National
മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്ത എന്‍ എസ് ജി മുന്‍ കമാന്‍ഡോ മയക്ക് മരുന്ന് കള്ളക്കടത്ത് കേസില്‍ അറസ്റ്റില്‍
കഞ്ചാവ് കള്ളക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായിരുന്ന ബജ്‌റംഗ് സിംഗിനെ ബുധനാഴ്ച രാത്രി ചുരുവില്‍ നിന്നാണ് പിടികൂടിയത്

പാറ്റ്‌ന | മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ എന്‍എസ്ജി മുന്‍ കമാന്‍ഡോ അറസ്റ്റിലായി. സിക്കാര്‍ സ്വദേശിയായ ബജ്‌റംഗ് സിംഗ് ആണ് രാജസ്ഥാനില്‍ അറസ്റ്റിലായത്. ഇയാള്‍ മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്.
കഞ്ചാവ് കള്ളക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായിരുന്ന ബജ്‌റംഗ് സിംഗിനെ ബുധനാഴ്ച രാത്രി ചുരുവില്‍ നിന്നാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സമയം ഇയാളില്‍ നിന്നും 200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നു ഐജി വികാസ് സിംഗ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സും (എഎന്‍ടിഎഫ്) നടത്തിയ ‘ഓപ്പറേഷന്‍ ഗഞ്ജനി’യുടെ ഭാഗമായി രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പത്താം ക്ലാസിനു ശേഷം ബജ്‌റംഗ് സിംഗ് പഠനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ആറടി ഉയരവും ഉറച്ച ശരീരഘടനയുമുള്ള ബജ്‌റംഗ് സിംഗിനെ ബിഎസ്എഫിലെടുത്തു.പഞ്ചാബ്, ആസാം, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് അദ്ദേഹത്തെ എന്‍എസ്ജിയിലേക്ക് തെരഞ്ഞെടുത്തത്. ഏഴ് വര്‍ഷം അദ്ദേഹം എന്‍എസ്ജി കമാന്‍ഡോ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ 26/11 ഭീകരവിരുദ്ധ ഓപ്പറേഷന്‍ അദ്ദേഹം പങ്കെടുത്തു.