Connect with us

Siraj Article

ഫാസിസ്റ്റ് കാലത്താണ് ഗാന്ധിയെ വായിക്കേണ്ടത്

ജനാധിപത്യ വിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്വം ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുക എന്നതാണ്. കാരണം, രാജ്യത്ത് ഹിന്ദുത്വ ഫാസിസം വളര്‍ന്നത് ഹിന്ദു മതത്തോടുള്ള വിശ്വാസം കൊണ്ടല്ല. മറിച്ച് ഇന്ത്യന്‍ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണ് എന്ന ലളിത യുക്തിയിലേക്ക് വിശ്വാസികളെ എത്തിക്കാന്‍ ആര്‍ എസ് എസിന് കഴിയുന്നതു കൊണ്ടാണ്. അവര്‍ പ്രത്യക്ഷ രാഷ്ട്രീയത്തേക്കാള്‍ ആര്‍ഷ ഭാരതത്തിലെ സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങളെ സാധാരണ ഹൈന്ദവ വിശ്വാസികളില്‍ എത്തിക്കുന്നു. പിന്നീട് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു

Published

|

Last Updated

ലോക ചരിത്രത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ചില സമാനതകള്‍ കാണാം. അതിലൊന്ന് ആരംഭകാലത്തെ ജനപ്രിയ നീക്കങ്ങളാണ്. മഹാ ഭൂരിപക്ഷത്തെ തങ്ങളുടെ വംശീയ ബോധത്തിലേക്ക് ആവാഹിച്ചെടുക്കുന്ന ഒരു തരം മാന്ത്രികത. 2014ല്‍ രാജ്യത്തെ ജനങ്ങളോട് നരേന്ദ്ര മോദി പറഞ്ഞത് “രാജ്യത്ത് നല്ല നാളുകള്‍ വരാറായി’ എന്നാണ്. മോദി എന്ന രാഷ്ട്രീയ വ്യക്തി പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ ഹിംസയുടെ വിശാല മാനങ്ങള്‍ 2002ലെ ഗുജറാത്ത് കലാപ കാലത്ത് രാജ്യം കണ്ടതാണ്. എന്നിട്ടും രാജ്യത്തെ ജനങ്ങള്‍ക്ക് ആ ശബ്ദത്തിലെ അപകട സൂചനകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ വിശാലതയിലേക്ക് വലിയ ശതമാനം ജനത്തെ എത്തിക്കാത്തതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. അതിനെ ബലപ്പെടുത്തി നിര്‍ത്തുന്നുണ്ട് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വത്തിന്റെ വംശീയ വേരുകള്‍. അത് ഏതൊക്കെ വഴിയിലൂടെ വളര്‍ന്നു എന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഹിന്ദു മഹാസഭയുടെ ചരിത്രം പറയുന്നുണ്ട്. ഒടുവില്‍ മഹാത്മാ ഗാന്ധിയെ വധിച്ചതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര മണ്ഡലം ലോകത്തിന് മുമ്പില്‍ സംശയരഹിതമായി വെളിവാക്കപ്പെട്ടു. തുടര്‍ന്നുള്ള അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളും സാമൂഹിക ഇടപെടലും രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

