National
അഴിമതി: പഞ്ചാബ് മുന്‍ വനംമന്ത്രി അറസ്റ്റില്‍
കോണ്‍ഗ്രസ് നേതാവായ സദ്ദു സിംഗ് ധരംസേട്ടാണ് പിടിയിലായത്

ചണ്ഡിഗഢ്| അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ വനംമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സദ്ദു സിംഗ് ധരംസേട്ട് അറസ്്റ്റില്‍. മന്ത്രിയായിരിക്കെ മരംമുറിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സംസ്ഥാന വിജിലന്‍സാണ് സദ്ദുവിനെ അറസ്റ്റ് ചെയ്തത്.
ഡി എഫ് ഒ ഗുര്‍മന്‍പ്രീത് സിംഗിനെ വിജിലന്‍സ് ബ്യൂറോ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ധരംസേട്ടിന്റെ അറസ്റ്റ്. അറസ്റ്റിലായ ഡി എഫ് ഒയും കരാറുകാരന്‍ ഹമ്മിയും വനം വകുപ്പില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സദ്ദുവിന്റെ അറസ്റ്റ്. അറസ്റ്റിലായ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി മുന്‍ മന്ത്രിക്ക് ബന്ധമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
25,000ത്തിലധികം മരങ്ങള്‍ അനധികൃതമായി വെട്ടിമാറ്റിയ സംഭവത്തില്‍ ധരംസേട്ടിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു പഞ്ചാബി ദിനപത്രത്തിലെ ഖന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടറും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.