Kerala
ഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട്; പ്രതി അറസ്റ്റില്‍
ഇരവിപേരൂര്‍ വള്ളംകുളം കോഴിമല അനു ഭവന്‍ വീട്ടില്‍ സിപ്ലി എന്ന സുധീഷ് (40) ആണ് അറസ്റ്റിലായത്.

തിരുവല്ല | ഒഡീഷ സ്വദേശിയുമായി കഞ്ചാവ് കൈമാറ്റ ഇടപാടില്‍ ഏര്‍പ്പെട്ടയാളെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂര്‍ വള്ളംകുളം കോഴിമല അനു ഭവന്‍ വീട്ടില്‍ സിപ്ലി എന്ന സുധീഷ് (40) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി ഭാഗത്തു നിന്നാണ് ഇയാളെ തിരുവല്ല പോലീസ് പിടികൂടിയത്.
ഒഡീഷ സ്വദേശിയായ അജിത്ത് ചിഞ്ചണി (27)യുമായാണ് സുധീഷ് കഞ്ചാവ് ഇടപാട് നടത്തിയത്. അജിത്തില്‍ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നു. 2019 ല്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്.
തിരുവല്ല-കാട്ടൂക്കര റോഡില്‍ കെ എസ് ആര്‍ ടി സിക്ക് സമീപം വച്ചാണ് ഒഡീഷ സ്വദേശിയെ കഞ്ചാവുമായി ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടിയത്. രണ്ട് ബാഗുകളിലായി മാസ്‌കിങ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ഏഴു പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദിവസങ്ങളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
കഞ്ചാവ് തിരുവല്ലയില്‍ ഉള്ള ഒരാള്‍ക്ക് വില്‍പനക്കായി എത്തിച്ചതാണെന്ന് ഒഡീഷ സ്വദേശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് നടത്തിയ വിശദാന്വേഷണത്തിലാണ് സുധീഷ് മുമ്പ് വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റും ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തില്‍ രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്യുകയും, ഫോണ്‍ പരിശോധിക്കുകയും ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ് ഐ. ജി ഉണ്ണികൃഷ്ണന്‍, ഗ്രേഡ് എസ് ഐ. സനില്‍, പ്രൊബേഷന്‍ എസ് ഐ. ജയ്‌മോന്‍, എ എസ് സി. വിനീത്, എസ് സി പി ഒമാരായ സുശീല്‍ കുമാര്‍, ഷാനവാസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.