2014ന് ശേഷം മോദി അധികാരത്തില്‍ വന്നതോടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഭീതി നിറഞ്ഞ നാളുകളിലൂടെയാണ്. നാഷനല്‍ സോഷ്യലിസം എന്ന പേരില്‍ അധികാരത്തില്‍ എത്തിയ ഹിറ്റ്‌ലറെ പോലെ മോദിയുടെ നല്ല നാളുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഒന്നൊന്നായി ഇളക്കിയെടുത്ത് പകരം ഫാസിസത്തിന്റെ അധികാരത്തെ സ്ഥാപിച്ചെടുക്കുകയാണ്. ഈ അതീവ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാന്‍ കഴിയാത്ത വിധം രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തളര്‍ന്നു പോകുന്നുണ്ട്. അതിന്റെ അടിസ്ഥാന കാരണം, ഫാസിസം എവിടെയും എന്ന പോലെ ഇന്ത്യയിലും അതിന്റെ അധികാരത്തെ ഉറപ്പിച്ചെടുക്കാന്‍ വംശീയത പോലെ ശക്തമായ തീവ്ര മതബോധത്തെയാണ് ഉപയോഗിക്കുന്നത്. അതിനെ അതേ തലത്തില്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്ന് ഇന്ത്യയില്‍ ഉണ്ടെന്നത് നാം മറന്നു പോകുന്നു. അതിനെ വീണ്ടെടുക്കാന്‍ ഈ ഫാസിസ്റ്റ് കാലത്ത് ഗാന്ധിജിയെ ആഴത്തില്‍ വായിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ ഫാസിസത്തിന്റെ തനിനിറം സവര്‍ണാധികാരഘടനയുടെ ഭാഗമായ ഹിന്ദുത്വയാണ്. അതില്‍ തന്നെ ഹിന്ദു എന്നു പറയുന്ന പൊതുസംജ്ഞയില്‍ ജാതിയാല്‍ പുറന്തള്ളപ്പെട്ടവര്‍ ഹിന്ദുത്വത്തിന്റെ ഇരകളാണ്. ഈ വിഷയത്തില്‍ ഗാന്ധിജിയുടെ ആദ്യകാല സമീപനങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇന്ന് നാം ഗാന്ധിയെ വായിക്കുന്നത് അത്തരം വിയോജിപ്പുകളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിക്കൊണ്ടാണ്. അത്രമാത്രം വിഭാഗീയതയിലേക്ക് മതത്തെ ഭരണകൂടം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഇതിനെതിരെ ഗാന്ധിയന്‍ സമീപനങ്ങളെ ഉപയോഗിക്കാന്‍ കഴിയുന്നത് ഗാന്ധിജിയുടെ മതവിചാരത്തിലെ ബഹുസ്വരത നൈതികമായി ജന ജീവിതത്തെ വിഭാഗീയതയിലേക്ക് നയിക്കുന്നില്ല എന്നതുകൊണ്ടാണ്. അവിടെ മതം ഒരാളുടെ സ്വകാര്യതയായും അതുവഴി സ്വയം നവീകരിക്കാനുള്ള വഴിയായും ഗാന്ധിജി തിരിച്ചറിയുന്നുണ്ട്. ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ നിര്‍വചിക്കാന്‍ പറഞ്ഞാല്‍ അഹിംസാ മാര്‍ഗത്തിലൂടെ സത്യത്തെ അന്വേഷിക്കുക എന്നാണ് ഞാന്‍ പറയുക എന്ന് ഗാന്ധിജി പറയുന്നുണ്ട്. എന്നാല്‍ ആ ഹൈന്ദവതയെ ബഹുസ്വരതയുടെ നാനാതരത്തിലുള്ള വിശ്വാസ പ്രമാണങ്ങളെ നിരാകരിക്കുന്നതിനായി ഹിന്ദുത്വം ഉപയോഗിച്ചു കഴിഞ്ഞു. ഇതിന്റെ ആത്യന്തിക ലക്ഷ്യം ഹിന്ദുത്വ രാഷ്ട്ര നിര്‍മാണമാണ്. അവിടെ മതത്തിന്റെ ആത്മീയ തലങ്ങള്‍ സ്വയം നവീകരണത്തിന്റെയോ സാമൂഹിക പുരോഗതിയുടെയോ ഭാഗമല്ല. ഗാന്ധിജിയെ സംബന്ധിച്ച് മോക്ഷത്തിലേക്കുള്ള മാര്‍ഗം സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള നിരന്തരമായ സേവനത്തിലൂടെയും അതുവഴി മനുഷ്യ സേവനത്തിലൂടെയുമാണ്. എന്നാല്‍ ഹിന്ദുത്വത്തിന്റെ അവകാശികളായി വാഴുന്നവര്‍ തങ്ങളുടെ സേവനം രാജ്യത്തെ പൂര്‍ണ ഫാസിസത്തിലേക്ക് നയിക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ്.

ഇത്തരം സാഹചര്യങ്ങളില്‍ ജനാധിപത്യ വിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്വം ഇന്ത്യയിലെ മതങ്ങളെ പറ്റി പഠിക്കുകയല്ല. മറിച്ച് ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുക എന്നതാണ്. കാരണം, രാജ്യത്ത് ഹിന്ദുത്വ ഫാസിസം വളര്‍ന്നത് ഹിന്ദു മതത്തോടുള്ള വിശ്വാസം കൊണ്ടല്ല. മറിച്ച് ഇന്ത്യന്‍ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണ് എന്ന ലളിത യുക്തിയിലേക്ക് വിശ്വാസികളെ എത്തിക്കാന്‍ ആര്‍ എസ് എസിന് കഴിയുന്നതു കൊണ്ടാണ്. അവര്‍ പ്രത്യക്ഷ രാഷ്ട്രീയത്തേക്കാള്‍ ആര്‍ഷ ഭാരതത്തിലെ സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങളെ സാധാരണ ഹൈന്ദവ വിശ്വാസികളില്‍ എത്തിക്കുന്നു. പിന്നീട് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ സൂക്ഷ്മ ആത്മീയ വ്യാപാരത്തെ പ്രതിരോധിക്കാന്‍ ഹൈന്ദവ ദേശീയത എന്ന ഹിന്ദുത്വ നിര്‍മിതിയെ തകര്‍ക്കേണ്ടതുണ്ട്. അതാകട്ടെ ഭൗതിക യുക്തി കൊണ്ട് വിജയിപ്പിച്ചെടുക്കുക എളുപ്പവുമല്ല. കാരണം, ഇന്ത്യന്‍ ജനത അത്രമാത്രം വിശ്വാസ, ആചാര ക്രമങ്ങളില്‍ വലയം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെ മറികടക്കാന്‍ ദാരിദ്ര്യത്തെ മാറ്റണം. വിഭാഗീയമായ മത ചിന്തകള്‍ക്കപ്പുറത്താണ് ചര്‍ക്കയുടെ സ്ഥാനം എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ചര്‍ക്ക എന്നത് അധ്വാനത്തിന്റെ പ്രതീകമാണ്. രാമക്ഷേത്രവും കുംബമേളയും പ്രധാന അജന്‍ഡയാകുമ്പോള്‍ ദാരിദ്ര്യത്തെ എളുപ്പത്തില്‍ മറച്ചു പിടിക്കാന്‍ കഴിയുന്നു.

ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തീവ്ര ഹിന്ദുത്വത്തിന്റെ ഭാഗമാണ്. അതു വഴി അവര്‍ രൂപാന്തരപ്പെടുത്തിയ ഹൈന്ദവ ദേശീയതയില്‍ അവര്‍ണ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഇതര മത വിശ്വാസികളുടെ ഭൗതികവും ആത്മീയവുമായ ജീവിതം അരക്ഷിതാവസ്ഥയിലാണ്. ഇതിനെ ജനാധിപത്യപരമായി മറികടക്കാന്‍ ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാന തത്വങ്ങളെ പൊതുജീവിതത്തിന്റെ ഭാഗമാക്കണം. “ശാശ്വത സത്യങ്ങളെ നമ്മുടെ ദൈനംദിന ജീവിതത്തിലും അതിന്റെ പ്രശ്‌നങ്ങളിലും എന്റേതായ എളിയ രീതിയില്‍ പ്രയോഗിച്ചു നോക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്’ എന്ന ഗാന്ധിജിയുടെ വാക്കിന്റെ പ്രസക്തി ഏറെയാണ്. ആ അര്‍ഥത്തില്‍ മാനവികതയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് ഗാന്ധിയന്‍ ചിന്താധാരകള്‍ വളരുന്നുണ്ട്.
വേദനിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ മുറിവുകള്‍ വ്രണമായി മാറുകയാണ്. അവിടെ ഫാസിസത്തിനെതിരായി മാറേണ്ടവരില്‍ മാനവികത ഉന്നതമായി നില്‍ക്കേണ്ടതുണ്ട്. വിശ്വാസപരമായ വിഭിന്ന സരണികളെ ഉള്ളറിഞ്ഞ മനുഷ്യ സമ്പര്‍ക്കം കൊണ്ട് മറികടക്കാന്‍ കഴിയണം. അതാണ് വിഭജനത്തിന്റെ ചോരച്ചാലില്‍ ഗാന്ധിജി നിര്‍വഹിച്ചത്. മനുഷ്യ പ്രകൃതിയുടെ ആന്തരിക തലത്തിലെ നന്മയെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. അവിടെ ഭരണകൂട അധികാരത്തിന്റെ ലഹരിയിലേക്ക് വീഴാതെ മതവും ജാതിയും നോക്കാതെ അപരന്റെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി. ആ ധാര്‍മികതയില്‍ മതത്തിന്റെ, വിശ്വാസത്തിന്റെ, ആചാരത്തിന്റെ വൈവിധ്യങ്ങളെ മറികടക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് മനുഷ്യത്വം കൊണ്ടാണ്. ഫാസിസത്തിന്റെ അജന്‍ഡയില്‍ മനുഷ്യത്വം എന്ന വാക്കില്ല. മനുഷ്യന്‍ മൗലികമായി നന്മയാണ് എന്ന തിരിച്ചറിവാണ് ആ തലത്തിലേക്ക് ഗാന്ധിജിയെ ഉയര്‍ത്തിയത്. എന്നാല്‍ തങ്ങളെ സംബന്ധിച്ച് അത് അങ്ങേയറ്റം അപകടകരമായ രീതിയാണ് എന്ന് 1947ല്‍ ഫാസിസം മനസ്സിലാക്കിയതിന്റെ ഫലമാണ് ഗാന്ധിവധം.

ഇന്ന് ആ ശക്തി രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ഉന്മൂലനം ചെയ്യുകയാണ്, അതേ തീവ്ര മതചിന്തയെ മുന്‍നിര്‍ത്തി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ബഹുസ്വരതയെയും നാനാത്വത്തെയും നില നിര്‍ത്താന്‍ ഗാന്ധിജിയെ വായിക്കേണ്ടതുണ്ട്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമാണ്.