International
നിരാശയോടെ ഫ്രാന്‍സ് മടങ്ങി; അണ്ടര്‍ 17 ലോക കിരീടം ജര്‍മനിക്ക്
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം

സുരകാര്‍ത്ത | അണ്ടര്‍ 17 ലോകകപ്പ് കലാശപ്പോരില്‍ ഫ്രാന്‍സിനെ കീഴടക്കി ജര്‍മനി. തങ്ങളുടെ ആദ്യ അണ്ടര്‍ 17 ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിത 90-മിനിറ്റില്‍ ഇരുടീമുകളും രണ്ട് ഗോള്‍വീതമടിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് ജര്‍മനിയുടെ ജയം. രണ്ടാം ലോകകിരീടം മോഹിച്ചെത്തിയ ഫ്രാന്‍സിന്റെ കൗമാരനിര നിരാശയോടെ മടങ്ങി
ആറുമാസം മുമ്പ് നടന്ന അണ്ടര്‍ 17 യൂറോ ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ജര്‍മനി ചാമ്പ്യന്മാരായിരുന്നു. ഒരു വര്‍ഷം തന്നെ അണ്ടര്‍ 17 ലോക കിരീടവും യൂറോ കിരീടവും നേടുന്ന ആദ്യ ടീമായി ഇതോടെ ജര്‍മനി. ജര്‍മനിക്കായി പാരിസ് ബ്രണ്ണര്‍ (പെനാല്‍റ്റി -29ാം മിനിറ്റില്‍), നോഹ ഡാര്‍വിച് (51) എന്നിവരാണ് വലകുലുക്കിയത്. സൈമന്‍ നദെല്ല ബോബര്‍ (53ാം മിനിറ്റില്‍), മാത്തിസ് അമോഗൗ (85ാം മിനിറ്റില്‍) എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടി.
മത്സരത്തിന്റെ 69ാം മിനിറ്റില്‍ ഫ്രഞ്ച് താരത്തെ പിന്നില്‍നിന്ന് ഫൗള്‍ ചെയ്തതിന് ജര്‍മനിയുടെ വിന്നേഴ്‌സ് മാര്‍ക്ക് ഒസാവെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ആദ്യ പകുതി ജര്‍മനിക്കായിരുന്നു ആധിപത്യമെങ്കില്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്.ഷൂട്ടൗട്ടില്‍ ആദ്യ അഞ്ചു കിക്കുകളില്‍ ജര്‍മനിയും ഫ്രാന്‍സും 3-3 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെ സഡന്‍ ഡെത്തിലേക്ക്. ആദ്യം കിക്കെടുത്ത ഫ്രാന്‍സ് താരത്തിന്റെ ഷോട്ട് ജര്‍മന്‍ ഗോളി തടുത്തിട്ടു. പിന്നാലെ കിക്കെടുത്ത ജര്‍മന്‍ താരം പന്ത് വലയിലാക്കി. സെമി ഫൈനലില്‍ ജര്‍മനി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ തോല്‍പിച്ചപ്പോള്‍ മാലിയെ 3-1ന് തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിച്ചത്.