിൻതലമുറക്കാർ പുതിയൊരു യൂറോപ്പ് സൃഷ്ടിച്ചത് ഇത്തരം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഒഴിവാക്കാനായിരുന്നു.
നൂറ് ഒപ്പുകൾ മാത്രമാണ് പ്രതീക്ഷിച്ചതെങ്കിലും കത്തിന്റെ ഉള്ളടക്കം അറിഞ്ഞതോടെ കൂടുതൽ ജീവനക്കാർ ഒപ്പിടാൻ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. ഇത്തരമൊരു കത്ത് ഫലസ്തീൻ അനുകൂലമായി ചിത്രീകരിക്കേണ്ടെന്നും അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങളെ അപകടപ്പെടുത്തുന്നതിനെതിരായി മാത്രമാണെന്നും ദ ഗാർഡിയൻ പുറത്തുവിട്ട കത്തിൽ ജീവനക്കാരുടെ പ്രതിനിധികൾ വ്യക്തമാക്കി.

Latest